സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് അഭിനേതാക്കളായ ത്രിഷയും വിജയ് സേതുപതിയും.
സ്വാഗതാര്‍ഹമായ മാറ്റമെന്നാണ് ഇരുവരുടേയും പ്രതികരണം. വിവാഹ ബാഹ്യബന്ധങ്ങളെക്കുറിച്ചുള്ള നിയമത്തെക്കുറിച്ച് തൃഷയ്ക്ക് വളരെ വ്യത്യസ്തമായ അഭിപ്രായമുള്ളത്. ആ നിയമത്തെക്കുറിച്ച് കൂടുതലായി അറിയില്ലെങ്കിലും, ഇപ്പോഴും ഇത്തരം ബന്ധം നിലനില്‍ക്കുന്നുവെന്ന വസ്തുത അവശേഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.
വിജയ് സേതുപതിയും തൃഷയും അഭിനയിക്കുന്ന ചിത്രം 96 ഒക്ടോബര്‍ 4ന് റിലീസ് ചെയ്യും. വിജയ് സേതുപതിയും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 96. ഈ ചിത്രത്തില്‍ റാം എന്ന ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതി അഭിനയിക്കുന്നത്.
തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് പീതാംബരനാണ് സംഗീത സംവിധാനം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. സി പ്രേംകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സേതുപതി അഭിനയിച്ച നടുവുല കൊഞ്ചം പക്കത്തെ കാണാം എന്ന ചിത്രത്തിന്റെ ക്യാമറമാനായിരുന്നു പ്രേം കുമാര്‍.
ചരിത്രം തിരുത്തിയെഴുതിയാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന് സുപ്രീംകോടതിയുടെ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധി സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ്. നാല് പേരുടെ വിധിയോട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ചു.
സ്ത്രീകളോട് കാണിക്കുന്ന വിവേചനം അംഗീകരിക്കാനാവില്ലെന്നും അയ്യപ്പഭക്തന്മാര്‍ പ്രത്യേക വിഭാഗമല്ലെന്നും വ്യക്തമാക്കി ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് വിധി.
വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ല, വിവേചനത്തെ ഭരണഘടന അംഗീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയില്‍ വ്യക്തമാക്കുന്നു. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യയെന്നും മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും ദീപക് മിശ്ര പറയുന്നു.