ഖാലിദ് റഹ്മാൻ നിങ്ങൾ കിടുവാണ്, ഉണ്ട അതി ഗംഭീരം: മമ്മുട്ടിയിലെ നടനെ കൃത്യമായി ഉപയേഗിച്ച സിനിമ

27

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സിനിമയാണ് ഉണ്ട.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് വരുന്നത്. കണ്ടവർ ഒന്നടങ്കം പറയുന്നു, അതിഗംഭീരം.

Advertisements

ചിത്രത്തിലെ വില്ലൻ ഭയമാണെന്ന് തിരക്കഥാകൃത്ത് ഇന്ന് പറഞ്ഞതേ ഉള്ളു. അക്ഷരം പ്രതി അത് സത്യമാണ്.

ഉത്തരേന്ത്യൻ നക്‌സൽ പ്രദേശത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മണി സാറും സംഘവും ആദ്യ രണ്ട് ദിവസം അനുഭവിക്കുന്ന ടെൻഷനും സന്ദർഭോചിതമായ കോമഡികളുമാണ് ആദ്യ പകുതിയിൽ ഉള്ളത്.

തെരഞ്ഞെടുപ്പ് നടക്കാൻ ഇനിയുമുണ്ട് ദിവസങ്ങൾ. ഒരു കാരണവശാലും അതിനു അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച മാവോയിസ്റ്റുകൾ തമ്ബടിച്ചിരിക്കുന്നിടത്താണ് കേരളസംഘം എത്തുന്നത്.

പതിയിരിക്കുന്ന അപകടത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന തിരിച്ചറിവിൽ തന്നെയാണ് ഇവരുടെ ഓരോ ചുവടും. കിടിലൻ സർപ്രൈസിലാണ് ആദ്യ പകുതി അവസാനിക്കുന്നത്.

മമ്മൂട്ടി കാക്കിയണിയുമ്പോഴെല്ലാം വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ അതിലുണ്ടാകാറുണ്ട്. അത് ഇവിടെയും തെറ്റിച്ചിട്ടില്ല.

എന്നാൽ, പതിവിനു വിപരീതമായി ഇടിവെട്ട് ഡയലോഗ് ഇല്ലാത്ത നല്ല നൈസ് പൊലീസ് ഓഫീസറാണ് നമ്മുടെ മണി സർ.

കൂട്ടിനു അദ്ദേഹത്തിന്റെ സംഘവും. റിയൽ ലൈഫിൽ നമുക്കൊക്കെ റിലേറ്റ് ചെയ്യാനാകുന്ന കഥാപാത്രമാണ് ഓരോ പൊലീസുകാരനും.

ഓരോ കഥാപാത്രത്തിനും വ്യക്തമായ സ്‌പേസ് നൽകിയാണ് ആദ്യ പകുതി അവസാനിച്ചിരിക്കുന്നത്. പ്രകടനത്തിൽ ഓരോരുത്തരും മത്സരം തന്നെ.

ഖാലിദ് റഹ്മാന്റെ കിടിലൻ മേക്കിംഗ് തന്നെയാണ് മറ്റൊരു പ്ലസ് പോയിന്റ്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കിടിലൻ ബി ജി എം. ഭയമെന്തെന്ന് നമ്മളിലേക്ക് പടർന്നു കയറുന്നതിനു ഈ ബിജിഎം ഒരു വലിയ കാരണമാകുന്നുണ്ട്.

കേരളാ പോലീസിന്റെ ഇടുക്കി ക്യാമ്പിലെ ഒരു സംഘം പോലീസുകാർ മമ്മൂട്ടി അവതരിപ്പിക്കുന്ന എസ് ഐ മണികണ്ഠന്റെ നേതൃത്വത്തിൽ മാവോയിസ്‌റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഗഡിലേക്കു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്നതാണ് ഈ ചിത്രത്തിന്റെ കഥാ തന്തു.

നവാഗതനായ ഹർഷദ് തിരക്കഥ രചിച്ച ഈ ചിത്രം റിയൽ ലൈഫ് സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്.

മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രേക്ഷകരുടെ പ്രീയപ്പെട്ട അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.

ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവർ അതിഥി വേഷത്തിൽ എത്തുമ്പോൾ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, രഞ്ജിത്, കലാഭവൻ ഷാജോൺ, ഭഗവാൻ തിവാരി, റോണി, ദിലീഷ് പോത്തൻ, ലുക്മാൻ എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

പ്രശാന്ത് പിള്ളൈ ഒരുക്കിയ സംഗീതം തുടക്കം മുതലേ പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിർത്തുന്നുണ്ട്. അതുപോലെ തന്നെ സജിത്ത് പുരുഷൻ ഒരുക്കിയ ദൃശ്യങ്ങളും അഭിനന്ദനം അർഹിക്കുന്നു.

മമ്മൂട്ടി ആരാധകരെ കൂടാതെ സാധാരണ പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തുന്നു എന്നത് ഉണ്ടയെ മികച്ചതാക്കുന്നത്.

മാവോയിസ്റ്റ് മേഖലയിലേക്ക് തെരഞ്ഞെടുപ്പിന് സംരക്ഷണം നൽകാൻ പോകുന്ന കേരള പോലീസിന്റെ ദൈന്യത വളരെ റിയലിസ്റ്റാക്കായി ഉണ്ട എന്ന സിനിമ നമുക്ക് കാണിച്ചുതരുന്നു.

ഇതൊരു മമ്മൂട്ടി എന്ന താരത്തിന്റെ ചിത്രമല്ല.എന്നാലും മമ്മൂട്ടിയുടെ പെർഫോമൻസ് അപാരം തന്നെ.
ഒരു സാദാ എസ് ഐ, പേടിയും ഭീരുത്വവും ആവശ്യം വന്നാൽ മറ്റുള്ളവർക്ക് പ്രചോദനവും ധൈര്യവും നൽകുന്ന കേരളത്തിലെ സാദാ ഒരു എസ് ഐ.അയാൾ ഒരു കള്ളനെപ്പോലും പിടിച്ചിട്ടില്ല.

പോലീസ് സ്റ്റേഷൻ ഇഷ്ടപ്പെടാത്തതിനാൽ ക്യാമ്പിൽ കഴിയുന്ന ഒരു പോലീസുകാരൻ.
വെടിവെപ്പുണ്ടാവുമ്പോൾ പേടിച്ച് തളർന്നുപോകുന്ന ഒരു മമ്മൂട്ടിയൻ പോലീസ് നല്ല അനുഭവമായിരുന്നു.

ഇതിൽ രാഷ്ട്രീയമുണ്ട്, വെള്ളത്തിനുവേണ്ടി മണ്ണിന് വേണ്ടി പോരാടുന്ന ആദിവാസികളുടെ ഇന്നിന്റെ വർത്തമാനങ്ങളുണ്ട്.

ഈയടുത്ത കാലത്ത് ഇത്രയും മനോഹരമായി ആദിവാസികളുടെ സ്വത്വത്തെക്കുറിച്ച് യാഥാർത്ഥ്യത്തോടെ സംസാരിച്ച മറ്റൊരു സിനിമ കണ്ടിട്ടില്ല.

ചിലരെ ഭരണകൂടം മാവോയിസ്റ്റാക്കി വെടിവെച്ചു കൊല്ലുന്നു. ചിലരെ മാവോയിസ്റ്റുകൾ ഗ്രാമീണരെ സർക്കാറിന്റെ ഏജന്റാക്കി കൊന്നു കളയുന്നു.ആദിവാസികളോടുള്ള നമ്മുടെ ഇടപെടലുകൾ എങ്ങനെയെന്ന് ഈ ചിത്രം ഓർമിപ്പിക്കുന്നു.

നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നത് മാവോയിസ്റ്റുകളല്ല നിയമം കൈയ്യിലെടുക്കുന്ന രാഷ്ട്രീയക്കാർതന്നെയാണെന്ന സത്യം “ഉണ്ട” വിളിച്ചു പറയുന്നു.

Advertisement