അടുത്തിടെ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് തിയ്യേറ്ററുകളെല്ലാം അടക്കി ഭരിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് ഇറങ്ങിയതോടെ ഇപ്പോള്‍ കൊടൈക്കനാലിലെ ഗുണ കേവും വീണ്ടും വലിയ ചര്‍ച്ചയായി മാറയിരിക്കുകയാണ്.
നേരത്തെ കമല്‍ഹാസന്റെ ഗുണ എന്ന ചിത്രത്തില്‍ ഈ ഗുഹയെ പറ്റി പറയുന്നുണ്ടെങ്കിലും മലയാളികള്‍ ഇതിനെപ്പറ്റി കൂടുതല്‍ അറിഞ്ഞത് മഞ്ഞുമ്മല്‍ ബോയ്‌സ് ഹിറ്റായതോടെയാണ്. നേരത്തെ മോഹന്‍ലാല്‍ ചിത്രവും ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്.
മോഹന്‍ലാല്‍ നായകനായി എത്തിയ ശിക്കാര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് സീനാണ് ഗുണ കേവില്‍ വെച്ച് ഷൂട്ട് ചെയ്തത്. ഇപ്പോഴിതാ അതിന്റെ അനുഭവം പങ്കുവെക്കുകയാണ് അസോസിയേറ്റ് ഡയറക്ടര്‍ വിനോദ് ഗുരുവായൂര്‍. ഗുണ കേവില്‍ വെച്ചുണ്ടായ ഷൂട്ടിംഗ് പേടിയോടെ മാത്രമേ ഓര്‍ക്കാനാവൂ എന്ന് വിനോദ് പറയുന്നു.
അന്നും ഗുണ കേവിലെക്കുള്ള എന്‍ട്രി കമ്പികള്‍ വെച്ച് തടഞ്ഞിരുന്നു. ആര്‍ട്ടിലുള്ള ചിലരാണ് ഒരു ഗ്രില്‍ എടുത്തുമാറ്റിയതെന്നും ഒരു മരത്തില്‍ കയര്‍ കെട്ടി താഴ്ത്തിയാണ് താഴേക്കിറങ്ങാനുള്ള വഴി ഒരുക്കിയതെന്നും ലാലേട്ടനും താഴേക്ക് ഇറങ്ങാന്‍ മുന്നിലുണ്ടായിരുന്നുവെന്നും വിനോദ് പറയുന്നു.
അങ്ങനെ ഷൂട്ടിനായി വന്ന തങ്ങള്‍ ഓരോരുത്തരും താഴേക്കിറങ്ങി. അപകടം സംഭവിച്ചേക്കാമെന്ന ബോധ്യമുണ്ടായിരുന്നുവെന്നും അനന്യയെയും താഴേക്ക് എത്തിച്ചുവെന്നും അവിടമാകെ ചതികള്‍ ഒളിഞ്ഞിരിക്കുന്ന കുഴികളുണ്ടെന്നും ലാലേട്ടന്‍ മരക്കൊമ്പിലെ കയറില്‍ കെട്ടിത്തൂങ്ങി ആടുമ്പോഴോക്കെ പേടിയോടെയാണ് തങ്ങള്‍ നോക്കിക്കണ്ടതെന്നും വിനോദ് പറയുന്നു.
താഴേക്ക് നോക്കേണ്ടെന്ന് ലാലേട്ടന്‍ അനന്യയോടും പറയുന്നുണ്ടായിരുന്നു. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടം വരുത്തി വെച്ചേക്കാമെന്ന പോലെയായിരുന്നുവെന്നും ഡ്യൂപ്പ് പോലുമില്ലാതെയാണ് ലാലേട്ടന്‍ റിസ്‌ക് എടുത്ത് അഭിനയിച്ചതെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.