-ഫഖ്റുദ്ധീൻ പന്താവൂർ
‘ഒരു ഉണ്ടയുമില്ല അണ്ടിയുമില്ല. നമ്മുടെ ജീവൻ നാം തന്നെ കാക്കണം’ എസ്ഐ മണി മമ്മൂട്ടിയുടെ എസ് ഐ കഥാപാത്രം ഏറെ നിസ്സഹായനായി പറയുന്ന ഡയലോഗാണിത്.
നമ്മുടെ പോലീസ് ജീവിതത്തിന്റെ റിയലിസ്റ്റിക്ക് അംശം ഇതിലും മനോഹരമായി അടയാളപ്പെടുത്തുന്ന മറ്റൊരു സിനിമയില്ല.
അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രം നമ്മുക്ക് സമ്മാനിച്ച് കൊണ്ട് അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മമ്മൂട്ടി നായകനായ ഉണ്ട.
കേരളാ പോലീസിന്റെ ഇടുക്കി ക്യാമ്പിലെ ഒരു സംഘം പോലീസുകാർ മമ്മൂട്ടി അവതരിപ്പിക്കുന്ന എസ് ഐ മണികണ്ഠന്റെ നേതൃത്വത്തിൽ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഗഡിലേക്കു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്നതാണ് ഈ ചിത്രത്തിന്റെ കഥാ തന്തു.
നവാഗതനായ ഹർഷദ് തിരക്കഥ രചിച്ച ഈ ചിത്രം റിയൽ ലൈഫ് സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്.മാവോയിസ്റ്റ് മേഖലയിലേക്ക് തെരഞ്ഞെടുപ്പിന് സംരക്ഷണം നൽകാൻ പോകുന്ന കേരള പോലീസിന്റെ ദൈന്യത വളരെ റിയലിസ്റ്റാക്കായി ഉണ്ട എന്ന സിനിമ നമുക്ക് കാണിച്ചുതരുന്നു.
ഇതൊരു മമ്മൂട്ടി എന്ന താരത്തിന്റെ ചിത്രമല്ല.
അമാനുഷികനല്ലാത്ത എസ്ഐയാണ് മമ്മൂട്ടിയുടെ കഥാപാത്രം.പേടിയും ഭീരുത്വവും ചിലപ്പോഴൊക്കെ മറ്റുള്ളവർക്ക് പ്രചോദനവും ധൈര്യവും നൽകുന്ന കേരളത്തിലെ സാദാ ഒരു എസ് ഐ.അയാൾ ഒരു കള്ളനെപ്പോലും പിടിച്ചിട്ടില്ല.
നേരാംവണ്ണം വെടിവെക്കാനറിയില്ല.പോലീസ് സ്റ്റേഷൻ ഇഷ്ടപ്പെടാത്തതിനാൽ ക്യാമ്പിൽ കഴിയുന്ന ഒരു പോലീസുകാരൻ. വെടിവെപ്പുണ്ടാവുമ്പോൾ പേടിച്ച് തളർന്നുപോകുന്ന ഒരു മമ്മൂട്ടിയൻ പോലീസ് നല്ല അനുഭവമായിരുന്നു.
ഇതിൽ രാഷ്ട്രീയമുണ്ട്, വെള്ളത്തിനുവേണ്ടി മണ്ണിന് വേണ്ടി പോരാടുന്ന ആദിവാസികളുടെ ഇന്നിന്റെ വർത്തമാനങ്ങളുണ്ട്.
ഈയടുത്ത കാലത്ത് ഇത്രയും മനോഹരമായി ആദിവാസികളുടെ സ്വത്വത്തെക്കുറിച്ച് യാഥാർത്ഥ്യത്തോടെ സംസാരിച്ച മറ്റൊരു സിനിമ കണ്ടിട്ടില്ല.
ചിലരെ ഭരണകൂടം മാവോയിസ്റ്റാക്കി വെടിവെച്ചു കൊല്ലുന്നു. ചിലരെ മാവോയിസ്റ്റുകൾ ഗ്രാമീണരെ സർക്കാറിന്റെ ഏജന്റാക്കി കൊന്നു കളയുന്നു.ആദിവാസികളോടുള്ള നമ്മുടെ ഇടപെടലുകൾ എങ്ങനെയെന്ന് ഈ ചിത്രം ഓർമിപ്പിക്കുന്നു.
നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നത് മാവോയിസ്റ്റുകളല്ല നിയമം കൈയ്യിലെടുക്കുന്ന രാഷ്ട്രീയക്കാർതന്നെയാണെന്ന സത്യം ‘ഉണ്ട’ വിളിച്ചു പറയുന്നു.
മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവർ അതിഥി വേഷത്തിൽ എത്തുമ്പോൾ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, രഞ്ജിത്, കലാഭവൻ ഷാജോൺ, ഭഗവാൻ തിവാരി, റോണി, ദിലീഷ് പോത്തൻ, ലുക്മാൻ എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രശാന്ത് പിള്ളൈ ഒരുക്കിയ സംഗീതം തുടക്കം മുതലേ പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിർത്തുന്നുണ്ട്. അതുപോലെ തന്നെ സജിത്ത് പുരുഷൻ ഒരുക്കിയ ദൃശ്യങ്ങളും അഭിനന്ദനം അർഹിക്കുന്നു
ഖാലിദ് റഹ്മാൻ എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ,മികച്ച തിരക്കഥയുള്ള,മിഴിവാർന്ന ഛായാഗ്രഹണ മികവുള്ള, കൊതിപ്പിക്കുന്ന പശ്ചാത്തല സംഗീതമുള്ള നല്ലൊരു ചിത്രം