വര്‍ഷങ്ങളോളം സിനിമാ മേഖലയില്‍ നിന്ന് വിലക്ക് നേരിട്ട സംവിധായകനാണ് വിനയന്‍. ശേഷം നടത്തിയ നിയമപോരാട്ടത്തിലൂടെ വിജയം കണ്ട് മുന്‍പോട്ട് കുതിച്ച ഈ സംവിധായകന്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ സംവിധാനം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
മുന്‍നിര നായകന്മാരെ മാറ്റിനിര്‍ത്തി കഴിവും അര്‍പ്പണ ബോധവുമുള്ള യുവാതാരങ്ങളിലെ പ്രേക്ഷക പ്രിയങ്കരന്‍ സിജു വില്‍സണിനെ വെച്ചാണ് വിനയന്‍ ചിത്രം പുറത്തിറക്കിയത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തീയേറ്റര്‍ അനുഭവം തന്നെയാണ് വിനയന്‍ ചിത്രം സമ്മാനിച്ചത്.
നിറഞ്ഞ സദസില്‍ പത്തൊന്‍പതാം നൂറ്റാണ് പ്രദര്‍ശനം തുടരുകയാണ്. പഴയകാല വിനയനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഒരു കൂട്ടം ആരാധകരും. ഇപ്പോഴിതാ ഒരുകാലത്ത് തനിക്കും സിനിമയില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ കുറിച്ച് വിനയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
പൃഥ്വിരാജിന് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ നടനെ കൂടുതലും പിന്തുണച്ചത് താനായിരുന്നുവെന്നും അന്ന് പൃഥ്വിരാജിനെ വെച്ച് താന്‍ സിനിമ ചെയ്തുവെന്നും വിനയന്‍ പറയുന്നു. പൃഥ്വിരാജിന് സിനിമയില്‍ വിലക്കുള്ളപ്പോഴായിരുന്നു അത്ഭുത ദ്വീപ് സിനിമ ചെയ്തതെന്നും അത് വലിയ വിജയമായിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തനിക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പൃഥ്വിരാജില്‍ നിന്നും പരസ്യമായ പിന്തുണ ഉണ്ടായിരുന്നില്ലെന്നും സംവിധായകന്‍ തുറന്നുപറഞ്ഞു. അവരൊക്കെ ഇന്ന് വലിയ ആളുകളാണ് കോടികള്‍ വരുമാനമുണ്ട്. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
മാനുഷികപരിഗണന എന്ന വാക്കുപോലും ഇപ്പോള്‍ സിനിമാരംഗത്തെ നിഘണ്ടുവില്‍ ഇല്ല. പക്ഷേ തന്റെ മോശം സമയത്ത് തന്നെ ആരും സഹായിച്ചിട്ടില്ലെന്ന പരാതിയും പരിഭവവും തനിക്കില്ലെന്നും മണിയായിരുന്നു തന്റെ അവസ്ഥയില്‍ വിഷമിച്ച ഒരു നടന്‍ എന്നും വിനയന്‍ തുറന്നുപറഞ്ഞു.
അയാളൊരു ശുദ്ധനായ മനുഷ്യനായിരുന്നുവെന്നും തന്റെ അവസ്ഥ കണ്ട് പൊട്ടിക്കരഞ്ഞിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. തന്നെ സഹായിക്കാമെന്ന് മണി പറഞ്ഞുവെങ്കിലും താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.