മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് ഗാനഗന്ധർവൻ ലോകമെമ്പാടുമുള്ള മലയാളികളുടെ ദിവസം തുടങ്ങുന്നത് കെജെ യേശുദാസിന്റെ പാട്ടിലൂടൊണ് എന്ന് തന്നെ പറയാം. ഇന്നും പുതുമയോടെയാണ് ഗാനഗന്ധർവന്റെ പഴയ പാട്ടുകൾ നമ്മൾ കേൾക്കുന്നത്.
അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി 1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിലാണ് കെജെ യേശുദാസ് ജനിക്കുന്നത്. അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കർണ്ണാടക സംഗീതരംഗത്തും മുൻനിരയിൽ തന്നെയാണ് യേശുദാസിന്റെ സ്ഥാനം.
1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ ഗാനം ആലപിച്ച് കൊണ്ടാണ് പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു.
അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്.
പിന്നീട് ഒന്നിന് പുറകെ ഒന്നായി യേശുദാസിനെ തേടി പാട്ടുകൾ എത്തുകയായിരുന്നു. 2021 ഡിസംബർ 31 ന് പുറത്ത് ഇറങ്ങിയ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ഗാനം ആലപിച്ചത്. ഇതിനിടെ താരത്തിന്റെ പൊതുവേദിയിലെ പ്രവർത്തനങ്ങൾ പലകും വിവാദവുമായിരുന്നു.
ഇടയ്ക്ക് പൊതുവിടത്തിൽ വെച്ച് തനിക്കൊപ്പം സെൽഫി പകർത്താൻ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെട്ടത് വൈറലായിരുന്നു. അന്ന് പലരും യേശുദാസിനെ വിമർശിച്ചിരുന്നു, അഞ്ച് വർഷം മുമ്പാണ് സംഭവം നടന്നത് എങ്കിലും ഇപ്പോഴും അതിന്റെ പേരിൽ അദ്ദേഹം ഏറെ വിമർശനം നേരിടാറുണ്ട്.
ആ സംഭവത്തെ കുറിച്ചിപ്പോൾ പ്രതികരിച്ചിരിക്കുകയാണ് മകനും ഗായകനുമായ വിജയ് യേശുദാസ്. അപ്പയുടെ പ്രായം, ആ സംഭവങ്ങൾ എങ്ങനെ നടന്നു, എന്നുള്ളതൊക്കെ നമ്മൾ ആലോചിക്കണമെന്നാണ് വിജയ് പറയുന്നത്. മിക്ക ഓൺലൈനുകളും അതിനെ വേറെ രീതിയിൽ കൊടുത്തു.
ശിവകുമാർ സാറിന് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇവരൊക്കെ എവിടെ നിന്നും വന്നതാണ്, എത്രയോ നാളുകളായി ഫീൽഡിൽ ഉള്ളവരാണ്, അവരുടെ പ്രായം എന്താണ്, അതുപോലും പരിഗണിക്കാതെയാണ് ചിലരുടെ റിയാക്ഷനുകളും കമന്റുകളും വന്നതെന്നാണ് വിജയ് യേശുദാസ് പറയുന്നത്.
ഇത്തരത്തിൽ കമന്റ് പറയുന്ന ആൾക്കാരെ പറ്റി നമ്മൾ ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിജയ് പറയുന്നു. തനിക്ക് വിദേശത്ത് വെച്ചുണ്ടായ അനുഭവവും വിജയ് വെളിപ്പെടുത്തി. ദുബായ് ഷോപ്പിങ് സെന്ററിൽ പോയപ്പോൾ ഫോട്ടോ എടുക്കാനെത്തിയവരിൽ ചിലരുടെ പെരുമാറ്റമാണ് താരം വിശദീകരിക്കുന്നത്.
ഒരാൾ തന്റെ അടുത്ത് വന്ന് ഫോൺ ഓണാക്കി നമസ്‌കാരം കൂട്ടുകാരെ ടിക്ക് ടോക്കിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വീഡിയോ എടുക്കാൻ തുടങ്ങുകയായിരുന്നു. പക്ഷെ ഞാൻ അയാളോട് ചോദിച്ചു. ‘ഹലോ എന്താണ്. എന്താണ് നിങ്ങൾ ഈ ചെയ്യുന്നത്, നിങ്ങളുടെ ടിക്ക് ടോക്കിലേക്ക് എന്നെ കൊണ്ടുവരാൻ എപ്പോഴാണ് പെർമിഷൻ മേടിച്ചതെന്ന്’.- അങ്ങനെ നിർത്തിച്ച് പകരം ഫോട്ടോയും എടുത്താണ് താൻ പോയതെന്ന് വിജയ് യേശുദാസ് പറയുന്നു.
തനിക്കും വ്യക്തി ജീവിതത്തിൽ പല പ്രശ്‌നങ്ങളും ഉണ്ട്, ഭാര്യയുമായി വേര്പിരിഞ്ഞാണ് താമസമെന്നും പക്ഷെ മക്കൾക്ക് വേണ്ടി ഞങ്ങൾ ഒന്നിക്കാറുണ്ട് എന്നും വിജയ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.