എക്കാലത്തെയും മലയാള സിനിമയിലെ ചിത്രങ്ങളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് താരരാജാവ് മോഹന്‍ലാല്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ച ഭരതം.
സംഗീതജ്ഞരായ സഹോദരന്മാരായി മോഹന്‍ലാലും നെടുമുടി വേണുവും മത്സരിച്ചഭിനയിച്ചപ്പോള്‍ മലയാള സിനിമയെ തേടി എത്തിയത് മൂന്ന് ദേശീയ പുരസ്കാരങ്ങളായിരുന്നു.
മികച്ച നടന്, ഗായകന്, സംഗീത സംവിധായകന് എന്നീ പുരസ്കാരങ്ങളാണ് ഭരതത്തിന് ലഭിച്ചത്. ലോഹിതദാസ് തിരക്കഥ എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 28 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രേക്ഷക പ്രീതിക്ക് ഒട്ടും തന്നെ കുറവു വന്നിട്ടില്ല.
എന്നാല്‍ നാം ഇന്നു കാണുന്ന തിരക്കഥായിരുന്നില്ല ലോഹി ഭരതത്തിനായി ആദ്യം എഴുതിയതെന്ന് പറയുകയാണ് സംവിധായകനും നടനുമായ വിജി തമ്പി.
മറ്റൊരു ചിത്രവുമായി സാമ്യമുണ്ടെന്നറിഞ്ഞതോടെ ഭരതത്തിന്റെ തിരക്കഥ മാറ്റുകയായിരുന്നു. രണ്ടു ദിവസമെടുത്താണ് പുതിയ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് വിജി തമ്പി പറയുന്നു.
കോഴിക്കോട് ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് ഞാനവിടെയുണ്ട്. അതിന്റെ തലേ ദിവസമാണ് അതിന് എഴിതി വച്ച സ്ക്രിപ്റ്റ് വേണ്ടെന്ന് വയ്ക്കുന്നത്.
ലോഹിതദാസ് കഥ എഴുതി വന്നപ്പോ അച്ഛനും മകനും തമ്മിലുള്ള ഇഷ്യൂ ആയിരുന്നു ആദ്യം ചെയ്തത്. ജോസ് തോമസ് ആയിരുന്നു അതിന്റെ അസോസിയേറ്റ് ഡയറക്ടര്‍.
സ്ക്രിപ്റ്റ് വായിച്ചു കേട്ട് ഷൂട്ടിംഗ് തുടങ്ങി പിറ്റേദിവസം എല്ലാവരും കൂടി ഇരുന്ന് കേള്‍ക്കുമ്പോഴാണ് ഇത് പൈങ്കിളി കഥ എന്ന സിനിമയല്ലേ എന്ന് പറയുന്നത്. ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയായിരുന്നു അത്.
പിന്നെ ഒന്നും ചെയ്യാന്‍ നിവൃത്തിയില്ല. ഷൂട്ടിംഗ് നിറുത്തി വച്ചു. പിന്നീട് രണ്ടു ദിവസത്തിനുള്ളില്‍ ലോഹിതദാസും സിബിയും കൂടി ഉണ്ടാക്കി എടുത്ത സിനിമയാണ് ഭരതം.
രണ്ടു ദിവസം കൊണ്ടാണ് ആ സിനിമയുടെ കഥ ഉണ്ടാകുന്നത്. ഓരോ ദിവസവും എഴുതുന്നത് ഷൂട്ട് ചെയ്ത് ഷൂട്ട് ചെയ്ത് പോവുകയായിരുന്നു. ആദ്യ കഥ മുടങ്ങിയപ്പോള്‍ ഒരു യഥാര്‍ത്ഥ സംഭവം തന്നെ ലോഹി കഥാതന്തുവായി എടുക്കുകയായിരുന്നു.