തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ഒരു നടനാണ് വിജയ്. താരത്തിന്റെ പുതിയ ചിത്രം കോപ്പിയടി വിവാദത്തില്‍. തീയേറ്ററുകളിലെത്താന്‍ രണ്ടാഴ്ച്ച ശേഷിക്കവേ വിവാദത്തില്‍ കുരുങ്ങി വിജയ്- മുരുകദോസ് ചിത്രം സര്‍ക്കാര്‍. സിനിമ തന്റെ തിരക്കഥ മോഷ്ടിച്ച് തയ്യാറാക്കിയതാണെന്ന് വരുണ്‍ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ അതിനെതിരെ സംവിധായകന്‍ മുരുകദോസ് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് വരുണിന്റെ സിനിമ സെന്‍ഗോളിന്റെ തിരക്കഥയുമായി അടുത്ത സാമ്യമാണുള്ളതെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്‍ കണ്ടെത്തിയിരിക്കുകയാണ്. 2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ തന്റെ തിരക്കഥ വരുണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുരുകദോസിനെതിരെ വരുണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ആദ്യ തവണയല്ല ഏ ആര്‍ മുരുകദോസ് കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. ഇതിന് മുമ്പ് വിജയ് നായകനായെത്തിയ കത്തിയാണ് ആരോപണങ്ങളില്‍ കുടുങ്ങിയത്. ആരം ഫെയിം സംവിധായകന്‍ ഗോപി നൈനാര്‍ കത്തി തന്റെ കഥയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു.
ദീപാവലി റിലീസായി സര്‍ക്കാര്‍ റിലീസ് ചെയ്യാനിരിക്കെ വരുണ്‍ പരാതിയുമായി മുന്നോട്ട് പോയാല്‍ അത് ചിത്രത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് നേടിയിരുന്നു. അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാരിന്റെ വേഗപാച്ചിലില്‍ പഴംങ്കഥയായത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 294 മിനിറ്റ്.
സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ് ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.