നടിമാരുടെ പ്രശ്‌നം സിനിമ ഇല്ലാത്തത്, ലാലേട്ടന്റെ മെക്കിട്ട് കയറരുത്, ഡബ്ല്യൂസിസിക്ക് ബാബുരാജിന്റെ താക്കിത്

21

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയും വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവും തമ്മിലുള്ള യുദ്ധം തെരുവിലേക്ക് എത്തിയിരിക്കുന്നു. സമവായത്തിനുള്ള ശ്രമങ്ങളെല്ലാം നടത്തിയ ശേഷവും പറ്റിക്കപ്പെട്ടു എന്ന തിരിച്ചറിവില്‍ നിന്നാണ് നടിമാര്‍ അമ്മയ്ക്ക് എതിരെ തുറന്നടിച്ചത്. അമ്മ വിളിച്ച അനുനയ ചര്‍ച്ചയില്‍ സംഭവിച്ചതെല്ലാം അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.

Advertisements

മോഹന്‍ലാലിനേയും ബാബുരാജിനേയും ഇടവേള ബാബുവിനേയും പേരെടുത്ത് പറഞ്ഞ് തന്നെ നടിമാര്‍ വിമര്‍ശിച്ചു. ആക്രമിക്കപ്പെട്ട നടിയെ വ്യക്തിപരമായി അധിക്ഷേപിച്ചത് അടക്കം പുറത്ത് വന്നു. ബാബുരാജ് നടിയെ ചൂടുവെളളത്തില്‍ വീണ പൂച്ച എന്ന് വിളിച്ചുവെന്ന് പാര്‍വ്വതിയാണ് വെളിപ്പെടുത്തിയത്. ഡബ്ല്യൂസിസിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടന്‍ ബാബുരാജ് രംഗത്ത് വന്നിട്ടുണ്ട്. നടിമാരെ തിരിച്ചും കടന്നാക്രമിക്കുകയാണ് ബാബുരാജ്. തങ്ങള്‍ ഈ ഓലപ്പാമ്ബ് കണ്ട് പേടിച്ച്‌ മിണ്ടാതിരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് ബാബുരാജ് നിലപാട് വ്യക്തമാക്കിയത്.

ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

ആക്രമിക്കപ്പെട്ട പെണ്‍കുട്ടി സുഹൃത്തിനേയും സഹോദരിയേയും പോലെയാണ്. ആ കുട്ടിയുമായി താന്‍ നിരന്തരം ഫോണില്‍ സംസാരിച്ച്‌ കൊണ്ടിരുന്നതാണ്. ഇപ്പോള്‍ ഒരു മാസത്തോളമായി ആ കുട്ടിയോട് സംസാരിക്കുന്നില്ല. കാരണം തനിക്കും ഭയമായി. ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്ന് അറിയില്ല ചേട്ടാ എന്നാണ് ആ കുട്ടി പറഞ്ഞത്. നടിമാര്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ താന്‍ ആ കുട്ടിയുടെ ഭാഗത്ത് നിന്നാണ് സംസാരിച്ചത്. ഒരു കാര്യം തുറന്ന് പറയാം. ആ കുട്ടി തന്റെ ചങ്കാണ്. സഹോദരിയാണ്.

ആ കുട്ടിക്ക് ഫൈറ്റ് ചെയ്യുന്ന ആളാണ് താന്‍ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാല്‍ ഓടും എന്നത് താന്‍ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്. അത് തെറ്റായ രീതിയില്‍ അല്ല പറഞ്ഞത്. ആ കുട്ടിക്ക് എന്ത് തള്ളണം എന്ത് കൊള്ളണം എന്ന് അറിയില്ല എന്ന അര്‍ത്ഥത്തില്‍ പറഞ്ഞതാണ്. എല്ലാത്തിനും ഞങ്ങളുടെ കയ്യില്‍ വീഡിയോ റെക്കോര്‍ഡ് ഉണ്ട്. അന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഡബ്ല്യസിസി അംഗങ്ങള്‍ ആയിട്ടല്ല അവര്‍ വന്നത്, അമ്മ അംഗങ്ങള്‍ ആയിട്ടാണ്.

