താര ചക്രവര്‍ത്തി മോഹന്‍ലാല്‍ സമ്മതം മൂളുകയാണെങ്കില്‍ ഇതിഹാസ കഥാപാത്രമായ രാവണന്റെ കഥ സിനിമയാക്കാന്‍ താന്‍ തയ്യാറാണെന്ന് സംവിധായകന്‍ വിനയന്‍.
സാമൂഹ്യ മാദ്ധ്യമങ്ങളില്‍ താന്‍ പങ്കുവച്ച രാവണനായുള്ള മോഹന്‍ലാലിന്റെ ചിത്രത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുനാള്‍ മുതല്‍ തന്റെ മനസിലുള്ള കഥാപാത്രമാണ് രാവണനെന്നും, അര്‍ജുനനെക്കാളും ഭീമനെക്കാളും വ്യത്യസ്ത തലങ്ങളുള്ള പുരാണ കഥാപാത്രമാണ് രാവണനെന്ന് വിനയന്‍ വ്യക്തമാക്കി.
ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്‌ബോള്‍ അത്തരമൊരു സിനിമ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിനയന്‍ പറഞ്ഞു.
വിനയന്റെ വാക്കുകള്‍ ഇങ്ങനെ:
മോഹന്‍ലാലിനെ ഈ മാസം ഇരുപതാം തിയതിയേ ഞാന്‍ കാണുകയുള്ളൂ. അദ്ദേഹമിപ്പോള്‍ അമേരിക്കയിലോ മറ്റോ ആണ്. ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിട്ട് ഈ കഥ ആണ് ഒരു തീരുമാനത്തില്‍ എത്തുന്നതെങ്കില്‍ ഫൈനലൈസ് ചെയ്യും.
രാവണന്‍ എന്ന കഥാപാത്രത്തെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് എന്റെ മനസ്സില്‍ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണ്. ലാലിനെ പോലുള്ള ഒരാള്‍ അതിന് സമ്മതം അറിയിക്കുകയാണെകില്‍ ചെയ്യാന്‍ താല്പര്യമുള്ളതാണ്.
നമ്മുടെ പുരാണം അദ്ദേഹത്തെ സൃഷ്ടിച്ചിട്ടുള്ളത് ഭയങ്കര ഹീറോയിക് ആയ, വല്യ മനസിന്റെ ഉടമയായ, ഒരു വില്ലന്‍ ആയിട്ടാണ്. അതെന്റെ മനസ്സില്‍ കിടപ്പുണ്ട്. അതൊരു വലിയ പ്രോജക്ട് ആണ്. ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്‌ബോള്‍ അത്തരമൊരു സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
രാവണന്റെ കഥയായിരിക്കും സിനിമയാക്കുക. രാവണന്‍ തന്നെയായിരിക്കും അതിലെ ഹീറോ. അല്ലാതെ ശ്രീരാമനോ, സീതയോ ഒന്നുമായിരിക്കില്ല.
അവരൊക്കെ രാവണന്റെ ജീവിതത്തില്‍ വന്നുപോകുന്ന കഥാപാത്രങ്ങള്‍ ആയിരിക്കും. ഇത് രാവണന്‍ എന്ന ഇതിഹാസത്തിന്റെ, തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഒരു കഥയായിരിക്കും.
പത്തു പതിനെട്ട് വര്‍ഷം മുന്‍പ് തന്നെ വലിയ ക്യാന്‍വാസില്‍ ഗ്രാഫിക്സിന്റെയും മറ്റു സാങ്കേതികവിദ്യയുടെയും സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതദ്വീപ് പോലുള്ള സിനിമയെടുത്തിട്ടുള്ള ആളാണ് ഞാന്‍.
ഇന്നും ഇന്നലെയൊന്നുമല്ലല്ലോ അത്. എനിക്കീ ഗ്രാഫിക്‌സും അതുപോലെ പത്തു മുന്നൂറ് കുഞ്ഞന്മാരെ വച്ചിട്ട് അന്ന് അങ്ങനെ ഒരു പടം ചെയ്യാമെങ്കില്‍ ഇത്തരമൊരു പ്രോജക്ട് ഒന്നും എന്റെ മനസില്‍ ഒരു വലിയ പ്രശ്നമായി തോന്നുന്നില്ല.
ലാലിന്റെ കൂടി അഭിപ്രായം അറിഞ്ഞിട്ടേ എനിക്കത് കണ്‍ഫോം ചെയ്യാന്‍ പറ്റുള്ളൂ. കഥയുടെ ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. ഞാന്‍ ലാലിനെ കാണാന്‍ പോകുമ്പോള്‍ ആദ്യം പറയുന്ന സബ്ജക്ടും ഈ രാവണന്റെ കഥ തന്നെയായിരിക്കും’.