കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് കലാഭവന്‍ മണി. കോമഡി വേഷങ്ങലിലൂടെയാണ് താരം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പതിയെ അത് നായക വേഷങ്ങളിലേക്കും, വില്ലന്‍ വേഷങ്ങളിലേക്കും മാറി. മലയാളത്തിന് പുറമേ തെന്നിന്ത്യയിലും മണി സജീവമായി. മികച്ച നടന്‍ എന്നതിലുപരി ഗായകന്‍ കൂടിയായിരുന്നു മണി. നാടന്‍ പാട്ടുകളുടെ പ്രചാരകനായിരുന്നു അദ്ദേഹം. മണി പാടിയ പാട്ടുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.
അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. മണി മണ്‍മറഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ മണിക്കുള്ള സ്ഥാനം മാഞ്ഞിട്ടില്ല.
മണിയുടെ സ്വന്തം നാടായ ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകം ഉയരുന്നത് വൈകുന്നതിനെ ചൊല്ലി വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.
മണിയുടെ സ്മാരകം ഇത്രയും നാളായിട്ട് നടന്നില്ലെന്ന് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. അതിന്റെ പേരില്‍ ഇപ്പോള്‍ തര്‍ക്കവും നടക്കുകയാണ്. സംസ്‌കാരിക കേരളം മണിയെന്ന കലാകാരനെയും വ്യക്തിയെയും ഒരിക്കലും മറക്കരുതെന്നും ഒത്തിരി സംഭാവനകളാണ് അദ്ദേഹം നല്‍കിയതെന്നും വിനയന്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ ഉണ്ടായ ജനബാഹുല്യത്തെപ്പറ്റി പറയുമ്പോള്‍ മണി മരിച്ചപ്പോള്‍ ചാലക്കുടിയിലുണ്ടായ ജനബാഹുല്യം ഓര്‍ക്കുന്നുണ്ടോ?. ഒരു കലാകാരനും കിട്ടാത്ത ആദരവാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും അസാമാന്യ വ്യക്തിയാണ് മണിയെന്നും മണിയുടെ സ്മാരകം പണിയാന്‍ ഇരുപത് സെന്റ് സ്ഥലമുണ്ടെന്നും 3 കോടി രൂപ അനുവദിച്ചുവെന്നും കേട്ടുവെന്നും വിനയന്‍ പറയുന്നു.
ഇതിന്റെ പണികള്‍ പെട്ടെന്ന് തീര്‍ക്കാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ഇടപെടണമെന്നും വിനയന്‍ പറഞ്ഞു. നിലവില്‍ എംഎല്‍എയും നഗരസഭയുമാണ് സ്മാരകം പണിയാന്‍ വൈകിപ്പിക്കുന്നതെന്നാരോപിച്ച് കലാകാരന്മാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.