കേരളം നേരിടുന്ന പ്രളയദുരന്തത്തില്‍ കൈതാങ്ങായി മലയാള സിനിമാ ലോകം ഒന്നിക്കുമ്പോള്‍ വിമര്‍ശിക്കാന്‍ നിരവധിപ്പേര്‍ രംഗത്തെത്തുകയാണ്. അമ്മയിലെ പ്രശ്‌നങ്ങള്‍ മൂടിമറച്ച് നല്ല പേര് കേള്‍പ്പിക്കാനാണ് താരങ്ങള്‍ രംഗത്തെത്തുന്നത് എന്നായിരുന്നു വിമര്‍ശനം. ഇത്തരം വിമര്‍ശകര്‍ക്ക് നടന്‍ ടൊവിനോ തോമസ് രംഗത്തെത്തിയിരിക്കുകയാണ്. പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ടൊവിനോ പോസ്റ്റ് ചെയ്തപ്പോഴാണ് ഒരാള്‍ പരിഹാസവുമായി എത്തിയത്.
തമിഴ് സിനിമാതാരങ്ങള്‍ ഉദാരമായി സംഭാവന ചെയ്തപ്പോള്‍ മലയാളത്തിലെ സിനിമാതാരങ്ങള്‍ എന്തു നല്‍കി എന്നായിരുന്നു ചോദ്യം. വിമര്‍ശിക്കുന്നവര്‍ എന്താണ് ചെയ്തതെന്ന മറുചോദ്യവുമായി ടൊവിനോ രംഗത്തെത്തുകയും ചെയ്തു. അതിനു ശേഷം ടൊവിനോ ഇങ്ങനെക്കുറിച്ചു.
‘നിങ്ങളെപ്പോലെ ആളുകള്‍ ഉളളതു കൊണ്ടാണ് മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായി കൊട്ടി ആഘോഷിക്കേണ്ടി വരുന്നത്. ഇതെല്ലാം മനുഷ്യരെല്ലാം ചെയ്യുന്ന കാര്യമാണ്. സിനിമയില്‍ വരുന്നതിനും മുന്‍പും ശേഷവും എന്നെ കൊണ്ട് പറ്റുന്നതു പോലെ ഞാന്‍ ചെയ്യാറുണ്ട്. ഇനിയും ചെയ്യും. മറ്റുളളവരെ കുറ്റം പറയുന്നത് നിര്‍ത്തി സ്വയം എന്തൊക്കെ ചെയ്യാന്‍ പറ്റും സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ ഈ ലോകം ഇതിനേക്കാള്‍ മനോഹരമായ സ്ഥലം ആയിരുന്നേനെ.’