മലയാളത്തിന്റെ യുവ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ ആദ്യത്തെ നായിക എന്ന വിശേഷണത്തിന് ഉടമയാണ് ഗൗതമി നായർ. തുടർന്ന് ഡയമണ്ട് നെക്ലൈസ് ഉൾപ്പടെയുള്ള ചിത്രങ്ങളിൽ മികച്ച വേഷം ചെയ്തു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെ മടങ്ങി എത്തുകയാണ് താരം. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ആദ്യ ചിത്രത്തിൽ നിന്നും കാണാൻ കൊള്ളില്ല എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയതിനെ കുറച്ച് നടി പറയുന്നുണ്ട്.
ആദ്യമായി താൻ ഓഡിഷന് പങ്കെടുത്തത് സെക്കന്റ് ഷോ എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് നടി തുടങ്ങിയത്. ആ സിനിമയുടെ പേര് ഇപ്പോൾ പറയാൻ ആഗ്രഹിയ്ക്കുന്നില്ല. ഫോട്ടോ അയച്ച് കൊടുത്ത ശേഷം ഓഡിഷന് വിളിച്ചു. എന്നാൽ എന്റെ മുഖം കാണാൻ കൊള്ളില്ല എന്ന് പറഞ്ഞ് തിരിച്ച് അയക്കുകയായിരുന്നു.
അതുവരെ സിനിമ എനിക്ക് വലിയ വിഷയം ആയിരുന്നില്ല, ജസ്റ്റ് ഒന്ന് ട്രൈ ചെയ്തതാണ്. കാണാൻ കൊള്ളില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോൾ വലിയ വിഷമം തോന്നി. അപ്പോഴാണ് സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോൾ കാണുന്നത്. നേരത്തെ അയച്ച് കൊടുത്ത അതേ ഫോട്ടോയാണ് ഇവർക്കും അയച്ച് കൊടുത്തത്. ഓഡിഷന് വിളിച്ചു, പോയി, സെലക്ടായി. എന്നെ ഒഴിവാക്കിയ ആ സംഭവം നടന്ന് കൃത്യം ഒരു മാസത്തിന് ശേഷമാണ് ഞാൻ ദുൽഖറിന്റെ നായികയായി വരുന്നു എന്ന് അനൗൺസ് ചെയ്തത്.
സിനിമയിൽ നിന്നും വിട്ടു നിന്നത് മനപൂർവ്വമല്ല എന്നും നടി വ്യക്തമാക്കുന്നുണ്ട്. ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിന് ശേഷം എല്ലാം നല്ല കഥാപാത്രങ്ങൾ വരും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അങ്ങനെ സംഭവിച്ചില്ല. നല്ല റോളുകൾകിട്ടാതായതോടെ അതൊരു ചെറിയ ബ്രെയ്ക്ക് ആയി മാറുകയായിരുന്നു. മേരി ആവാസ് സുനോ എന്ന സിനിമ ചെയ്യുന്നത് തീർത്തും അവിചാരിതമായിട്ടാണ്. കഥപോലും ഞാൻ കേട്ടില്ല. മഞ്ജു ചേച്ചി, ജയേട്ടൻ എന്നിങ്ങനെയുള്ള മികച്ച ക്രൂ ആണെന്ന് കേട്ടപ്പോൾ തന്നെ ഓകെ പറയുകയായിരുന്നു.
സിനിമയിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയ രണ്ട് അനുഭവങ്ങളും എനിക്കുണ്ട്. എല്ലാം തീരുമാനിച്ച് ആദ്യ ദിവസം ലൊക്കേഷനിൽ പോയി. അടുത്ത ദിവസം കോൾ വന്നു, ഇത് ചെറിയ റോൾ അല്ലേ.. ഈ റോൾ ചെയ്യണോ എന്ന് ചോദിച്ചു കൊണ്ട്. ഞാൻ ചെയ്യുന്നില്ല, പക്ഷെ ശരിക്ക് എന്താണ് പ്രശ്നം എന്ന് പറയണം എന്ന് പറഞ്ഞു. നായകൻ പറഞ്ഞുവത്രെ ആ റോളിന് ഞാൻ വേണ്ട എന്ന്.
എന്റെ ഒരു സുഹൃത്ത് ഒരു കഥ വന്ന് പറഞ്ഞു. നായികയായി ഞാനാണ്, മറ്റ് ആരെയും സിനിമയിൽ പരിചയമില്ല, പരിചയപ്പെടുത്തി തരണം എന്ന് പറഞ്ഞു. ഞാനൊരു പ്രൊഡക്ഷൻ ഹൗസിനെ എല്ലാം പരിചയപ്പെടുത്തി കൊടുത്തു. അവർക്ക് കഥയും മറ്റ് കാര്യങ്ങളും നായകനും എല്ലാം ഓകെ, ഒറ്റ പ്രശ്നം നായികയെ മാറ്റണം എന്ന്. അങ്ങനെ അതും പോയി എന്ന് ഗൗതമി പറയുന്നുണ്ട്.