യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും എത്തി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ. നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.
ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറം സിനിമയുടെ വൻ വിജയം താരത്തിന്റെ മൂല്യം ഉയർത്തുകയും ചെയ്തു.
ഇപ്പോഴിതാ ഉണ്ണിമുകുന്ദന് നഷ്ടപ്പെട്ട ഒരു ഹിറ്റ് ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. പൃഥ്വിരാജും പാർവതിയും ടൊവിനോ തോമയും അഭിനയിച്ച് വലിയ ഹിറ്റ് ആയി മാറിയ ‘എന്ന് നിന്റെ മൊയ്തീൻ’ ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് ഉണ്ണി മുകുന്ദനാണെന്നാണ് വെളിപ്പെടുത്തൽ.
ചിത്രത്തിന്റെ സംവിധായകൻ ആർഎസ് വിമൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മൊയ്തീൻ ചെയ്യുന്നതിന് മുൻപ് എനിക്ക് സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടിയൊരു ഷോർട് ഫിലിം ഉണ്ടായിരുന്നു. ജലം കൊണ്ട് മുറിവേറ്റവർ. അതിലെ മൊയ്തീൻ സിനിമ ആക്കാൻ വേണ്ടി ഇങ്ങനെ നടക്കുക ആയിരുന്നു.”
”ഞാൻ എന്റെ കാറുമായി തിരുവനന്തപുരത്ത് നിന്ന് വണ്ടിയോടിച്ച് കുടകിലേക്ക് പോയി. എന്റെ മനസിൽ ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലത്തെ മുഖവും ഒക്കെ ആയിരുന്നു. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. എന്റെ മൊയ്തീൻ താങ്കൾ ആണ്. ഇതൊന്ന് കണ്ട് നോക്കൂവെന്ന് ഉണ്ണിയോട് പറഞ്ഞു.’- എന്നും ആർഎസ് വിമൽ വെളിപ്പെടുത്തുന്നു.
ഉണ്ണി മുകുന്ദൻ അതെല്ലാം കണ്ടു. അതിൽ അച്ഛൻ മൊയ്തീനെ കുത്തുന്നൊരു രംഗം പറയുമ്പോൾ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കി. ഉണ്ണി ഒരു മാടപ്രാവാണെന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വലിയ ശരീരവും പക്ഷേ നൈർമല്യം പെട്ടെന്ന് ഫീൽ ചെയ്യുന്നൊരു മനസുമാണ് അദ്ദേഹത്തിന്. ആ രംഗം പുള്ളിക്ക് താങ്ങാൻ പറ്റാതെ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്ന് പറഞ്ഞു’,-ആർ എസ് വിമൽ പറയുന്നു.
ഇക്കാര്യം ആർ.എസ് വിമൽ കഥയും തിരക്കഥയും രചിച്ച് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ശശിയും ശകുന്തളയുടെയും ട്രെയിലർ ലോഞ്ചിൽ വെച്ചാണ് വെളിപ്പെടുത്തിയത്.
ആർഎസ് വിമലിന്റെ ആദ്യ ചിത്രമായ എന്ന് നിന്റെ മൊയ്തീൻ 2015ൽ ആണ് റിലീസ് ചെയ്തത്. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. ബാല, സായ്കുമാർ, ലെന, സുരഭി ലക്ഷ്മി, സുധീർ കരമന, തുടങ്ങിയവരും ചിത്രത്തിലെ പ്രധാനപ്പെട്ട വേഷത്തിലെത്തിയിരുന്നു.