മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കും ഒരേ പോലെ പ്രിയങ്കരിയായ നടിയാണ് സൗപർണിക സുഭാഷ്. കുട്ടിത്തം വിട്ടുമാറാത്ത മുഖവും വശ്യമായ പുഞ്ചിരിയും അഭിനയ മികവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ടനടിയായി സൗപർണിക വളർന്നത്. കാലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് സൗപർണികയുടെ വരവ്. അത് തന്നെയാകാം രക്തത്തിൽ അഭിനയം കലർന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ എല്ലാ കലാപരിപാടി രംഗങ്ങളിലും സൗപർണിക താരമായിരുന്നു.
പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് തുളസീദാസിന്റെ അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്.
ALSO READ
പിന്നീട് മോഹൻലാലിന്റെ തന്മാത്രയിലും തന്റെ അഭിനയ മികവ് തെളിയിക്കാൻ താരത്തിനായി. സിനിമകളിൽ അഭിനയിച്ച ശേഷമാണ് സീരിയലുകളിലേക്കുള്ള അവസരം സൗപർണികയ്ക്ക് ലഭിക്കുന്നത്. താരത്തിന്റെ ആദ്യ സീരിയൽ പൊന്നൂഞ്ഞാലായിരുന്നു. നെഗറ്റീവും പോസറ്റീവുമായുള്ള നിരവധി കഥാപാത്രങ്ങൾ സൗപർണികയ്ക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. പതിനേഴ് നർഷമായി അഭിനയ രംഗത്തുള്ള സൗപർണിക ഇതുവരെ 85ഓളം സീരിയലുകളിലാണ് അഭിനയിച്ചത്. സീരിയലുകളിൽ തന്നെ ശ്രദ്ധ കൊടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സീരിയൽ ടുഡെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൗപർണിക.
‘സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് തുളസീദാസ് സാർ അവൻ ചാണ്ടിയുടെ മകനിലേക്ക് ക്ഷണിക്കുന്നത്. പൃഥ്വിരാജാണ് നായകനെന്ന് കേട്ടപ്പോഴെ ത്രില്ലിലായിരുന്നു. വീട്ടിൽ വഴക്കും ബഹളവും കൂടിയാണ് അഭിനയിക്കാനുള്ള സമ്മതം വാങ്ങിയെടുത്തത്.’ ‘പഠനം ഉഴപ്പുമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സമ്മതം ലഭിച്ചിരുന്നില്ല. അവൻ ചാണ്ടിയുടെ മകനിൽ കുറേ ഡയലോഗുകൾ ഉണ്ടായിരുന്നു. കുറെ എഡിറ്റിങിൽ വെട്ടിപ്പോയിയെന്ന് തോന്നുന്നു. തന്മാത്രയിലേത് ചെറിയ കഥാപാത്രമായിരുന്നെങ്കിലും നല്ലതായിരുന്നു.’ ‘എനിക്ക് ഇഷ്ടമാണ് ആ കഥാപാത്രം. സിനിമയെ അപേക്ഷിച്ച് സീരിയലിലേക്ക് വരുമ്പോൾ നമ്മുടെ കുടുംബത്തിലേക്ക് വരുന്നപ്പോലൊരു തോന്നലാണ്. ചെറുപ്പം മുതൽ ഞാൻ കണ്ടുവളർന്നവരാണ് ഏത് സെറ്റിൽ ചെന്നാലും നമ്മളോടൊപ്പം പ്രവർത്തിക്കുന്നത്.’
‘പുതിയതായി സീരിയലിൽ അഭിനയിക്കാൻ എത്തുന്ന പിള്ളേരും പൊളിയാണ്. അവരിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്. ഞാൻ കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.’ ‘അങ്ങനെയുള്ള കഥാപാത്രങ്ങൾ ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോൾ എന്റെ മാതാവിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആ സീരിയലിൽ ശ്രദ്ധേയ വേഷം ചെയ്യുന്ന കുട്ടിയാണ് എലീൻ എലീസ. പലരും അവൾ എന്റെ മകളാണെന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്.”ഞങ്ങൾ രണ്ടുപേരും നല്ല കൂട്ടുകാരാണ്. അവൾക്കും റീൽസ് ചെയ്യാൻ താൽപര്യമാണ്. എന്റെ ഏറ്റവും നല്ല വിമർശകൻ ഭർത്താവാണ്. നന്നായി ചെയ്താൽ നന്നായിയെന്നും മോശമായാൽ അതും തുറന്ന് പറയും.” അതൊരു പ്രോത്സാഹനമാണ്. എഴുത്ത് ഇഷ്ടമായിരുന്നതിനാലാണ് ലോക്ക് ഡൗൺ കാലത്ത് ഷോർട്ട് ഫിലിം പോലുള്ളവ ചെയ്തതും. നല്ല കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യണമെന്ന ആഗ്രഹമുണ്ട്.’
‘അന്ന് സിനിമ ചെയ്യാൻ പോയപ്പോൾ അറിഞ്ഞിരുന്നില്ല ഇനി എന്റെ വഴി അഭിനയമായിരിക്കുമെന്ന് അതാണ് തലവരയെന്ന് പറയുന്നത്’ സൗപർണിക സുഭാഷ് പറയുന്നു. 2013ലാണ് കോഴിക്കോട് സ്വദേശി സുഭാഷ് ബാലകൃഷ്ണനുമായി സൗപർണികയുടെ വിവാഹം നടക്കുന്നത്. സുഭാഷ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ വേഗം പ്രേക്ഷകർക്ക് മനസിലായെന്ന് വരില്ല. അമ്മുവിന്റെ അമ്മ സീരിയലിലെ കിരൺ എന്ന് പറഞ്ഞാലാണ് പ്രേക്ഷകർക്ക് മനസിലാവുക.
ALSO READ
ദൂരദർശന് വേണ്ടി പതിമൂന്ന് എപ്പിസോഡ് സീരിയലിൽ അഭിനയിക്കുമ്പോൾ അതിൽ അഭിനയിച്ച നടി കലാനിലയം കവിതയാണ് സുഭാഷിനുവേണ്ടി സൗപർണ്ണികയെ ആലോചിക്കുന്നത്. എന്നാൽ അന്ന് അതത്ര സീരിയസായില്ലെന്നും പിന്നീട് സുഭാഷിന്റെ പെങ്ങളോട് കവിത സംസാരിക്കുകയും വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തുകയും ചെയ്യുകയായിരുന്നുവെന്നും സൗപർണിക മുമ്പ് പറഞ്ഞിട്ടുണ്ട്.