‘ഇന്ത്യൻ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോൾ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാൻ പറ്റുന്നു’ എന്ന ചോദ്യവുമായി വീട്ടിലേക്ക് കയറി വരുന്ന സൗബിൻ ഷാഹിറിൻറെ തുടർന്നുള്ള ഭീഷണിക്കുള്ള മറുപടിയായി മഞ്ജുവാര്യരുടെ ചോദ്യം: ‘എന്തോ…പണയും….’ ഉടൻ സൗബിൻ: ‘പണയുമ്പോ കണ്ടോ…’
ഇങ്ങനെ ഹൃദ്യമായ നർമ നിമിഷങ്ങൾ കോർത്തിണക്കിക്കൊണ്ട് ‘വെള്ളരിപട്ടണ’ത്തിൻറെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങിയിരിയ്ക്കുകയാണ്.
മഞ്ജുവാര്യരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. മഞ്ജുവിനെയും സൗബിനെയും കൂടാതെ കൃഷ്ണശങ്കറും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ALSO READ
വാൾപയറ്റു നടത്തുന്ന മഞ്ജുവിൻറെയും സൗബിന്റെയും കാരിക്കേച്ചറുകളായിരുന്നു ‘വെളളരിപട്ടണ’ത്തിൻറെ അനൗൺസ്മെൻറ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ടീസറിൽ ഇവരുടെ വാക്പയറ്റാണ് കാണാനാകുക. നർമത്തിന് ഏറെ പ്രധാന്യമുള്ള ചിത്രം ഹൃദ്യമായ കുടുംബപശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നതിന്റെ സൂചന നല്കുന്നതാണ് ഈ ടീസർ.
ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫുമാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ‘വെള്ളരിപട്ടണം’ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അലക്സ് ജെ.പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ് അപ്പു എൻ.ഭട്ടതിരി. മധുവാസുദേവൻ വിനായക് ശശികുമാർ എന്നിവരാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു.
കല ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടർ ശ്രീജിത് ബി.നായർ, കെ.ജി.രാജേഷ് കുമാർ തുടങ്ങിയവരും പി.ആർ.ഒ എ എസ് ദിനേശ്.
ALSO READ
മഞ്ജുവാര്യർക്കും സൗബിൻ ഷാഹിറിനും പുറമേ സലിംകുമാർ,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കർ,ശബരീഷ് വർമ,അഭിരാമി ഭാർഗവൻ,കോട്ടയം രമേശ്,മാലപാർവതി,വീണനായർ,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കൾ.