വൈക്കം വിജയലക്ഷ്മിയുടെ വിവാഹമോചന വാർത്തയും അവരുടെ പ്രതികരണവും വലിയ പ്രാധാന്യത്തോടെയാണ് പലരും ഏറ്റെടുത്തത്. എന്നാൽ അവരുടെ ഉറച്ച സ്വരങ്ങൾക്കും നിലപാടുകൾക്കും അഹങ്കാരിയെന്ന ലേബൽ നൽകുന്നവരേയും സോഷ്യൽ മീഡിയയിൽ കാണാനിടയായി. അത്തരക്കാരോട് കൃത്യമായി മറുപടി പറയുകയാണ് ഗവേഷക വിദ്യാർഥി കൂടിയായ ശാരദാ ദേവി.
‘ഡിസേബിൾഡ് ആയ വ്യക്തികൾ പാസ്സീവ് ആയി, നിഷ്‌ക്രിയരായി മറ്റുള്ളവരുടെ കനിവിൽ കഴിയണം. സമൂഹം കൽപ്പിച്ചു വെച്ചിട്ടുള്ള രീതികൾ കടന്നു പെരുമാറിയാൽ, സംസാരിച്ചാൽ ഒരു ഡിസേബിൾഡ് വ്യക്തി അഹങ്കാരിയാകും. ധിക്കാരിയാകും.’ ശാരദാദേവി ചൂണ്ടിക്കാട്ടുന്നു.
ALSO READ
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
വൈക്കം വിജയലക്ഷ്മിയുടെ വിവാഹമോചന വാർത്തയോട് പലരും പ്രതികരിച്ചിരിക്കുന്നത് കാണാനിടയായി. സാധാരണ വിവാഹമോചന വാർത്തകളോടുള്ളതിനേക്കാൾ കുറച്ചധികം ആകാംക്ഷ ആളുകൾക്ക് ഇതിൽ ഉണ്ടെന്നു തോന്നുന്നു. കാരണം ഇവിടെ വിവാഹമോചനം നേടിയത് ഡിസബിലിറ്റിയുള്ള ഒരു സ്ത്രീയായതു കൊണ്ട്, ഡിസബിലിറ്റികളുള്ള സ്ത്രീകൾക്ക് വിവാഹം എന്ന കാര്യം അപ്രാപ്യം ആയതു കൊണ്ട്. എന്താണ് വാസ്തവത്തിൽ സംഭവിച്ചതെന്നത് അവരുടെ സ്വകാര്യ വിഷയം ആണ്.
ഞാൻ ശ്രദ്ധിച്ചത് വേറെ ഒരു കാര്യമാണ്. വൈക്കം വിജയലക്ഷ്മിയെക്കുറിച്ചുള്ള ചില കമന്റുകളിൽ അവർ മഹാ അഹങ്കാരിയാണെന്നും സംസാരരീതി കേട്ടാൽത്തന്നെ അത് മനസിലാകുമെന്നും ഒക്കെ ചിലർ എഴുതിയിരിക്കുന്നു.
എന്ത് കൊണ്ടാണ് ഇങ്ങനെ അവർക്കു തോന്നുന്നത്? സിംപിൾ. വൈക്കം വിജയലക്ഷ്മി എന്ന ഗായിക ബോൾഡ് ആണ്. സംസാരത്തിൽ ആ ബോൾഡ്‌നെസും ആത്മവിശ്വാസവും നമുക്ക് അറിയാൻ കഴിയും. എന്നാൽ അവർക്കു കാഴ്ചയില്ല എന്ന കാരണത്താൽ ഏബ്‌ളിയിസ്റ്റ് ആയ സമൂഹം സംസാരത്തിലും പെരുമാറ്റത്തിലും വിനയവും അടക്കവും ഒതുക്കവും ഒക്കെ പ്രതീക്ഷിക്കും. ഡിസേബിൾഡ് ആയ വ്യക്തികൾ പാസ്സീവ് ആയി, നിഷ്‌ക്രിയരായി മറ്റുള്ളവരുടെ കനിവിൽ കഴിയണം.
സമൂഹം കൽപ്പിച്ചു വെച്ചിട്ടുള്ള രീതികൾ കടന്നു പെരുമാറിയാൽ, സംസാരിച്ചാൽ ഒരു ഡിസേബിൾഡ് വ്യക്തി അഹങ്കാരിയാകും. ധിക്കാരിയാകും. പലപ്പോഴും സ്വന്തം ജീവിതത്തെക്കുറിച്ചു തീരുമാനങ്ങൾ എടുക്കുന്നതിനും അഭിപ്രായങ്ങൾ തുറന്നു പറയുന്നതിനും ആയിരിക്കും ഇത്തരം പട്ടങ്ങൾ ചാർത്തിക്കിട്ടുക. ഇവിടെ അതാണ് ഞാൻ കണ്ടത്.
ALSO READ
ഒരേ സമയം പാട്രിയാർക്കിയും ഏബ്‌ളിയിസവും ആണ് അത്തരം കമന്റുകളിൽ കണ്ടത്. ഒരു നോൺ-ഡിസേബിൾഡ് സ്ത്രീക്ക് വിവാഹവും വിവാഹമോചനവും സാധ്യമെങ്കിൽ അത് പോലെ തന്നെ നോർമലൈസ് ചെയ്തു വേണം ഇതിനെയും കാണാൻ. കാരണം അവരും ഒരു സാധാരണ മനുഷ്യ സ്ത്രീയാണ്. ശരികളും തെറ്റുകളും എല്ലാം ഉള്ള ഒരു സ്ത്രീ. ഡിസേബിൾഡ് വ്യക്തികൾ ദിവ്യാവതാരങ്ങളെന്നും പ്രത്യേകമായ, അമാനുഷികമായ എന്തൊക്കെയോ കഴിവുകൾ ഉള്ളവരെന്നും ഉള്ള തെറ്റായ പൊതുബോധം കൂടി ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ആ പൊതുബോധം മാറി ഡിസബിലിറ്റിയെ വൈവിധ്യമായി കരുതാൻ സമൂഹം ശ്രമിക്കേണ്ടിയിരിക്കുന്നു.
കാർട്ടൂൺ ചിത്രം എടുത്തിരിക്കുന്നത് Feminism in India വെബ്സൈറ്റിൽ നിന്ന്. കണ്ണുകൾ ഇല്ലാത്ത, രണ്ടു കൈകളിലും ക്രച്ചസ് പിടിച്ചു നിൽക്കുന്ന, ആടയാഭരണങ്ങൾ ധരിച്ച ഒരു ഡിസേബിൾഡ് വധുവിന്റെ അവ്യക്തരൂപം ആണ് ചിത്രത്തിൽ.
ശാരദാ ദേവി. വി
ഗവേഷക വിദ്യാർത്ഥി