ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു കല്യാണ വാർത്തയാണ് നയൻതാരയുടെയും വിഘ്നേശ് ശിവയുടെയും. തമിഴകം മാത്രമല്ല പ്രണയത്തിലാണ് എന്ന് പല വേദികളിലും തുറന്ന് പറഞ്ഞ നയനും വിഘ്നേശ് ശിവനും വിവാഹത്തെ കുറിച്ച് മാത്രം കൃത്യമായ മറുപടി നൽകിയിരുന്നില്ല.
പാപ്പരാസികൾ ക്യാമറയും തൂക്കി നയൻസിന്റെയും വിഘ്നേശിന്റെയും പിറകെ നടന്നുവെങ്കിലും കല്യാണത്തെ കുറിച്ച് മാത്രം ഒരു സൂചനയും അവർ നൽകിയില്ല. ഇപ്പോഴിതാ നയൻതാരയുടെ വായിൽ നിന്ന് തന്നെ വന്നു, അതെ ഞങ്ങളുടെ വിവാഹം നിശ്ചയം കഴിഞ്ഞു. എൻഗേജ്മെന്റ് റിങ് ആണ് ഇത് എന്ന്.
ദിവസങ്ങൾക്ക് മുൻപ് നയൻതാരയും വിഘ്നേശും കൈകൾ കോർത്തിണക്കി പിടിയ്ക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അന്ന് ഇരുവരുടെയും വിരലിൽ ഒരു പോലെയുള്ള മോതിരം കണ്ടതിനെ കുറിച്ച് ആരാധകർ കമന്റ് ചെയ്യുകയും ചെയ്തു. പല ഗോസിപ്പും ആ മോതിരത്തെ ചുറ്റിപ്പറ്റി വരികയും ചെയ്തു.
ആ മോതിരം തങ്ങളുടെ വിവാഹ നിശ്ചയത്തിന്റേതാണ് എന്നാണ് ഇപ്പോൾ നയൻതാരയുടെ വെളിപ്പെടുത്തൽ. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സെലിബ്രിറ്റി ചാറ്റ് ഷോയിൽ ആണ് നയൻതാരയുടെ വെളിപ്പെടുത്തൽ. ആഗസ്റ്റ് 15 ന് ടെലികാസ്റ്റ് ചെയ്യുന്ന പരിപാടിയുടെ പ്രെമോ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്.
ഇതേ പ്രെമോ വീഡിയോയിൽ വിഘ്നേശ് ശിവനിൽ എന്താണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നും അവതാരിക ദിവ്യ ദർശിനി ചോദിയ്ക്കുന്നുണ്ട്. വിഘ്നേശിൽ എല്ലാം ഇഷ്ടമാണ്. പക്ഷെ ഇഷ്ടപ്പെടാത്തതിനെ കുറിച്ചും ഞാൻ പറയും എന്ന് നയൻതാര പറയുന്നതും കാണാം.
നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഈ പ്രണയം ആരംഭിച്ചത്. വിജയ് സേതുപതിയെയും നൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് പ്രണയ ഗോസിപ്പുകൾ വന്നപ്പോൾ, സംവിധായകൻ അത് ശക്തമായി നിഷേധിക്കുകയായിരുന്നു. ഞാൻ വലിയൊരു നയൻതാര ഫാൻ ആണെന്നായിരുന്നു അന്ന് വിഘ്നേശിന്റെ പ്രതികരണം.
നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആ പ്രണയ ഗോസിപ്പ് കാട്ട് തീ പോലെ ആളി കത്തി. ഈ സിനിമയിൽ അഭിനയിച്ചതിന് മികച്ച നടിയ്ക്കുള്ള സൈമ പുരസ്‌കാരം വാങ്ങാൻ വന്നപ്പോഴാണ് നയൻതാര വിഘ്നേശുമായുള്ള പ്രണയത്തെ കുറിച്ച് വ്യക്തമായ സൂചന നൽകിയത്. വിഘ്നേശിൽ നിന്ന് പുരസ്‌കാരം വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് നയൻ പറഞ്ഞതും സദസ്സിൽ ആർപ്പു വിളിയായിരുന്നു.
😍😍😍 Lady SuperStar நயன்தாரா – வரும் ஞாயிறு காலை 10:30 மணிக்கு நம்ம விஜய் டிவில.. #LadySuperstarNayanthara pic.twitter.com/TmY15QeVZ9
— Vijay Television (@vijaytelevision) August 10, 2021
പിന്നെ സോഷ്യൽ മീഡിയ സാക്ഷിയായത് നയൻതാരയുടെയും വിഘ്നേശിന്റെയും പ്രണയ നാളുകൾക്കാണ്. ഇരുവരും ഒന്നിച്ച് പങ്കിടുന്ന ചില മനോഹര നിമിഷങ്ങളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സ്ഥിരം കാഴ്ചകളായി. പിന്നെ ആ പ്രണയത്തിന് ഒരു വിശദീകരണം ആവശ്യമില്ലായിരുന്നു. എന്നാണ് കല്യാണം എന്ന ചോദ്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനുള്ള ഉത്തരവും ഇപ്പോൾ കിട്ടിയിരിയ്ക്കുകയാണ്.