സിനിമയിലെത്തിയിട്ട് ഏറെ നാളായെങ്കിലും രാക്ഷസൻ എന്ന സൈക്കോ ചിത്രത്തിലെ വേഷത്തിലൂടെയാണ് വിഷ്ണു വിശാൽ ശ്രദ്ധിക്കപ്പെടുന്നത്.
രാക്ഷസൻ തെന്നിന്ത്യയിലൊന്നടങ്കം മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രമായിരുന്നു.
അമല പോൾ ആയിരുന്നു നായികാ വേഷത്തിലെത്തിയത്. ഇതിന്റെ വിജയത്തിന് പിന്നാലെ വിഷ്ണു വിവാഹമോചിതനാകുന്നുവെന്ന വാർത്തയും പുറത്തു വന്നു.
താനും ഭാര്യ രജനി നടരാജും ഒരു വർഷത്തോളമായി വേർപിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു വിഷ്ണു അന്ന് പറഞ്ഞത്.
അതിന് പിന്നാലെ വിവാഹമോചിതനായതിന് ശേഷം വിഷ്ണുവിനെക്കുറിച്ച് ധാരാളം ഗോസിപ്പുകൾ പ്രചരിച്ചു.
ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ. ജ്വാലക്കൊപ്പമുള്ള ചിത്രം വിഷ്ണു ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകൾ പൊട്ടിപ്പുറപ്പെട്ടത്.
തുടർന്ന് ഈ വിഷയത്തിലും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ. ‘ജ്വാലയെ വർഷങ്ങളായി എനിക്കറിയാം.
ഞങ്ങൾക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെടുന്നു.
പ്രണയത്തിലാണോ എന്ന് ചോദിച്ചാൽ, ഈ അവസരത്തിൽ എനിക്ക് അത് പറയാനാകില്ല. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ട്’- വിഷ്ണു പറഞ്ഞു.
നടി അമല പോളുമായി വിഷ്ണു പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിവാഹമോചനം നേടിയത് അമലയ്ക്ക് വേണ്ടിയാണെന്നും ഇരുവരും ഉടനെ വിവാഹിതരാവുമെന്നുമായിരുന്നു പ്രചരണങ്ങൾ.
ഇതിനെതിരേ ശക്തമായ പ്രതികരണവുമായി വിഷ്ണു രംഗത്ത് വരികയും ചെയ്തിരുന്നു.