നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് ഉഷ ഉതുപ്പ്. ഗായികയ്ക്ക് പിന്നാലെ അഭിനേത്രിയായും ഉഷാ ഉതുപ്പ് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറി. മലയാളത്തിന്റെ സൂപ്പർഹിറ്റ് ഡയറക്ടർ ജോഷി ഒരുക്കിയ പോത്തൻവാവ എന്ന സിനിമയിലെ ഉഷാ ഉതിപ്പിന്റെ വേഷം ആരാധകർ ഏറ്റെടുത്തിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പോത്തൻവാവയിൽ മമ്മൂട്ടിയുടെ അമ്മയായിട്ടായിരുന്നു ഉഷാ ഉതുപ്പ് അഭിനയിച്ചത്. സൂപ്പർഹിറ്റായ ഈ സിനിമയിലെ ഉഷാ ഉതുപ്പിന്റെ വേഷത്തിന് ഏറെ കൈയ്യടി കിട്ടിയിരുന്നു. റോപ്പ് ഗാനങ്ങൾ അടക്കം പാടാൻ അസാമാന്യ കഴിവുള്ള ഉഷാ ഉതുപ്പിന്റെ മകളും പേരക്കുട്ടിയും എല്ലാം സെലിബ്രിറ്റി ഗായകരാണ്. എല്ലാവരും സ്‌നേഹത്തോടെ ദീദി എന്ന് വിളിക്കുന്ന ഉഷ ഉതുപ്പ് കാലങ്ങളായി കൊൽക്കത്തയിലാണ് സ്ഥിരതാമസം.
എപ്പോഴും നന്നായി അണിഞ്ഞൊരുങ്ങി മുല്ലപ്പൂ ഒക്കെ ചൂടി മാത്രം എല്ലാവർക്കും മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഉഷ ഉതുപ്പിന്റെ പ്രത്യേകത തന്നെ അവരുടെ ഫെസ്റ്റീവ് മൂഡിലുള്ള ശബ്ദവും എപ്പോഴും ചിരിക്കുന്ന മുഖവുമാണ്. എന്നാൽ തന്റെ ജീവിതത്തിലെ സ്വകാര്യ ദുഃഖങ്ങളെ കുറിച്ച് പറയുകയാണ് ഉഷ ഉതുപ്പ് ഇപ്പോൾ. കൊവിഡ് കാലത്ത് കൊൽക്കത്തയിലായിരുന്ന ഗായിക രണ്ടര വർഷത്തിന് ശേഷമായി കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്. മക്കളേയും കൊച്ചുമക്കളേയുമൊന്നും കൊവിഡ് സമയത്ത് താൻ കണ്ടിട്ടില്ല. തന്റെ കൂടെയുണ്ടായിരുന്നത് മകനായിരുന്നുവെന്നും ഉടൻ പണത്തിൽ അതിഥിയായെത്തിയതിനിടെ ഉഷ ഉതുപ്പ് വെളിപ്പെടുത്തുന്നു.
മകന് വൃക്ക മാറ്റിവെക്കൽ നടത്തിയെങ്കിലും അത് പരാജയമായി. ഡയാലിസിസൂടെയായാണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോവുന്നത്. വിഷമതകൾക്കിടയിലും തന്റെ സന്തോഷം സംഗീതമാണെന്നും ദീദി പറയുന്നു. കൊവിഡ് എല്ലാരംഗത്തും വളരെ മോശമായി ബാധിച്ചപ്പോൾ സംഗീതത്തെ ബാധിച്ചിരുന്നില്ല. സംഗീതം മാത്രമാണ് എന്നും തനിക്ക് ആശ്വാസമെന്നും അവർ പറയുന്നുണ്ട്.
അതേസമയം തന്റെ അണിഞ്ഞൊരുങ്ങുന്ന ശീലം മാറിയതിനെ കുറിച്ചും ഉഷ ഉതുപ്പ് പറയുന്നുണ്ട്. തുടക്കത്തിൽ താൻ സിംപിളായിരുന്നു. ഇത്രയധികം ആഭരണങ്ങളോ വലിയ പൊട്ടോ ഒന്നും ഉപയോഗിച്ചിരുന്നില്ല. പിന്നീടാണ് ഇതൊക്കെ ഉപയോഗിച്ച് തുടങ്ങിയത്. ആദ്യമൊക്കെ 150 രൂപയുടെയൊക്കെ സാരിപോലും ഉപയോഗിച്ചിരുന്നു. പിന്നീട് സ്വന്തമായി സമ്പാദിച്ച് തുടങ്ങിയപ്പോഴാണ് വില കൂടിയ പട്ടുസാരികൾ വാങ്ങിക്കാനൊക്കെ തുടങ്ങിയത്. എപ്പോഴും മുല്ലപ്പൂ വെക്കും. വലിയ പൊട്ടും കുപ്പിവളയുമൊക്കെ തന്റെ യുഎസ്പിയായി മാറുകയായിരുന്നുവെന്നും താരം പറയുന്നുണ്ട്.
കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ഒക്കെ കൊൽക്കത്തയിലായിരുന്നു. ഭർത്താവും മകളും മരുമകനും കൊച്ചുമക്കളുമെല്ലാം കേരളത്തിലായിരുന്നു. രണ്ടര വർഷത്തോളം അവരെയൊന്നും കാണാതെയാണ് കഴിഞ്ഞത്. ഭർത്താവ് അടുത്തിടെയാണ് കൊൽക്കത്തയിലേക്ക് തിരിച്ചെത്തിയതെന്നും ഉഷ ഉതുപ്പ് പറയുന്നുണ്ട്.
ഭർത്താവിന്റെ അമ്മ കുടുംബവീട്ടിലുണ്ടായിരുന്നു. അമ്മയെ കാണാനാഗ്രഹമുണ്ടെങ്കിലും ആ സമയത്ത് വരാനായിരുന്നില്ല. 96 വയസുണ്ടെങ്കിലും ആളിപ്പോഴും ഫുൾ എനർജറ്റിക്കാണെന്നും സന്തോഷത്തോടെ ദീദി പറയുന്നു.
നേരത്തെ തന്നെ മകനായ സണ്ണിയുടെ അസുഖാവസ്ഥയെക്കുറിച്ച് ഉഷ ഉതുപ്പ് തുറന്നുപറഞ്ഞിരുന്നു. ദീദിയുടെ മകന് പെട്ടെന്ന് തന്നെ ഭേദമാവട്ടെ, ഈ അവസ്ഥയിൽ നിന്നും മാറാൻ കഴിയുമെന്നുമാണ് ആരാധകർ ആശ്വസിപ്പിക്കുന്നത്. കൂടാതെ ഷോയിൽ മകനെക്കുറിച്ച് പറഞ്ഞ് സങ്കടപ്പെട്ട ദീദിയെ ജഗദീഷ് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.