മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന സംവിധായകന്‍ ആണ് വിജി തമ്പി. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. കോമഡിയും ആക്ഷനും ഒരു പോലെ വഴങ്ങുന്ന സംവിധായകനായിരുന്നു അദ്ദേഹം.
ഇപ്പോഴിതാ തന്റെ ചിത്രത്തിലൂടെ നടന്‍ സിദ്ധിഖുനെ വില്ലനാക്കി അവതരിപ്പിച്ച അനുഭവം പറയുകയാണ് അദ്ദേഹം. എല്ലാ വേഷങ്ങളും ചെയ്യാന്‍ കാലിബറുള്ള നടനാണ് സിദ്ദിഖെന്ന് വിജി തമ്പി പറയുന്നു. സിദ്ധിഖിന് ഏതു രൂപവും സ്വീകരിക്കാന്‍ സാധിക്കുമെന്ന് കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വിജി തമ്പി പറഞ്ഞു.
സിദ്ദിഖിന്റെ കരിയര്‍ ഗ്രാഫില്‍ തനിക്കുള്ള പങ്ക് വ്യക്തമാക്കുകയാണ് വിജി തമ്പി. അദ്ദേഹത്തിന്റെ മികവ് മനസ്സിലാവണമെങ്കില്‍ തന്റെ സിനിമകള്‍ മാത്രം എടുത്തു നോക്കിയാല്‍ മതി. സംവിധായകന്‍ കമലിന്റെ ബന്ധുവാണ് സിദ്ദിഖ്. കമല്‍ ഒരുക്കിയ മിഴിനീര്‍ പൂക്കള്‍ എന്ന ചിത്രത്തില്‍ സിദ്ദിഖ് ഒരു ചെറിയ വേഷത്തില്‍ എത്തിയിരുന്നു. അപ്പോഴാണ് പരിചയപ്പെട്ടത്. പിന്നീട് തന്റെ എല്ലാ സിനിമാ ചര്‍ച്ചകളിലും സിദ്ധിഖും പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് വിജി തമ്പി പറയുന്നു.
സിദ്ദിഖ് ആദ്യ സിനിമ അഭിനയിക്കുന്നത് ത്യാഗരാജനോടൊപ്പമുള്ള ഒരു ഗുണ്ടയായിട്ടാണ്. പിന്നീട് തന്റെ വിറ്റ്‌നസ് എന്ന ചിത്രത്തിലാണ് അല്‍പം കൂടി പ്രാധാന്യമുള്ള വേഷത്തിലേക്ക് സിദ്ദിഖ് ഉയര്‍ന്നുവരുന്നത്. പിന്നീട് തന്റെ നായകന്മാരില്‍ ഒരാളായി. തിരുത്തല്‍ വാദി, ജേര്‍ണലിസ്റ്റ് തുടങ്ങിയ ഒരുപാട് സിനിമകളില്‍ ഹ്യൂമര്‍ വേഷങ്ങളിലും നായകനോടൊപ്പം ഉള്ള വേഷങ്ങളിലും സിദ്ദിഖ് തിളങ്ങിയിരുന്നെന്നും വിജി തമ്പി ചൂണ്ടിക്കാട്ടി.
പിന്നീട് തന്റെ സത്യമേവ ജയതേ വന്നപ്പോഴാണ് സുരേഷ് ഗോപിക്കെതിരെ ഒരു വില്ലന്‍ വേഷത്തിലേക്ക് താരത്തിനെ തേടി അന്വേഷണം തുടങ്ങിയത്. അവസാനം താന്‍ തന്നെ പറഞ്ഞു സിദ്ദിഖ് ഈ വേഷത്തിലേക്ക് യോജിക്കുമെന്ന്. എല്ലാവരും ചോദിച്ചു അതിന് സിദ്ദിഖ് കോമഡി വേഷങ്ങള്‍ ചെയ്യുന്ന നടനല്ലേയെന്ന്. എന്നാല്‍ തനിക്ക് സിദ്ദിഖിന് ആ വേഷം ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പായിരുന്നു.
പിന്നീട് തന്നെ കാണാന്‍ വന്ന സിദ്ദിഖിനോട് പുതിയ സിനിമയുടെ കഥ പറഞ്ഞു. കഥ കേട്ട് ഇഷ്ടപ്പെട്ട സിദ്ദിഖ് തന്നോട് ആദ്യം ചോദിച്ചത് ആരാണ് ഇതില്‍ അഭിനയിക്കുന്നത് എന്നായിരുന്നു. താന്‍ സുരേഷ് ഗോപിയാണ് എന്ന് പറഞ്ഞപ്പോള്‍ സിദ്ദിഖ് എന്നോട് ചോദിച്ചത് വില്ലന്‍ കഥാപാത്രമായ ബാലു ഭായിയെ ആരാണ് അവതരിപ്പിക്കുന്നത് എന്നാണ്.
ഉടനെ താന്‍ ബാലു ഭായ് നമ്മുടെ ഒരു പയ്യനാണ് അവതരിപ്പിക്കുന്നത് സിദ്ദിഖ് എന്നാണ് പേര് എന്ന് പറഞ്ഞതോടെ സിദ്ദിഖ് പറഞ്ഞു ‘ഞാനോ, എനിക്കാ വേഷം പറ്റില്ല. എന്നെ കൊണ്ടത് താങ്ങില്ല.’ എന്നായിരുന്നു.
ഇതോടെ താന്‍ അത് നീ തന്നെ ചെയ്താല്‍ മതി. തങ്ങളത് തീരുമാനിച്ചു കഴിഞ്ഞെന്ന് അറിയിക്കുകയായിരുന്നു. കൂടാതെ തനിനക്കത് ചെയ്യാന്‍ പറ്റും, താനത് ചെയ്തു നോക്കെന്ന് പറഞ്ഞ് സിദ്ദിഖിന് ധൈര്യവും നല്‍കി.
ഇതോടെയാണ് ഒടുവില്‍ സിദ്ദിഖ്ഓക്കേ പറഞ്ഞത്. പിന്നീട് മലയാളത്തിലെ ഏറ്റവും വലിയ വില്ലനായി സിദ്ദിഖ് കഴിവ് തെളിയിച്ചു. തന്റെ ബഡാ ദോസ്ത്തിലും പ്രധാന വില്ലന്‍ വേഷത്തില്‍ സിദ്ദിഖ് എത്തിയെന്നും വിജി തമ്പി പറഞ്ഞു.