തമിഴകത്തെ യുവ സൂപ്പർതാരവും തമിഴ് നടികർ സംഘം തലവനുമായ താരമാണ് നടൻ വിശാൽ. നിരവധി സൂപ്പർഹിറ്റ് തമിഴ് സിനിമകളിൽ നായകനായിട്ടുള്ള വിശാൽ മലയാളത്തിലും സിനിമകൾ ചെയ്തിട്ടുണ്ട്. വിശാൽ തമിഴ് സിനിമാ സംഘടനയുടെ തലപ്പത്ത് ഇരിക്കവെ തന്നെയാണ് ഈയടുത്ത് സിനിമാ അണിയറ പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌സി വിവാദമായ ഒരു തീരുമാനം വന്നത്. തമിഴ് സിനിമയിൽ തമിഴ്‌നാട്ടുകാർ പ്രവർത്തിച്ചാൽ മതിയെന്ന തീരുമാനമാണ് സംഘടന എടുത്തത്. എന്നാൽ എതിർപ്പ് ശക്തമായതോടെ സംഘടന ഇതിൽ നിന്നും പിന്നോട്ട് പോയി.
ഇപ്പോഴും വിഷയത്തിൽ ചർച്ച തുടരുകയാണ്. ഇതിനിടെ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് തമിഴ് താരം വിശാൽ. തന്റെ പുതിയ ചിത്രമായ മാർക്ക് ആൻറണിയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിശാൽ മനസ് തുറന്നിരിക്കുന്നത്.
തമിഴ് സിനിമയിൽ തമിഴ് നടന്മാരെ അഭിനയിക്കാവൂ, കന്നഡക്കാർ വേണ്ട എന്നൊന്നും ആർക്കും പറയാൻ കഴിയില്ലെന്നാണ് വിശാൽ പറഞ്ഞത്. തന്റെ അഭിപ്രായത്തിൽ ഫെഫ്‌സിയുടെ നിലപാട് പ്രതിഷേധം ഉണ്ടാക്കുന്നതാണ്. രാഷ്ട്രീയക്കാരാണ് ഇതുപോലെ ജാതി, മതം എന്നൊക്കെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഒരോ വിഷയം ഉണ്ടാക്കാറെന്നും വിശാൽ വിമർശിച്ചു.
യഥാർഥത്തിൽ സിനിമ എന്നത് കലാകാരന്മാരുടെ കൂട്ടായ ശ്രമമാണ്. വിജയ് സേതുപതി, സാമന്ത, തമന്ന, പ്രഭാസ്, രശ്മികയൊക്കെ ഹിന്ദിയിൽ അടക്കം അഭിനയിച്ച് തിളങ്ങുന്നുണ്ട്. ഒരു ഭാഷയിലെ താരങ്ങൾക്കെ ഇന്ന ഭാഷയിൽ അഭിനയിക്കാവൂ എന്നതൊന്നും സാധ്യമാകുന്ന കാര്യമല്ലെന്ന് വിശാൽ പ്രതികരിച്ചു.
ഇവിടെ ഓരോരുത്തരുടെ താൽപ്പര്യം അനുസരിച്ചൊന്നും കാര്യങ്ങൾ നടക്കില്ല. ‘എനിക്ക് മലയാള താരം എന്റെ ചിത്രത്തിൽ വേണമെന്ന് തോന്നിയാൽ അയാളെ അഭിനയിക്കാൻ വിളിക്കും. അത് ഒരു സംഘടനയ്ക്കും തടയാൻ സാധിക്കില്ലന്ന് വിശാൽ വ്യക്തമാക്കി.
ഇതിനിടെ, വിശാൽ ചിത്രം മാർക്ക് ആന്റണി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിനായി വിശാൽ നടത്തിയ സ്‌റ്റൈലൻ മേയ്‌ക്കോവർ ആരാധകരെ ആറേ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ ‘മാർക്ക് ആന്റണി’ ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 15ന് റിലീസ് ചെയ്യും.
ചിത്രം ഒരു ടൈം ട്രാവലർ ഗ്യാംങ് സ്റ്റാർ സിനിമയാണ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. അതേ സമയം കോമഡിക്കും ആക്ഷനും ഒരേ പോലെ പ്രധാന്യം നൽകിയിട്ടുണ്ട് എന്നും വ്യക്തമാണ്. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് സിൽക് സ്മിതയെ വീണ്ടും സ്‌ക്രീനിൽ എത്തിക്കുന്നുനുണ്ട് ചിത്രത്തിൽ. ട്രെയിലറിലും സിൽകിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു.
മാർക്ക് ആന്റണി ചിത്രത്തിൽ എസ്‌ജെ സൂര്യ പ്രധാന വേഷത്തിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ഇറങ്ങും. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാറാണ് നിർമ്മാണം.