അടുത്തകാലത്തായി തീയേറ്ററുകളിലെത്തിയ സിനിമകളിലെല്ലാം വിജയം കൊയ്ത താരമാണ് ഉണ്ണി മുകുന്ദന്‍. ഷെഫീഖിന്റെ സന്തോഷവും മാളികപ്പുറം സിനിമയും എല്ലാം തീയേറ്ററുകളില്‍ വിജയം കൊയ്തു. എന്നാല്‍ മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉയര്‍ന്നു,
ഇതിനിടെ, സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ മലപ്പുറത്തെ യൂട്യൂബ് വ്‌ലോഗറെ തെറി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്ത് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെന്നും പറഞ്ഞ കാര്യങ്ങളോട് എതിര്‍പ്പില്ലെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
‘എന്റെ അച്ഛനെയോ അമ്മയേയോ കൂടെ വര്‍ക്ക് ചെയ്ത ആ ചെറിയ കുട്ടിയേയോ ആര് തെറി പറഞ്ഞാലും ഞാന്‍ തിരിച്ച് തെറി പറയും. ഇനി എത്ര വലിയ ആരാണെങ്കിലും എനിക്കത് വിഷയമല്ല’- എന്നാണ് കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയില്‍ താരം മനസ് തുറന്നത്.
തന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. തന്നെ വളര്‍ത്തിയത് തന്റെ അച്ഛനും അമ്മയുമാണ്. ഇതിന്റെ പേരില്‍ സിനിമാ ജീവിതം പോകുമെന്നോ മറ്റ് കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടോ വോയിസ് റെക്കോര്‍ഡിംഗ് പുറത്തുവിട്ടിട്ടോ ഒന്നും നടപടിയാകില്ലെന്നും താനിങ്ങനെയാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
ഒരു പരിധിവരെയൊക്കെ താന്‍ ക്ഷമിക്കും. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുമെന്നും താന്‍ അങ്ങനെയാണ്. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ല. തന്നെ താനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്.
സിനിമയില്‍ അഭിനയിക്കുന്നത് സിനിമാ നടന്‍ അയിരിക്കണമെന്നുള്ളതു കൊണ്ടാണ്. നിങ്ങള്‍ ഇഷ്ടപ്പെടുന്നത് ഉണ്ണി മുകുന്ദന്‍ എന്ന നടനെ മാത്രമല്ലെന്നും ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെക്കൂടിയാണെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്നും താരം പറയുന്നു. പത്ത് വര്‍ഷം മുമ്പ് ഞാന്‍ ആരാണെന്നോ എങ്ങനെയാണെന്നോ തെളിയിക്കേണ്ട ആവശ്യമില്ലായിരുന്നെന്നും ഉണ്ണി മുകുന്ദന്‍ വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഒരിക്കലും പെരുമാറാന്‍ പാടില്ലാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് കുറച്ചുപേരെ വേദനിപ്പിച്ചു. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ട്. പക്ഷേ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് ഒട്ടും എതിര്‍പ്പില്ലെന്ന് താരം വിശദീകരിച്ചു.