വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട്-ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് മകൾ. മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടുകൂടിയാണ് ഇരുവരുടേയും. ജയറാം-സത്യൻ കൂട്ടുകെട്ട് ഒന്നിക്കുമ്പോഴെല്ലാം ഒരു വിജയം ഉറപ്പാണ്. അത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ ഒരു കാലഘട്ടത്തിൽ പുറത്തിറങ്ങുകയും ചെയ്തിരുന്നു.
പൊൻമുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ദുബായ്ക്കാരൻ പവിത്രനായിട്ടാണ് ജയറാം സത്യൻ അന്തിക്കാടിന്റെ സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മഴവിൽക്കാവടിയിലെ വേലായുധൻകുട്ടി പോലുള്ള മികച്ച കഥാപാത്രങ്ങൾ ജയറാമിന് നൽകാനും സത്യൻ അന്തിക്കാടിനായി.
ALSO READ
എന്റെ കണ്ണുകളിൽ തിളക്കം കാണുന്നുണ്ടോ? കാരണം വ്യക്തമാക്കി അഹാന കൃഷ്ണ
സത്യൻ അന്തിക്കാട് സിനിമകളിലെ തന്റെ കഥാപാത്രങ്ങളുടെ കരുത്തിനെ കുറിച്ച് പറയുകയാണ് നടൻ ജയറാം. അതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടെന്നാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറയുന്നത്.
പൊൻമുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ സത്യൻ അന്തിക്കാട് പുലർത്തിയ സൂക്ഷ്മതയെ കുറിച്ചും നിലപാടിനെ കുറിച്ചുമാണ് ജയറാം പറയുന്നത്.
‘സത്യേട്ടന്റെ സിനിമകളിലൂടെ മലയാളി സ്വന്തം ജീവിതവും കുടുബാന്തരീക്ഷവും കണ്ട് അത്ഭുതപ്പെടുകയാണ്. തമാശകൾ പലതും കുറിക്കുകൊള്ളുന്നതാണ്. കഥാപാത്രത്തിന്റെ കണ്ണിലെ നനവ് കണ്ണീരായി പ്രേക്ഷകരിലേക്ക് ഒലിച്ചിറങ്ങും. സംവിധായകന്റെ വായനയും എഴുത്തും സാഹിത്യനിരീക്ഷണവുമെല്ലാം കഥാപാത്രങ്ങൾക്ക് കരുത്ത് നൽകുന്നതായി തോന്നിയിട്ടുണ്ട്.
ഒരു സംഭവം പറയാം: ‘പൊൻമുട്ട യിടുന്ന താറാവി’ന്റെ അവസാനരംഗം. ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി നാടാകെ ഇളക്കിമറിച്ചശേഷം (അവസാനസീനിൽ) ഉർവശിയുടെ കഥാപാത്രം (സ്നേഹലത) ബെഡ്റൂമിൽ ഇരിക്കുന്നു. അവിടേക്ക് ഞാൻ അവതരിപ്പിക്കുന്ന പവിത്രൻ വന്നുകയറുന്നു.
ALSO READ
ഒരടി ഇപ്പോൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ കാണുന്നവരും കട്ടിലിൽ ഇരിക്കുന്ന സ്നേഹലതയും. എന്തോ സംഭവിക്കാൻ പോകുന്നു എന്ന അവസ്ഥ നിലനിൽക്കുമ്പോൾത്തന്നെ ‘വാ പോകാം’ എന്നുപറഞ്ഞ് ബാഗുമെടുത്ത് സ്നേഹലതയേയും കൂട്ടി നടക്കുന്നു.
ചിത്രീകരണസമയത്തും, തീയ്യേറ്ററിൽ സിനിമ കണ്ടവരും ‘ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ… എന്നു ചോദിച്ചിട്ടുണ്ട്. പക്ഷെ, സത്യേട്ടൻ പറഞ്ഞത് ”വേണ്ട… എന്റെ സിനിമയിൽ ജയറാം അത് ചെയ്യേണ്ട. സ്ത്രീയെ അടിക്കുന്ന രംഗം ഉൾപ്പെടുത്തേണ്ട എന്നാണ്. വേറെ സിനിമയിൽ ജയറാം ചെയ്തേക്കാം പക്ഷെ നമുക്കത് വേണ്ട.” ഇത്തരം ചില കാര്യങ്ങൾ കൊണ്ടു കൂടെയാകാം സത്യേട്ടന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടുന്നത്,’ ജയറാം പറയുന്നുണ്ട്.
തന്റെ സിനിമകളിൽ ജയറാമിനെ കാണാൻ ഇഷ്ടമാണെന്ന് തന്നോടുതന്നെ പലരും പറഞ്ഞിട്ടുണ്ടെന്നും അതെന്തു കൊണ്ടാണെന്ന് ചോദിച്ചാൽ കൃത്യമായൊരുത്തരം നൽകാനറിയില്ലെന്നുമായിരുന്നു ഇതേ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞത്. അതൊരു മാജിക്കാകാം. ഞങ്ങൾ തമ്മിലുള്ള മാനസിക ഐക്യം സിനിമകൾക്ക് ഗുണം ചെയ്യുന്നുണ്ടാകും.
ലളിതച്ചേച്ചി പറയാറുണ്ട് സത്യൻ സീൻ വിവരിക്കുമ്പോൾ അഭിനയിച്ചു കാണിക്കാറില്ല പക്ഷെ സത്യൻ വായിക്കുമ്പോൾ എങ്ങനെ ചെയ്യണമെന്ന് കൃത്യമായി മനസ്സിലാകുമെന്ന്. ജയറാമിനും അത് പിടികിട്ടുന്നുണ്ടാകും.