നാൻ എന്ന സിനിമയിലൂടെ തമിഴ് സിനിമാ മേഖലയിലേക്ക് എത്തിയ താരമാണ് വിജയ് ആന്റണി. ഗായകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച താരം ഈ വർഷം ആദ്യം ഒരു അപകടത്തിൽ പെട്ടിരുന്നു. പിച്ചൈക്കാരൻ 2 ന്റെ ഷൂട്ടിന് വേണ്ടി മലേഷ്യയിൽ എത്തിയപ്പോഴാണ് താരത്തിന് അപകടം സംഭവിച്ചത്. ഇപ്പോഴിതാ തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; മലേഷ്യയിലാണ് ഞങ്ങൾ ഷൂട്ടിങ്ങിന് പോയത്. ജെറ്റ് സ്‌കീയിലാണ് ഞാനും നായികയും പോയി കൊണ്ടിരിക്കുന്നത്. മറ്റൊരു ബോട്ടിൽ ഞങ്ങളുടെ രംഗങ്ങൾ ചിത്രീകരിക്കുന്നുമുണ്ട്. സ്പീഡിലാണ് ഞങ്ങൾ പോയിക്കൊണ്ടിരുന്നത്. ബോട്ടിനടുത്ത് കൂടി പോയാൽ നല്ല വിഷ്വൽ ലഭിക്കുമെന്ന് കരുതി. ആദ്യം ഒരു പ്രാവശ്യം ഞങ്ങളത് ചിത്രീകരിച്ചു. വിഷ്വൽ ഒന്നും കൂടെ നന്നാക്കാനായി ഞങ്ങൾ അത് രണ്ടാമതും ചെയ്തു.
എന്ത് സംഭവിച്ചു എന്ന് പിന്നീട് എനിക്കോർമ്മയില്ല. തിരകളുടെ ശക്തി കാരണം ജെറ്റ് സ്‌കീ ബോട്ടിനു മുകളിൽ പോയി ഇടിച്ചു. മുഖത്തിടിച്ച് മൂക്ക് ഉള്ളിലേക്ക് പോയി. താടിയെല്ല് താഴേക്ക് പോയി. എന്നെ രക്ഷിച്ചത് അസിസ്റ്റന്റുകളാണ്. ഒരു ഭാഗത്ത് കണ്ണിന് വരെ പരിക്കുണ്ടായിരുന്നു. ഞാൻ ഒരു ദിവസം കൊണ്ട് കണ്ണ് തുറന്നു. പക്ഷെ ചുറ്റും ഉള്ളവർ വിഷമിച്ച് നില്ക്കുന്നത് കണ്ടപ്പോൾ എന്താണ് കാര്യമെന്ന് മനസ്സിലായില്ല.
ചെറിയ പരിക്കുകൾ ആകും എന്നാണ് ഞാൻ കരുതിയത്. പക്ഷെ കണ്ണാടിയിൽ നോക്കിയപ്പോഴാണ് ഞാൻ ആകെ ഞെട്ടിയത്. അതിന് ശേഷം എനിക്കിപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്. ചില വാക്കുകൾ ഇപ്പോഴും ഉച്ചരിക്കാൻ കഴിയുന്നില്ല. ആക്‌സിഡന്റിന് ശേഷം എനിക്ക് പല കാര്യത്തിലും മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. ചിന്തകളിലും മറ്റു മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്.
ഞാനിപ്പോൾ എല്ലാത്തിനെയും വളരെ പോസിറ്റീവായി ആണ് കാണുന്നത്. എന്റെ മുഖം ശരിയാക്കാൻ ഇപ്പോഴും ചികിത്സയുണ്ട്. എന്റെ അപകടത്തിൽ നിന്ന് പൂർണമായും മുക്തയാവാൻ എന്റെ ഭാര്യക്കിപ്പോഴും കഴിഞ്ഞിട്ടില്ല. അപകട സമയത്ത് ഞാൻ മലേഷ്യയിൽ ആയതിനാൽ അവൾക്ക് കാണാൻ വാരാൻ സമയമെടുത്തു. അതേസമയം താരത്തിന്റെ പിച്ചൈക്കാരൻ 2 പ്രദർശനത്തിനൊരുങ്ങുകയാണ്.