വിജയ് ചിത്രം ‘സര്‍ക്കാര്‍’ തൊടുത്ത വിവാദം തമിഴ്‌നാട്ടില്‍ രാഷ്ട്രീയ യുദ്ധത്തിന് വഴി തെളിച്ചിരിക്കുകയാണ്. ചിത്രത്തെയും സിനിമ വ്യവസായത്തെയും ചോദ്യം ചെയ്ത് നിരവധി രാഷ്ട്രീയക്കാരാണ് രംഗത്ത് വരുന്നത്.
തമിഴ് സിനിമകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പണത്തിന്റെ ഉറവിടങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ‘സര്‍ക്കാരി’നെതിരെ പരോഷമായി രംഗത്ത് വന്നതിനു പിന്നാലെ ചുട്ടമറുപടിയും മറുചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിശാല്‍. കഴിഞ്ഞ ദിവസം എഐഎഡിഎംകെ ‘ന്യൂസ് ജെ’ എന്ന പേരില്‍ ആരംഭിച്ച വാര്‍ത്ത ചാനലിനെ ചോദ്യം ചെയ്തു കൊണ്ടാണ് വിശാല്‍ പളനിസാമിക്ക് തിരിച്ചടി കൊടുത്തത്.
എംഎല്‍എമാരും എംപിമാരുമൊക്കെ അവരുടെ ശമ്പളം വെച്ച് ന്യൂസ് ചാനല്‍ പോലെയുള്ള വന്‍കിട സംരംഭങ്ങള്‍ എങ്ങിനെ ആരംഭിക്കുന്നുവെന്നായിരുന്നു വിശാലിന്റെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു വിശാലിന്റെ പരാമര്‍ശം.
‘ഒരു വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നതിനാവശ്യമായ മുതല്‍മുടക്കിനെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. നിങ്ങള്‍ എംഎല്‍എമാരും എംപിമാരും മാസശമ്പളം വച്ച് എങ്ങനെയാണ് ഇതുപോലൊരു സംരംഭം ആരംഭിക്കുന്നത്. 2019 നായി കാത്തിരിക്കുന്നു എന്നൊരു രാഷ്ട്രീയ സൂചനയും ട്വീറ്റില്‍ വിശാല്‍ നല്‍കിയിട്ടുണ്ട്.
കമല്‍ ഹാസനും രജനികാന്തും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പശ്ചാത്തലത്തില്‍ വിശാലിന്റെ വെല്ലുവിളി നിസാരമല്ലെന്നാണ് വിലയിരുത്തല്‍. വിരട്ടലും ഭീഷണിയും വേണ്ടെന്ന രജനികാന്തിന്റെയും കമല്‍ഹാസന്റെയും വാക്കുകള്‍കളില്‍ കൃത്യമായ രാഷ്ട്രീയവും പ്രകടമാണ്.
എന്നാല്‍ ഈ വിവാദ പ്രശ്‌നങ്ങളൊന്നും ചിത്രത്തെ അത്ര കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന കണക്കുകകള്‍ സൂചിപ്പിക്കുന്നത്. പുറത്തിറങ്ങി ഏഴുദിവസത്തിനുള്ളില്‍ ചിത്രം 200 കോടി ക്ലബിലിടം നേടി. പല കളക്ഷന്‍ റെക്കോഡും തിരുത്തിക്കുറിച്ച് സര്‍ക്കാര്‍ വിജയകരമായി തന്നെ പ്രദര്‍ശനം തുടരുകയാണ്.