എന്താണ് പറഞ്ഞതെന്ന് വീഡിയോയില്‍ ഉണ്ട്. ആ കു്ട്ടിയെ പിന്തുണച്ച്‌ പറഞ്ഞത് പോലും തെറ്റിദ്ധരിക്കപ്പെടുന്നതില്‍ വിഷമമുണ്ട്. ആരോപണം ഉന്നയിച്ച പാര്‍വ്വതിന്റെ ആ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം അറിയാത്തത് കൊണ്ടായിക്കാം. ഇതിനകത്ത് ആ നടിമാര്‍ക്ക് വ്യക്തമായ ഒരു അജണ്ടയുണ്ടെന്നാണ് തോന്നുന്നത്. ആ കുട്ടിയെ ഞങ്ങളില്‍ നിന്ന് അകറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഞങ്ങളുടെ സംഘടനയില്‍ നിന്നും ആ കുട്ടിയോട് വ്യക്തിപരമായി അടുത്ത് നില്‍ക്കുന്ന താനും ആസിഫ് അലിയും രചനാ നാരായണന്‍ കുട്ടിയും അടക്കമുളളവരെ അകറ്റിയ ശേഷം അവരുടെ ആളായി കൊണ്ട് നടക്കുക എന്നതാണ് ലക്ഷ്യം. അതിന് അവര്‍ക്ക് അവരുടേതായ ഉദ്ദേശങ്ങളുണ്ടാകും. പ്രസിഡണ്ടായ ലാലേട്ടന്‍ നടി എന്ന് വിളിച്ചെന്ന് പറയുന്നു. അതിലെന്താണ് തെറ്റുള്ളത്. തന്റെ ഭാര്യ ഒരു നടിയാണ്. ഡോക്ടറെ ഡോക്ടര്‍ എന്ന് വിളിക്കുന്നതില്‍ കുഴപ്പമുണ്ടോ.

എത്രയോ വീടുകളില്‍ ഭാര്യ ഭര്‍ത്താവിനെ മാഷേ എന്നും തിരിച്ച്‌ ടീച്ചറേ എന്നും വിളിക്കുന്നു. അതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ. ഏതെങ്കിലും തൊഴിലിന് അങ്ങനെ കുഴപ്പമുണ്ടോ. ലാലേട്ടന്റെ മെക്കിട്ട് എന്തും പറഞ്ഞങ്ങ് കയറാം എന്ന് ധരിക്കുന്നത് തെറ്റാണ്. അദ്ദേഹം അമ്മ സംഘടനയുടെ പ്രസിഡണ്ടായിപ്പോയി എ‌ന്നൊരു തെറ്റ് മാത്രമേ ചെയ്തുളളൂ. അതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ മെക്കിട്ട് കയറുന്നത്. അയാള്‍, അദ്ദേഹം എന്നൊക്കെയാണ് അവര്‍ വിളിച്ചത്. അത് തെറ്റാണ്.

ഇനിയിപ്പോള്‍ സംഘടനയില്‍ നിന്ന് കൊണ്ട് മിണ്ടാതിരിക്കാന്‍ തീരുമാനിച്ചിട്ടില്ല. നാലോ അഞ്ചോ പേര്‍ക്ക് വേണ്ടി പത്ത് നാന്നൂറാളുകള്‍ സഹിക്കുക എന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. ആ കുട്ടി സംസാരിച്ച പല കാര്യങ്ങളും ഞങ്ങള്‍ക്ക് അറിയാം. ഇവര്‍ പറയുന്നു തങ്ങള്‍ വോയിസ് ക്ലിപ്പ് കേള്‍പ്പിച്ചു എന്ന്. ആ കുട്ടി സംസാരിച്ച കാര്യങ്ങള്‍ ഞങ്ങളുടെ അടുത്തുമുണ്ട്. അതൊന്നും ഈ അവസരത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.

അത് ഉപയോഗിച്ച്‌ മാര്‍ക്കററ് ചെയ്യാനോ ഞങ്ങളുടെ സംഘടനയെ വലുതാക്കാനോ ആഗ്രഹിക്കുന്നില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം ആളുകളും ആ കുട്ടിക്ക് വേണ്ടി ചങ്ക് കൊടുക്കാന്‍ തയ്യാറാണ്. അല്ലാതെ ഇവര്‍ കാണിക്കുന്നത് പോലുളള പ്രഹസനങ്ങളൊന്നുമല്ല. ദിലീപിന്റെ വിഷയം ജനറല്‍ ബോഡി എടുത്ത തീരുമാനമാണ്. ബൈലോ പ്രകാരം അത് തിരുത്താനുള്ള അവകാശം അടുത്ത ജനറല്‍ ബോഡിക്ക് മാത്രമാണുളളത്. അവര്‍ക്ക് ബൈലോ മനസ്സിലാക്കാത്തത് കൊണ്ടാണ്.

