മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടന്മാരിൽ ഒരാളാണ് തിലകൻ. വില്ലനായും, സഹനടനായും, അച്ഛനായും, ജ്യേഷ്ഠനായും എല്ലാം മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ഒരു കാലഘട്ടത്തിന്റെ വരദാനമാണെന്ന് തന്നെ പറയേണ്ടി വരും. നാടകത്തിൽ നിന്നാണ് തിലകൻ സിനിമയിലെത്തുന്നത്.
കയ്യിൽ കിട്ടുന്ന എല്ലാ കഥാപാത്രങ്ങളെയും തന്റേതായ ശൈലിയിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് അധിക സമയം വേണ്ടിയിരുന്നില്ല.പക്ഷേ പലപ്പോഴും തിലകൻ വിവാദങ്ങളിൽ ഇടപ്പെട്ടിരുന്നു. തനിക്ക് പറയാൻ തോന്നുന്നത് ആരുടെ മുഖത്ത് നോക്കിയും വിളിച്ചുപറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെ. അതുക്കൊണ്ട് തന്നെ നടന്റെ കരിയറിൽ ഉടനീളം മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കളാണ്.
സംവിധായകരുമായും, നിർമ്മാതാക്കളുമായും, കൂടെ അഭിനയിക്കുന്നവരുമായും തിലകൻ പിണങ്ങുന്നത് ഒരു കാലത്ത് പതിവായിരുന്നു. ഇപ്പോഴിതാ തിലകനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാസ്റ്റർ ബീൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. ശാന്തിവിള ദിനേശ് സഹസംവിധായകനായി പ്രവർത്തിച്ച വെന്റർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി എന്ന സിനിമയിൽ തിലകൻ അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
അഹമ്മദ് എന്ന ഗൾഫിലുള്ള ആളാണ് വെന്റർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി എന്ന സിനിമയുടെ നിർമാതാവ്. വളരെ മാന്യനാണ്. തിലകൻ ഇവിടെയില്ല, വർക്ക് നടക്കുന്നില്ല, മകൻ നായകനായി എത്തുന്ന കേശു നായരിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്നാണ് അങ്ങേരോട് ആരോ പറഞ്ഞ് കൊടുത്തത്. അഹമ്മദിക്ക ലൊക്കേഷനിൽ വന്നു. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് വെച്ചാണ് സിനിമയെടുക്കുന്നത്. ഡേറ്റും തന്നിട്ട് അവിടെ അഭിനയിക്കാൻ പോയാൽ ശരിയാകില്ലെന്ന് സെറ്റിൽ വെച്ച് പറഞ്ഞു.
പിറ്റേന്ന് സെറ്റിലെത്തിയ തിലകൻ ചേട്ടൻ ഇതറിഞ്ഞു. അദ്ദേഹം മേക്കപ്പ് ചെയ്യുന്നത് നിർത്തി. പ്രൊഡ്യൂസർ വന്നിട്ടേ ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു. അങ്ങനെ അഹമ്മദിക്കയെ വിളിച്ചു. പുള്ളി വന്നു. ഞാൻ നിങ്ങളുടെ സിനിമയെ ദ്രോഹിച്ച് ഒരു സിനിമയും എന്റെ മകന് വേണ്ടി ചെയ്തിട്ടില്ല. ഞാൻ ഉറങ്ങേണ്ട സമയമാണ് അവിടെ പോയി അഭിനയിക്കുന്നത്. അത് നിങ്ങളറിയേണ്ട കാര്യമില്ലെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും സംസാരമായി. ഈ സിനിമയ്ക്ക് വേണ്ടി എത്ര രൂപ ചെലവായോ അത് ഞാൻ തന്നേക്കാം എന്ന് തിലകൻ ചേട്ടൻ പറഞ്ഞു. പക്ഷേ അധികം പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തന്നെ സിനിമ പൂർത്തിയാക്കാൻ സാധിച്ചു എ്ന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.