മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കിട്ടുന്ന അവസരത്തിനായി കാത്തിരിക്കുന്നവരാണ് പലരും. ഇപ്പോഴിതാ 32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലില്ലാണ് അശോകൻ. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.
1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം അമരത്തിലാണ് അശോകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഇരുവരും എത്തിയത് മുക്കുവവേഷത്തിലാണ്. അശോകന് പുറമേ മുരളി, മാതു, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച് 32 വർഷങ്ങൾ പോയത് അറിഞ്ഞില്ലെന്നാണ് അശോകൻ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
പിഷാരടിയുടെ ‘ഗാനഗന്ധർവ്വൻ’ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. പക്ഷേ അതിൽ കോമ്പിനേഷൻ സീൻസ് ഇല്ലായിരുന്നു. ഇടയ്ക്ക് നമ്മൾ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നുവെന്ന ഫീൽ ഒന്നുമില്ല.
നൻപകൽ നേരത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി. ത്രില്ലിലായി പോയി. കുറേ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം ഒരുപാട് ഉണ്ടായിരുന്നു. അതേസമയം മമ്മൂട്ടിക്കും ഇത്രയും വർഷത്തെ ഗ്യാപ്പ് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല എന്ന് തന്നെയാണ് പറയുന്നത്.
മുപ്പത് വർഷം പോയത് പോലും അറിഞ്ഞില്ല. ഇപ്പഴും ഞങ്ങൾ കടപ്പുറത്ത് ഉറങ്ങിയതും, കപ്പലണ്ടി കഴിച്ചതും മുറുക്കി നടന്നതുമെല്ലാം ഓർമ്മയുണ്ട്. രാവിലെ തന്നെ കോസ്റ്റ്യൂമൊക്കെ ഇട്ട് ഞങ്ങൾ പുറത്ത് ഇറങ്ങും. ഷൂട്ടിംഗ് തുടങ്ങുന്നത് വരെ ഞങ്ങൾ ലൊക്കേഷനിൽ പോയിരിക്കും. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തും അങ്ങനെ തന്നെയായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്.