മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുടുംബത്തിലെ പുതുതലമുറയിൽ നിന്ന് മകൻ ദുൽഖർ സൽമാൻ മാത്രമാണ് അഭിനയത്തിലേക്കും സിനിമാ മേഖലയിലേക്കും വന്നിട്ടുള്ളത്. മൂത്ത മകൾ സുറുമി പൂർണ്ണമായും പെയിന്റിങിലും മറ്റുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ആരാധകരിൽ നിന്നടക്കം പല തവണ ഉയർന്നിട്ടുള്ള ചോദ്യമാണ് മഹാനടന്റെ മകളായി ജനിച്ചിട്ടും സുറുമി എന്തുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയില്ല എന്നത്. എല്ലാവരുടേയും സംശയത്തിന് സുറുമി നൽകിയ മറുപടി ക്യാമറയെ ഭയമായതിനാലാണ് അഭിനയത്തിലേക്ക് വരാതിരുന്നത് എന്നാണ്.
ALSO READ
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആരാധകരുടെ എക്കാലത്തേയും സംശയത്തിന് സുറുമി മറുപടി നൽകിയത്. ‘സിനിമ ഇഷ്ടമാണ് എന്നാൽ പേടിയുമാണ്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പേടിയും നാണവുമെല്ലാമാണ്. ഫോട്ടോഗ്രഫി ഏറെ ഇഷ്ടമാണ്. എന്നാൽ അത്ര നല്ല ചിത്രങ്ങളെടുക്കാൻ കഴിയുമോ എന്നറിയില്ല. അതുകൊണ്ട് സിനിമയിൽ ഒരു ഛായാഗ്രാഹകയാകുന്നതിനെ പറ്റിയും ചിന്തിച്ചില്ല.’ ‘ഒരു കാര്യവും ചെയ്യാൻ വാപ്പച്ചി ഞങ്ങളെ നിർബന്ധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞത്. ചെറുപ്പം തൊട്ട് ചിത്രം വരയ്ക്കാൻ ഇഷ്ടമായിരുന്നു. അതാരും എതിർത്തിട്ടില്ല.’ ‘മാത്രമല്ല ഉപരിപഠനത്തിനായി ആർട്സ് എടുത്തപ്പോഴും കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു.’
‘വരയ്ക്കുമ്പോൾ മനസിന് കിട്ടുന്ന ഒരു സംതൃപ്തി മറ്റെന്ത് ചെയ്താലും എനിക്ക് കിട്ടാറില്ല. അതാണ് കോർപറേറ്റ് ലോകത്ത് നിന്നും വിട്ട് നിൽക്കാൻ പ്രേരണയായത്. ദുൽഖറിനെ പറ്റി പറയുകയാണെങ്കിൽ ആർട്ടിനെ വളരെ ഇഷ്ടപ്പെടുന്ന ആളാണ്.’ ‘എവിടെ പോയാലും മനോഹരമായ പെയ്ന്റിങ് വാങ്ങുന്ന സ്വഭാവം ദുൽഖറിനുണ്ട്. ഉമ്മച്ചി നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു. അങ്ങിനെയാണ് മലയാളത്തോട് കൂടുതൽ അടുക്കുന്നത്.’ ‘ഒരു കുടുംബം എങ്ങിനെ കൊണ്ടു പോകണമെന്ന വ്യക്തമായ ധാരണ തന്നതും ഉമ്മച്ചിയാണ്. പഠിച്ചതും വളർന്നതും കേരളത്തിലല്ലെങ്കിലും നാടുമായി ഒരടുപ്പം നിലനിർത്താൻ വാപ്പച്ചിയും ഉമ്മച്ചിയും എപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്നു’ എന്നും സുറുമി പറയുന്നുണ്ട്.
ഇന്ത്യയിലെ മഹാനഗരങ്ങളിലെ പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കി സുറുമി വരച്ച ഏതാനും ചിത്രങ്ങൾ മുമ്പ് വിൽപ്പനയ്ക്ക് വെച്ചിരുന്നു. മമ്മൂട്ടി, സുറുമി, ഭർത്താവ് ഡോ.റെയ്ഹാൻ സയ്യദ് എന്നിവർ ട്രസ്റ്റിമാരായുള്ള വാസ് എന്ന സന്നദ്ധസംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് ചിത്രങ്ങൾ വിറ്റ് ലഭിച്ച പണം ചെലവഴിച്ചത്. മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ സുറുമി വരച്ച പോട്രേറ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. പിതാവിനെ കാൻവാസിലാക്കിയപ്പോഴുള്ള അനുഭവവും സുറുമി പങ്കുവെച്ചിരുന്നു. ‘വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ഇതുവരെ അതിന് മുതിർന്നിട്ടില്ല.’
‘അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇത് വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ഈ പിറന്നാൾ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാകുമെന്ന് എനിക്കുറപ്പുണ്ട്.’ ‘എന്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹത്തെക്കാൾ കൂടുതൽ ആർക്കും അറിയില്ലെന്നാണ്’ സുറുമി പറഞ്ഞത്. ചിത്രരചനയോട് പ്രണയം തോന്നിയപ്പോൾ ആദ്യം അതിനുള്ള വസ്തുക്കൾ വാങ്ങി തന്നത് വാപ്പിച്ചിയാണെന്ന് സുറുമി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സോഷ്യൽമീഡിയകളിൽ സജീവമല്ലാത്ത സുറുമിയുടെ വിശേഷങ്ങൾ സഹോദരൻ ദുൽഖർ സൽമാൻ പങ്കുവെക്കുമ്പോഴാണ് ആരാധകർ അറിയുന്നത്.
ALSO READ
ഇക്കഴിഞ്ഞ ഏപ്രിലിൽ സുറുമിക്ക് പിറന്നാൾ ആശംസിച്ച് ദുൽഖർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. എന്റെ പ്രിയപ്പെട്ട ഇത്തയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് ദുൽഖർ കുറിച്ചത്. ബെസ്റ്റീസ്, ബെസ്റ്റ് ഇത്ത, പാട്നർ ഇൻ ക്രൈം തുടങ്ങിയ ഹാഷ്ടാഗുകൾക്കൊപ്പമായിരുന്നു ദുൽഖർ പ്രിയ സഹോദരിയുടെ ചിത്രങ്ങൾ പങ്കിട്ടത്.