ജീവിതത്തിൽ ഒരു സൂപ്പർതാരത്തെയും ഞാൻ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല: വിജയിയെ കുറിച്ച് ഉണ്ണിമുകുന്ദൻ

43

തെന്നിന്ത്യൻ സൂപ്പർതാരം തമിഴകത്തിന്റെ സ്വൻതം ദളപതി വിജയിയ്ക്ക് പിറന്നാളാശംസകൾ നേർന്ന് യുവ നടൻ ഉണ്ണി മുകുന്ദൻ.

ആദ്യ ചിത്രമായ സീഡന്റെ പ്രിവ്യൂ ഷോയുടെ ഭാഗമായി ചെന്നൈയിൽ ചെന്ന സമയത്ത് വിജയിയെ കണ്ട് മുട്ടിയ അനുഭവം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisements

വിജയിയും ആറ്റ്ലിയും വീണ്ടും ഒന്നിക്കുന്ന ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചായിരുന്നു ഉണ്ണി മുകുന്ദന്റെ ആശംസ.

സിദ്ദിക്ക് സംവിധാനം ചെയ്ത് ദിലീപ് നയൻതാര ജോഡികൾ ഒന്നിച്ച ബോഡിഗാർഡിന്റെ പ്രിവ്യൂ കാണാൻ വന്നതാണ് വിജയ് എന്നും സിനിമ തമിഴിലേയ്ക്ക് റീമെയ്ക്ക് ചെയ്യാൻ താൽപ്പര്യമുണ്ടെന്നും വിജയ് പറഞ്ഞതായും ഉണ്ണി മുകുന്ദൻ കുറിച്ചു.

കാവലൻ എന്ന പേരിലാണ് ബോഡിഗാർഡ് തമിഴിലേയ്ക്ക് റീമെയ്ക്ക് ചെയ്തത്.

താരജാഡകളില്ലാത്ത പച്ചയായ മനുഷ്യനാണ് വിജയ് എന്നും അദ്ദേഹം തമിഴ്‌നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുകയാണെന്നും ഉണ്ണിയുടെ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബിൽ നടന്നിരുന്നു.

അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോൾ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടത്.

ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാൻ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി. ഒടുവിൽ സംശയം തോന്നി അടുത്തേക്ക് ചെന്ന് അൽപം പേടിയോടെ തന്നെ ഞാൻ ചോദിച്ചു വിജയ് സാർ അല്ലേ.

ചിരിച്ചുകൊണ്ട് അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ഒരു നിമിഷം ഞാൻ അങ്ങ് ഞെട്ടിത്തരിച്ചുപോയി.

ഞാൻ അദേഹത്തിന്റെ എത്രത്തോളം വലിയ ഫാൻ ആണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാൻ ഉള്ള തത്രപാട് കണ്ട് അദ്ദേഹം തന്നെ ഒന്ന് ചിരിച്ചു.

അന്ന് ഒരു ഫോൺ പോലും എന്റെ കൈയിൽ ഇല്ലാതിരുന്നത് കൊണ്ട് ഒരു ഫോട്ടോ പോലും എടുക്കാൻ സാധിച്ചില്ല. താൻ ദിലീപേട്ടന്റെ ബോഡിഗാർഡ് എന്ന സിനിമയുടെ പ്രിവ്യൂ കാണാൻ വന്നതാണെന്നും അത് റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു.

പരസ്പരം ആശംസകൾ നേർന്നു ഞങ്ങൾ ഇരുവരും പിരിഞ്ഞു. വിജയ് സാർ പിന്നീട് കാവലൻ എന്ന പേരിൽ ബോഡിഗാർഡ് ചെയ്ത സൂപ്പർ ഹിറ്റ് ആക്കി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി.

ജീവിതത്തിൽ ഒരു സൂപ്പർതാരത്തിനെയും ഞാൻ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല. അത്രയ്ക്കും ഒരു പച്ച മനുഷ്യൻ ആയാണ് അദ്ദേഹം അവിടെ നിന്നത്.

ഇത്രയും വർഷങ്ങൾക്കു ശേഷവും ഇന്നും അദ്ദേഹം തമിഴ്നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുന്നു.

വിജയ് എന്ന സൂപ്പർ താരത്തെ ആരാധിച്ചിരുന്ന ഞാൻ അന്നുതൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാൻ തുടങ്ങി. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അണ്ണാ.

Advertisement