സൊസൈറ്റി ആക്‌ട് പ്രകാരം ഉണ്ടാക്കിയിട്ടുളള ഒരു സംഘടനയാണ്. തോന്നിയത് പോലെ ചെയ്യാന്‍ പറ്റില്ല. ലാലേട്ടനോ ഇടവേള ബാബുവിനോ ഒന്നും ചെയ്യാനാകില്ല. 24ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിക്കണം എന്നും ഒരു അസാധാരണമായ ജനറല്‍ ബോഡി വിളിക്കണമെന്നും നേരത്തെ തീരുമാനിച്ചതാണ്. അതിനിടയില്‍ ഇവര്‍ ഓലപ്പാമ്ബ് പോലെ ഓരോരുത്തര്‍ ആരോപണം ഉന്നയിക്കുന്ന ശരിയല്ല. അമ്മ 50 ലക്ഷം ദുരിതാശ്വാസത്തിന് കൊടുത്തതോ ഇനി 10 കോടി സ്വരൂപിക്കാന്‍ ഷോ നടത്തുന്നതോ ഒന്നുമല്ല ഇവരുടെ പ്രശ്‌നം.

നടിമാര്‍ ആദ്യം കത്ത് തന്ന സമയം പ്രളയദുരിതത്തിന് നടുവില്‍ ആയിരുന്നു. അതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. ആര്‍ക്ക് വേണ്ടിയാണ് ഇതൊക്കെ. ഇരയായ നടിക്ക് വേണ്ടിയാണ് എന്ന് പറയുന്നത് പോലും വിശ്വസിക്കാനാവില്ല. ഇതിനകത്ത് വ്യക്തമായ അജണ്ടയുണ്ട്. തന്നെയും അമ്മയില്‍ നിന്ന് പുറത്താക്കിയതാണ്. അതിന് ശേഷമാണ് തിലകന്റെ വിഷയം. തന്നെ ജനറല്‍ ബോഡി പുറത്താക്കി ജനറല്‍ ബോഡി തന്നെ തിരിച്ചെടുത്തു. അതാരും പറയുന്നില്ല.

തിലകനെ പുറത്താക്കിയത് ജനറല്‍ ബോഡി കഴിഞ്ഞതിന് ശേഷമാണ്. നടിമാര്‍ക്ക് എന്തോ ഒരു ഫ്രസ്‌ട്രേഷന്‍ ആണ്. എന്തിന് വേണ്ടിയാണ് അതെന്ന് അറിയില്ല. എന്തായാലും അത് ആ കുട്ടിക്ക് വേണ്ടിയല്ല എന്നത് നൂറ് ശതമാനം ഉറപ്പാണ്. ആ കുട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ താന്‍ തയ്യാറാണ്. ഇനി ഇതില്‍ ശിക്ഷിക്കപ്പെട്ടാല്‍ അവനെ വെട്ടി നൂറ് കഷണങ്ങള്‍ ആക്കാനാണെങ്കില്‍ പോലും തയ്യാറാണ്. ആ കുട്ടിക്ക് സംഭവിച്ച കാര്യത്തില്‍ അത്രയും വിഷമമുണ്ട്.

ലാലേട്ടന്‍ തിരക്കുകള്‍ക്കിടയിലും അത്രയും താല്‍പര്യമെടുത്താണ് നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ആദ്യത്തെ 40 മിനുറ്റ് സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് പറയുന്നു. ആ സമയം അവര്‍ അവരുടെ കാര്യങ്ങളാണ് പറഞ്ഞ് കൊണ്ടിരുന്നത്. അവര്‍ക്ക് സിനിമയില്ല എന്നൊക്കെയാണ് പറഞ്ഞത്. അല്ലാതെ ആ കുട്ടിയുടെ കാര്യമല്ല. അതാണ് അവര്‍ക്ക് അജണ്ടയുണ്ടെന്ന് പറഞ്ഞത്. സിനിമ ഇല്ലാത്തതിന് സംഘടന അല്ലല്ലോ കുറ്റക്കാര്‍. എല്ലാത്തിനും സംഘടനയെ കുറ്റം പറയരുത്.

തന്നെ പുറത്താക്കിയ സംഘടന തന്നെ തിരിച്ചെടുത്ത് എക്‌സിക്യൂട്ടീവ് അംഗമാക്കി. അത്രയും സുതാര്യമാണ് സംഘടന. അതിനെ കുറ്റം പറയാന്‍ ഡബ്ല്യൂസിസിക്ക് ഒരു അര്‍ഹതയും ഇല്ല. ചൂട് വെള്ളത്തില്‍ വീണ പൂച്ച എന്ന് പറഞ്ഞതിനെ പോലും ആ കുട്ടിക്ക് മുന്നില്‍ തെറ്റിദ്ധരിപ്പിച്ച്‌ തങ്ങളില്‍ നിന്നും അകറ്റാനാണ് ശ്രമിക്കുന്നത്. താന്‍ നടിമാര്‍ക്കൊപ്പം നിന്നിട്ടും തന്നെത്തന്നെ ഉന്നംവെച്ച്‌ ആരോപണം ഉന്നയിച്ചതില്‍ വളരെ വിഷമം ഉണ്ട് എന്നാണ് ബാബുരാജ് പ്രതികരിച്ചത്.

Advertisement