വൈശാലി സംവിധായകൻ ഭരതന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. എംടിയുടെ തിരക്കഥയിൽ വൈശാലിയുടെ കഥ പുത്തൻ ഭാവങ്ങൾ നൽകി തനിമയോടെയായിരുന്നു ഭരതൻ വെള്ളിത്തിരയിലെത്തിച്ചത്.
എംടി ചിത്രമെന്നതിലുപരി മലയാളത്തിന്റെ ക്ലാസിക് ചിത്രങ്ങളുടെ നിരയിൽ സ്ഥാനം പിടിച്ച ചിത്രമാണ് വൈശാലി. പ്രധാന കഥാപാത്രങ്ങളായ വൈശാലിയെയും ഋഷിശൃംഗനെയും അവതരിപ്പിച്ചത് ഉത്തരേന്ത്യക്കാരായ സുപർണ ആനന്ദും, സഞ്ജയ് മിത്രയുമായിരുന്നു.
വർഷങ്ങൾക്കിപ്പുറം വൈശാലിയിലെ പ്രധാന കഥാപാത്രമായ ഋഷിശൃംഗനെ അവതരിപ്പിച്ച സഞ്ജയ് മിത്ര മലയാള സിനിമയിലേക്ക് തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.
എന്നാൽ തന്റെ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താല്പര്യമെന്ന് സഞ്ജയ് പറഞ്ഞു. ഉത്തരേന്ത്യക്കാരനാണെങ്കിലും മലയാള സിനിമകൾ കാണാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുവതാരങ്ങളുടെ ചിത്രങ്ങളെല്ലാം താൻ കാണാറുണ്ടെന്നും വളരെ മികച്ച അഭിനേതാക്കളാണ് മലയാളത്തിലുള്ളതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.
മലയാള സിനിമയിലേക്ക് തിരികെയെത്താൻ ആഗ്രഹമുണ്ടെങ്കിലും അതിലുപരി മറ്റൊരു ആഗ്രഹമാണ് തനിക്കുള്ളതെന്ന് സഞ്ജയ് വെളിപ്പെടുത്തി. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത്.
എന്റെ പ്രായം ഒരു ഘടകമാണ്, അതിനനുസൃതമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താല്പര്യം. മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് എന്റെ അഭിലാഷമാണ്. അദ്ദേഹം ഒരു ഇതിഹാസമാണ്, ലൂസിഫർ ഞാൻ കണ്ടിരുന്നു എന്തൊരു നടനാണ് അദ്ദേഹം സഞ്ജയ് പറഞ്ഞു.