മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവാന്‍ പോവുകയാണ്. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍ . അനൂപാണ് വരന്‍. സംഗീതരംഗത്തുള്ള അറിവും വ്യക്തി പ്രഭാവുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് വൈക്കം വിജയലക്ഷ്മി തുറന്നുപറഞ്ഞു.
‘രണ്ടു വര്‍ഷമായി അനൂപിനെ അറിയാം. ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല.
മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രിയും ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സെപ്തംബര്‍ 10 ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹ നിശ്ചയവും മോതിരം മാറ്റവും നടക്കും. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. വൈക്കം ഉദയനാപുരം ഉഷാ നിലയത്തില്‍ വി മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയലക്ഷ്മി.
സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്. ഈ ഗാനം വമ്പന്‍ ഹിറ്റായതോടെ വിജലക്ഷ്മി എന്ന കലാകാരി മലയാളികളുടെ പ്രിയങ്കരിയായി. നടന്‍ എന്ന മലയാള സിനിമയിലെ ഗാനത്തിലൂടെ സംസ്ഥാന അവാര്‍ഡും വിജയലക്ഷ്മിയെ തേടിയെത്തി.
നേരത്തെ വിജയലക്ഷ്മിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍ വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹത്തില്‍ നിന്ന് വിജയലക്ഷ്മി പിന്മാറുകയായിരുന്നു.