ഒരുകാലത്ത് മലയാളത്തില്‍ നായകയായും സഹനടിയായും തിളങ്ങിയ താരമാണ് ഉണ്ണി മേരി. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഉണ്ണി മേരി മലയാളികളുടെ പ്രിയ താരം കൂടിയാണ്. 1969 ല്‍ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തില്‍ തന്റെ ആറാം വയസില്‍ ഉണ്ണി മേരി ബാലതാരമായി എത്തുന്നത്.
1972 ല്‍ ശ്രീ ഗുരുവായൂരപ്പന്‍ എന്ന ചിത്രത്തില്‍ ശ്രീ കൃഷ്ണന്‍ ആയും താരം അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് വിന്‍സെന്റിന്റെ നായികയായി പിക്കിനിക്ക് എന്ന ചിത്രത്തില്‍ എത്തിയ ഉണ്ണി തുടര്‍ന്ന് പ്രേം നസീര്‍ , രജനികാന്ത് , കമല്‍ ഹസന്‍ , ചിരഞ്ജീവി എന്നിവരുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ കൂടുതലും ഉണ്ണിമേരി തിളങ്ങിയത് ഗ്ലാമര്‍ വേഷങ്ങളില്‍ ആയിരുന്നതു കൊണ്ട് തന്നെ അക്കാലത്ത് നിരവധി ഗോസിപ്പുകളൂം നടിയെ കുറിച്ച് പരന്നിരുന്നു. തമിഴില്‍ സജീവമായിരുന്ന കാലത്ത് അവര്‍ യൂത്ത് കോണ്‍ഗ്രസിന്റെ കള്‍ച്ചറല്‍ വിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. മധുരയില്‍ നിന്നും പാര്‍ലമെന്റിലേക്കു മത്സരിക്കാന്‍ അവസരം ലഭിച്ചെങ്കിലും മലയാളി ആയതിനാല്‍ അവസാനം നടിയെ ഒഴിവാക്കുകയായിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ഉണ്ണിമേരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഐവി ശശിയുടെ സിനിമയുടെ ഷൂട്ട് നടക്കുമ്പോഴായിരുന്നു സംഭവം. തങ്ങളെല്ലാവരും ഒരു ഹോട്ടലിലാണ് കഴിഞ്ഞതെന്നും ഒരുദിവസം പ്രായമായ തന്റെ അച്ഛന്‍ തന്നെ കാണാനെത്തിയെന്നും അപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെല്ലാം വളരെ മോശമായി അച്ഛനോട് പെരുമാറിയെന്നും ഉണ്ണിമേരി പറയുന്നു.
തന്നെ ഒന്നു കാണാന്‍ പോലും അനുവദിക്കാതെ അച്ഛനെ അവര്‍ മടക്കിയയച്ചു. ഒത്തിരി അപമാനിതനായിട്ടാണ് അച്ഛന്‍ മടങ്ങിയതെന്നും അതറിഞ്ഞപ്പോള്‍ തനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും താന്‍ മുറിയില്‍ കയറി വാതിലടച്ച് ഉറക്കഗുളികള്‍ വാരിക്കഴിച്ചുവെന്നും മമ്മൂട്ടി ഇടപെട്ടായിരുന്നു വാതില്‍ തുറപ്പിച്ചതെന്നും അദ്ദേഹമുള്ളത് കൊണ്ടാണ് ഞാന്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നതെന്നും ഉണ്ണിമേരി പറയുന്നു.