മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രം ജനുവരി 25 ന് ആണ് റിലീസ് ചെയ്യുക. ഇതിനോടകം ചിത്രത്തിന്റെ നിരവധി പോസ്റ്ററും വീഡിയോയും പുറത്തുവന്നെങ്കിലും എന്താണ് ശരിക്കും സിനിമ എന്നത് ഇതുവരെ പിടികിട്ടിയിട്ടില്ല.
ഇപ്പോൾ സിനിമയെ കുറിച്ച് നിർമ്മാതാവും നടനുമായ വിജയ് ബാബു തന്റെ പ്രതീക്ഷ പങ്കുവെക്കുകയാണ് .
‘എൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ലിജോ. ഡബിൾ ബാരൽ ആയിരുന്നു ലിജോയുടെ ഏറ്റവും വലിയ ഒരു ഡ്രീം പ്രോജക്റ്റ്. പക്ഷേ അത് കാലത്തിന് മുൻപേ സഞ്ചരിച്ച ഒരു സിനിമയാണ്. ലിജോയ്ക്ക് അന്ന് അത് മനസിലായിരുന്നു. സാധാരണ മനുഷ്യർക്ക് ഇഷ്ടപ്പെടുന്ന ഒരു മാസ് സിനിമ, ലാലേട്ടനെയോ മമ്മൂക്കയെയോ വച്ച് ചെയ്യുക എന്നത് ലിജോയുടെ മനസിൽ എപ്പോഴും ഉള്ളതാണ്. അന്ന് പറഞ്ഞിരുന്ന ഒരു ആശയത്തിൽ നിന്നും ഇന്ന് എത്തിനിൽക്കുന്ന മലൈക്കോട്ടൈ വാലിബൻ എങ്ങനെ മാറിയിരിക്കുന്നു എന്ന് എനിക്ക് അറിയില്ല. ഞാൻ കണ്ടിട്ടില്ല.
പക്ഷേ അന്ന് കേട്ട ചെറിയ വെർഷൻ പോലും നമുക്ക് രോമാഞ്ചം ഉണ്ടാക്കുന്ന സംഗതിയാണ്. ടിനുവുമായി സംസാരിക്കുമ്പോഴുമൊക്കെ.. ഇത് വേറെ ലെവൽ പടമായിരിക്കുമെന്ന് യാതൊരു സംശയവും വേണ്ട.’
ഖൽബ് എന്ന ചിത്രത്തിൻറെ റിലീസ് തീരുമാനിച്ചതിനും വാലിബൻ സ്വാധീനിച്ചുവെന്ന് പറയുന്നു വിജയ് ബാബു- ‘അതല്ലേ ഞങ്ങൾ രണ്ടാഴ്ച മുൻപേ ഇറങ്ങി അങ്ങ് പോകുന്നത്. അതൊക്കെ ഇറങ്ങിക്കഴിഞ്ഞിട്ട് പിന്നെ എന്ന് വരാനാ. ഞങ്ങൾ അതിന് മുൻപേ വന്ന് അങ്ങ് പോകുന്നത് അതുകൊണ്ടല്ലേ. ഈ രാജധാനി പോകുമ്പോൾ അതിൻറെ മുന്നിൽ കയറി നിൽക്കരുത് എന്നാണല്ലോ. നമ്മൾ ആദ്യമേ അങ്ങ് പൊക്കോട്ടെ’, വിജയ് ബാബു പറഞ്ഞു.