തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്ന താരങ്ങളാണ് കലാഭവൻ നവാസും നടി രഹ്നയും ഒട്ടനവധി മലയാള ചിത്രങ്ങളിൽ നായിക നായകന്മാരായും സഹതാരങ്ങളായും തിളങ്ങിയ ഇരുവരുടെയും മകളും അടുത്തിടെ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലെത്തിയിരുന്നു. ജയ് ജിതിൻ പ്രകാശ് സംവിധാനം ചെയ്ത കൺഫഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലൂടെയാണ് താരദമ്പതികളുടെ മൂത്ത മകൾ നഹറിൻ നവാസ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്.
മകളെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന് കരുതിയിരുന്നതല്ലെന്നും എല്ലാം ഒത്തുവന്നപ്പോൾ മകൾ അഭിനയിച്ചതാണെന്നും നവാസും ഭാര്യ രഹ്നയും വെളിപ്പെടുത്തി. വിവാഹശേഷം ഭാര്യ സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ചും കുടുംബവിശേഷങ്ങളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് കലാഭവൻ നവാസും കുടുംബവും. വെറുമൊരു കുടുംബിനിയായി ഭാര്യയെ ഒതുക്കിയിട്ടില്ലെന്നും രഹ്നയുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ടെന്നും കലാഭവൻ നവാസ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയാണ് കരിയർ നവാസ് ആരംഭിച്ചത്. തുടക്കകാലത്ത് ഹാസ്യ കഥാപാത്രങ്ങളായിരുന്നെങ്കിൽ പിന്നീട് അഭിനയ പ്രധാന്യമുള്ള വേഷങ്ങളും നവാസ് ചെയ്തിരുന്നു. അനുഭവങ്ങൾ പാളിച്ചകൾ, ദ്വീപ്, കേളി, ആധാരം, ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ്, ദാദ, വാചാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ അബൂബക്കർ നവാസിന്റെ പിതാവാണ്. അടുത്തിടെ ഒരു പരിപാടിയിൽ വെച്ച് പിതാവിന്റെ അപ്രതീക്ഷിത മരണം തന്നെ എങ്ങനെ ബാധിച്ചുവെന്ന് നവാസ് വെളിപ്പെടുത്തിയിരുന്നു.
‘വീണ്ടും സിനിമയും പരിപാടികളുമായി സജീവമായിട്ടുണ്ട്. കൊറോണ കാലത്ത് ചില വർക്കുകൾ ചെയ്ത് വെച്ചിട്ടുണ്ട്. കൂടാതെ നേരത്തെ അഭിനയിച്ച സിനിമകൾ ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്.’ ‘ആരോ, വനിത തുടങ്ങിയവയാണ് ഇനി റിലീസിനെത്താനുള്ള സിനിമകൾ. രഹ്നനെ കുടുംബിനിയായി ഒതുക്കി നിർത്തിയിട്ടില്ല. അവൾ അവളുടേതായ താൽപര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളുണ്ടായപ്പോൾ അവരുടെ കാര്യങ്ങൾ നോക്കുന്ന തിരക്കായിരുന്നു.’ ‘കുടുംബമായി ജീവിക്കുമ്പോൾ അതും പ്രധാനപ്പെട്ടതാണെല്ലോ… കൂടാതെ രഹ്ന ബ്യൂട്ടീഷൻ കോഴ്‌സ്, ഫാഷൻ ഡിസൈനിങ് എന്നിവ പഠിച്ചിട്ടുണ്ട്. ബൊട്ടീക്, ബ്രൈഡൽ മേക്കപ്പ് എന്നിവയും രഹ്ന ചെയ്യുന്നുണ്ട്. വീട്ടിൽ ഒതുങ്ങി കൂടാതെ തിരക്കുള്ള ജീവിതം തന്നെയാണ് രഹ്നയുടേതും’ എന്നും കലാഭവൻ നവാസ് പറഞ്ഞു.
‘കൃഷി ചെയ്യണമെന്ന് തീരുമാനിച്ച് തുടങ്ങിയതല്ല. ആദ്യം പാല് ലഭിക്കുന്നതിന് വേണ്ടി ആട് വളർത്തൽ തുടങ്ങി. പിന്നീട് അത് പച്ചക്കറി കൃഷി, കോഴി വളർത്തൽ എന്നിവയിലേക്കും തിരിഞ്ഞു.’ ‘ഞങ്ങൾക്ക് വേണ്ടതെല്ലാം പറമ്പിൽ ഉൽപ്പാദിപ്പിച്ച് തുടങ്ങി. ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ചെയ്യാനായിരുന്നു ഇഷ്ടം. എല്ലാം വലിച്ച് വാരി ചെയ്യുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. നായികയെക്കാൾ ഇഷ്ടം സഹനടിയായി ചെയ്യാനായിരുന്നു.’ ‘അതിനാൽ അത്തരം കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് ചെയ്തിരുന്നു. ഹീറോയിനായിട്ട് വിളിക്കാൻ വരുമ്പോൾ ഞാൻ ഒഴിവാക്കി വിടുകയായിരുന്നു. സീനിയൽ ആർട്ടിസ്റ്റുകൾക്കൊപ്പം മത്സരിച്ച് അഭിനയിക്കാനായിരുന്നു ഇഷ്ടം. എനിക്ക് സിനിമാ സൗഹൃദങ്ങൾ കുറവാണ്.’
‘നേരിട്ട് കാണുമ്പോഴാണ് കൂടുതലും സൗഹൃദം പുതുക്കുന്നത്. സംയുക്ത വർമയുമായി നല്ല സൗഹൃദം അന്നും ഇന്നുമുണ്ട്. അത് മുറിഞ്ഞ് പോയാലും വീണ്ടും എങ്ങനെയെങ്കിലും സൗഹൃദം കൂടിച്ചേരും.’ ‘വേറെ ആരെയും അധികം വിളിച്ച് സംസാരിക്കാറില്ല. നടൻ മുരളിയുമായും നല്ല ബന്ധമുണ്ടായിരുന്നു. അച്ഛനെപ്പോലെയാണ് കണ്ടിരുന്നത്. കാരുണ്യമായിരുന്നു അദ്ദേഹത്തോടൊപ്പം ചെയ്ത ആദ്യ സിനിമ. എല്ലാവർക്കും അദ്ദേഹത്തെ ഭയമായിരുന്നു. അന്നും ഞാൻ നന്നായി അദ്ദേഹത്തോട് സംസാരിക്കുമായിരുന്നു’ രഹ്ന പറഞ്ഞു. മിമിക്രി താരമായി ശ്രദ്ധിക്കപ്പെടുകയും പിന്നീട് നടനും ഗായകനുമൊക്കെയായി മാറി ശോഭിക്കുകയും ചെയ്തിരുന്നു കലാഭവൻ നവാസ്.