മലയാള സിനിമയിലെ ശ്രദ്ധേയനായ യുവനടന് ഉണ്ണി മുകുന്ദന് നായകനായി പുറത്തിറങ്ങിയ ഏറ്റവു പുതിയ ചിത്രമാണ് മാളികപ്പുറം. റിലിസ് ചെയ്ത തിയ്യറ്ററുകളില്‍ നിന്നെല്ലാം മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം ഇപ്പോള്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നേറി കൊണ്ടിരിക്കുകയാണ്. സിനിമ ഭക്തജനങ്ങള്‍ ഏറ്റെടുത്തതാണ് വിജയ കാരണമെന്ന് നായകന് ഉണ്ണിമുകുന്ദനും പ്രതികരിച്ചിരുന്നു. സിനിമ ഏറ്റെടുത്ത ഭക്തജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും താരം പന്തളത്ത് എത്തി നന്ദി പ്രകാശിപ്പിച്ചിരുന്നു.
‘കുഞ്ഞിക്കൂനന്’ ഉള്‍പ്പടെയുള്ള മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന് വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.
വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.
ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന വിവിധ കോണുകളില്‍ നിന്നുള്ള പ്രശംസയ്ക്ക് പിന്നാലെ ചിത്രത്തെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് മേജര്‍ രവി. അദ്ദേഹം ‘മാളികപ്പുറ’ത്തെയും ഉണ്ണി മുകുന്ദനെയും സിനിമയിലെ ബാലതാരങ്ങളെയും എല്ലാം വാനോളം പുകഴ്ത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്.
താന്‍ ചെന്നൈയില്‍ വെച്ച് സിനിമ കണ്ടെന്ന് തുടങ്ങുന്ന ഫേസ്ബുക്കില്‍ ദീര്‍ഘമായ കുറിപ്പാണ് മേജര്‍ രവി പങ്കുവച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ സ്ക്രീന്‍ പ്രസന്‍സാണ് സിനിമയുടെ ആത്മാവെന്നും വളരെ തന്മയത്വത്തോടെയും പക്വതയോടെയുമാണ് താരം അഭിനയിപ്പിച്ച് പൊലിപ്പിച്ചതെന്നും മേജര്‍ രവി പറയുന്നു. ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നവര്‍ ആണെന്നും മേജര്‍ രവി കുറിക്കുന്നു.
മേജര്‍ രവിയുടെ കുറിപ്പ്:
‘ഞാൻ ഇന്നലെ ചെന്നൈ വെച്ച് മാളികപ്പുറം എന്ന സിനിമ കാണുകയുണ്ടായി.. കുറേ കാലത്തിനു ശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ സാധിച്ച ഒരു മലയാള സിനിമ. എൻ്റെ മനസ്സിനേ ആഴത്തിൽ സ്പർശിച്ച ഈ ചിത്രത്തെ കുറിച്ച് പല രീതിയിലുള്ള വിമർശനങ്ങൾ ഞാൻ കേട്ടു. ഏതെങ്കിലും ഒരു പാർട്ടിയുടേയോ മതത്തിൻ്റെയോ പേരിൽ മാറ്റി നിർത്ത പ്പെടുകയോ അവ ഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി തന്നേ കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും മാളികപ്പുറം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.’
‘ കുടുംബ പ്രാരാബ്ധങ്ങളിലൂടെ ജീവിതം തള്ളിനീക്ക പ്പെടുമ്പോഴും തൻ്റെ കുഞ്ഞിനോട് ഒരച്ഛൻ കാണിക്കുന്ന കമീറ്റ്മെൻ്റ്… അത് സൈജു കുറുപ്പ് വളരെ മനോഹരമായി ചെയ്തിരിക്കുന്നു.. ആ കഥാപാത്രത്തിൻ്റെ ജീവിത യാത്രയുടെ പല ഭാഗങ്ങളും ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എൻ്റെ കണ്ണുകൾ നനയിച്ചു.. ഞാൻ അറിയാതെ എവിടേയ്ക്ക് ഒക്കെയോ എൻ്റെ മനസ്സ് സഞ്ചരിച്ചു.. അത്പോലെ മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചിരിക്കുന്ന ദേവനന്ദ, അവളുടെ സുഹൃത്തായ ശ്രീപദ് എന്നീ കുട്ടികളുടെ നിഷ്കളങ്ക ബാല്യ കാലം ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്..’
‘ ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ഇതിനെ കുറിച്ച് എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇപ്പൊൾ എഴുതുന്നത്..ഉണ്ണി മുകുന്ദൻ എന്ന താരത്തിൻ്റെ സ്ക്രീൻ പ്രെസൻസാണ് ചിത്രത്തിൻ്റെ ആത്മാവ്. വളരേ തന്മയത്വത്തോടെയും പക്വതയോടെയുമാണ് ഉണ്ണി അഭിനയിപ്പിച്ച് പൊലിപ്പിച്ചത്. Unni Mukundan അത്പോലെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കരിയറിലെ തന്നെ മികച്ച സ്ക്രീൻ പ്ലെയാണ് ഈ ചിത്രം..ഷമീർ മുഹമ്മദിൻ്റെ എഡിറ്റിങ്ങും മികച്ചുനിൽക്കുന്നു.’
‘ഈ സിനിമയുടെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയാതെ വയ്യ.. അത്രത്തോളം മികച്ച രീതിയിൽ ആണ് രഞ്ജിൻ രാജ് സംഗീതം ഒരുക്കിയത്. തിരക്കഥ ആയിക്കോട്ടെ, ഛായാഗ്രഹണം ആയിക്കോട്ടെ.. എല്ലാം ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു.. അതിൽ എല്ലാം ഉപരിയായി വിഷ്ണു ശങ്കർ ഒരു തുടക്ക ക്കാരൻ ആണെന്ന് പോലും പറയിക്കാത്ത രീതിയിൽ സംവിധായ കൻ്റെ ചുമതല കൃത്യമായി നിർവഹിച്ചു..അച്ഛൻ്റെ കഴിവുകൾ പകർന്നു കിട്ടിയ അനുഗ്രഹീത കലാകാരൻ കൂടിയാണ് സംവിധായകൻ വിഷ്ണു ശങ്കർ. ഇതൊക്കെ സിനിമയുടെ ടെക്നിക്കൽ സൈഡ്.’
‘ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നവർ തന്നെയാണ്. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറം. ഈ ചിത്രം കണ്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ വലിയൊരു നഷ്ടം ആകുമായിരുന്നു എന്ന് എനിക്ക് തോന്നി.. നമ്മുടേ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്കാരം തിരിച്ച് പിടിക്കാൻ തോന്നിപ്പിക്കുന്ന സിനിമയായിട്ടാണ് മാളികപ്പുറം എന്ന സിനിമയെ ഞാൻ കാണുന്നത്.’
‘അടുത്ത കാലത്ത് കണ്ട മലയാള സിനിമകളിൽ മനസ്സ് കൊണ്ട് ഇഷ്ടം തോന്നിയ മറ്റൊരു ചിത്രമായിരുന്നു “ന്നാ താൻ കേസ് കൊട്”. അതും ഇതുപോലെ ഒരു സിനിമയായി കണ്ട് ആസ്വദിച്ച ചിത്രമായിരുന്നു.’