തമിഴ് സിനിമയിലെ ഗോസിപ് കോളങ്ങളിൽ പ്രണയജോഡികളെന്ന് കരുതിയിരുന്ന രണ്ട് താരങ്ങളാണ് നടൻ വിശാലും നടി വരലക്ഷ്മി ശരത്കുമാറും.
തമിഴ് താരങ്ങളുടെ സംഘടനയായ നടികർ സംഘവുമായി ബന്ധപെട്ട് ശരത്കുമാറുമായി എതിർപ്പ് നിലനിന്നിരുന്ന സാഹചര്യത്തിലും വിശാലും വരലക്ഷ്മിയുമായുള്ള പ്രണയം ചർച്ചയായി.
എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് വിശാൽ തെലുഗ് താരം അനീഷ അല്ല റെഡ്ഡിയുമായി തന്റെ വിവാഹം ഉറപ്പിച്ച വാർത്ത പുറത്തു വിട്ടത്.
എങ്കിലും വരലക്ഷ്മിയും വിശാലും നല്ല സൗഹൃദത്തിലാണെന്നായിരുന്നു ആരാധകരുടെ ധാരണ. എന്നാലിപ്പോൾ വിശാലിനെതിരേ രൂക്ഷ വിമർശനവുമായി വന്നിരിക്കുകയാണ് വരലക്ഷ്മി.
നടികർ സംഘത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ക്യാമ്പയിൻ വീഡിയോയിൽ വിശാൽ തന്റെ അച്ഛൻ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാണ് വരലക്ഷ്മിയുടെ ആരോപണം.
ട്വിറ്ററിൽ പങ്കുവച്ച കത്തിലൂടെയാണ് വരലക്ഷ്മി വിശാലിനെതിരേ വിമർശനവുമായി രംഗത്ത് വന്നത്.
ശരത്കുമാറിനെതിരേ വിശാൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുള്ള ചീപ് വീഡിയോ തെളിയിക്കുന്നത് വിശാൽ വളർന്നു വന്ന സാഹചര്യമാണെന്നും നടി തുറന്നടിക്കുന്നു.
നിങ്ങൾ ഒരു പുണ്യാളനാണെന്നു കരുതരുത്. നിങ്ങളുടെ ഇരട്ടത്താപ്പ് ഇന്ന് എല്ലാവർക്കും അറിയാമെന്ന് ഞാൻ കരുതുന്നു.
നിങ്ങൾ ഒരു പുണ്യാളനായിരുന്നെങ്കിൽ ആളുകൾ നിങ്ങളുടെ പക്ഷമായ പാണ്ഡവരിൽ നിന്ന് പുറത്ത് വന്ന് മറ്റൊരു ഗ്രൂപ് തുടങ്ങില്ലായിരുന്നു.
നിങ്ങൾ ചെയ്ത കാര്യങ്ങളിൽ നിങ്ങൾ അത്ര അഭിമാനിക്കുന്നുണ്ടെങ്കിൽ അവ ഉയർത്തിക്കാണിക്കാനാണ് നോക്കേണ്ടത് അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല.
പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത സ്ഥിതിക്ക് ഇതുവരെ നിങ്ങളെ ഞാൻ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു.
എന്നാൽ ഒരൽപം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോൾ നഷ്ടമായിരിക്കുന്നു.
നിങ്ങൾ നേടിയത് എന്താണോ അത് ഉയർത്തിക്കാണിക്കുന്ന വീഡിയോ എടുക്കേണ്ടതിനു പകരം വളരെ തരംതാഴ്ന്ന ക്യാമ്പയിൻ ആണ് നിങ്ങൾ ഉപയോഗിച്ചത്.
നിങ്ങൾ വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാൻ ഊഹിക്കുന്നു നിങ്ങൾ പറയാറുള്ളത് പോലെ സത്യം നടപ്പാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
നിങ്ങൾ എന്റെ ഒരു വോട്ട് നഷ്ടപ്പെടുത്തിയിരിക്കുന്നു.എന്നാൽ വരലക്ഷ്മിയുടെ ആരോപണങ്ങൾക്ക് വിശാൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.