സകലവിവാദങ്ങളും പ്രേക്ഷകര്‍ മറന്നു. ദളപതി വിജയ് ചിത്രം സര്‍ക്കാര്‍ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. രണ്ട് ദിവസം കൊണ്ട് 110 കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തമിഴ് സിനിമയില്‍ കളക്ഷനില്‍ ഒന്നാം നമ്പര്‍ ചിത്രമായി സര്‍ക്കാര്‍ മാറും.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ സമ്മിശ്രപ്രതികരണമാണ് നിരൂപകരില്‍ ഉണ്ടാക്കിയത്. എന്നാല്‍ എല്ലാ എതിരഭിപ്രായങ്ങളും ബോക്സോഫീസില്‍ ഇല്ലാതാവുകയാണ്. ഇതുപോലെ ഒരു മാസ് ഓപ്പണിംഗ് കളക്ഷന്‍ തമിഴ് സിനിമാലോകം മുമ്പ് കണ്ടിട്ടില്ല.
ലോകമെമ്പാടുമായി 3400 സ്ക്രീനുകളിലാണ് സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. വിജയ്, വരലക്ഷ്മി, രാധാ രവി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിന്‍റെ കുതിപ്പിന് കരുത്ത് നല്‍കുന്നത്.
ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ തക്ക ചിത്രങ്ങളൊന്നും ഒപ്പമില്ലാത്തതിനാല്‍ വരും നാളുകളിലും സര്‍ക്കാരിന്‍റെ ആധിപത്യം തുടരും. ആമിര്‍ഖാന്‍ – അമിതാഭ് ബച്ചന്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ സര്‍ക്കാരിന് ഭീഷണിയാകില്ല.
അതേസമയം ചിത്രത്തിനെതിരെ വിവാദവും മറുഭാഗത്തുണ്ട്. അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ചിത്രത്തിനെതിരായ പ്രധാന ആരോപണം.
ചിത്രത്തിലെ വിവാദരംഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് വാര്‍ത്താ വിനിമയ മന്ത്രി കടമ്പൂര്‍ സി രാജു രംഗത്തു വന്നിരുന്നു.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എആര്‍ റഹ്മാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹണവും നിര്‍വഹിക്കുന്നു. ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത്.