മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ മലയാളം റിലീസ് ആയാണ് മധുരരാജ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.
എന്നാല്‍ പേരന്‍പുടെ തമിഴിലും യാത്രയിലൂടെ തെലുങ്കിലും ഓരോ ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി ഈ വര്‍ഷം ഇതിനകം തീയേറ്ററുകളിലെത്തിയിട്ടുണ്ട്.
വലിയ തീയേറ്റര്‍ കൗണ്ടാണ് മധുരരാജയ്ക്ക് ലഭിച്ചത്. കേരളത്തിലെ 261 സ്‌ക്രീനുകള്‍ അടക്കം ലോകമെമ്പാടും 820 തീയേറ്ററുകള്‍.
ചിത്രം കണ്ടതിന് ശേഷമുള്ള തന്റെ വ്യക്തിപരമായ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് യുവതാരം ഉണ്ണി മുകുന്ദന്‍.
മമ്മൂട്ടി ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ചിത്രം ഒരുപോലെ ഇഷ്ടപ്പെടുമെന്ന് പറയുന്നു ഉണ്ണി മുകുന്ദന്‍.
ഉണ്ണി മുകുന്ദന്‍ മധുരരാജയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
മധുരരാജ കണ്ടു. നര്‍മ്മവും ആക്ഷനും വൈകാരികതയുമൊക്കെ ചേര്‍ന്ന രസകരമായ ഒരു യാത്രയാണ് ചിത്രം. കുടുംബത്തിനും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. മമ്മൂക്കയുടെ മാസ് ഇന്‍ട്രൊ സീനും ആക്ഷന്‍ രംഗങ്ങളും പ്രത്യേകം ഇഷ്ടപ്പെട്ടു.
മമ്മൂട്ടി ആരാധകര്‍ക്കും മറ്റ് സിനിമാസ്വാദകര്‍ക്കും ചിത്രം നന്നായി ഇഷ്ടപ്പെടും. ഗംഭീരമായി സംവിധാനം ചെയ്ത വൈശാഖേട്ടന് ഒരു വലിയ സല്യൂട്ട്.
എല്ലാ സംവിധായകര്‍ക്കും നിലവാരത്തിന്റെ ഒരു മാനദണ്ഡം സൃഷ്ടിക്കും അദ്ദേഹം. ഉദയേട്ടന്റെ രചനയും എടുത്തുപറയണം. ഒപ്പം അഭിനേതാക്കളുടെയൊക്കെ പ്രകടനങ്ങളും.
ഒരിക്കല്‍ക്കൂടി മമ്മൂക്ക തെളിയിച്ചിരിക്കുന്നു, ‘രാജ സൊല്ലരര് താന്‍ സെയ്വാന്‍, സെയ്യരത് മട്ടും താന്‍ സൊല്‍വാന്‍’