തെന്നിന്ത്യയിൽ ഏറെ സ്വീകാര്യത നേടിയ നടിമാരാണ് നഗ്മയും, ജ്യോതികയും. 90 കളിൽ നഗ്മ തരംഗമായിരുന്നെങ്കിൽ 2000ത്തിൽ ജ്യോതികയായിരുന്നു തരംഗം സൃഷ്ടിച്ചത്. ബോളിവുഡിലാണ് നഗ്മ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ബാഗി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ വെറും പതിനഞ്ച് വയസ്സായിരുന്നു താരത്തിന്റെ പ്രായം. സൽമാൻ ഖാനായിരുന്നു ചിത്രത്തിൽ താരത്തിന്റെ നായകനായി എത്തിയത്. പക്ഷേ വിചാരിച്ചത്ര വിജയം ഹിന്ദിയിൽ ലഭിക്കാതായപ്പോൾ താരം പതിയെ തെന്നിന്ത്യയിലേക്ക് ചേക്കേറി.
അതേസമയം ജ്യോതികയാകട്ടെ തന്റെ ആദ്യ ചിത്രമായ ഡോലി സജാകെ രഖന എന്ന ചിത്രത്തിനു ശേഷം തമിഴിലേക്ക് ചേക്കേറി. വാലി എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അഭിനയം തുടങ്ങിയത്. പിന്നീട് തമിഴകത്തിന്റെ സ്വന്തം മരുമകളാകാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ ജ്യോതികയും, നഗ്മയും തമ്മിലുള്ള ബന്ധമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജ്യോതിക സദൻ ശരവണൻ എന്നാണ് ജ്യോതികയുടെ മുഴുവൻ പേര്.
1978 ഒക്ടോബർ 18 നാണ് ജ്യോതികയുടെ ജനനം. ജ്യോതികയുടെ ഹാഫ് സിസ്റ്ററാണ് നഗ്മ. പഞ്ചാബ് സ്വദേശി ചന്ദർ സദാന ജ്യോതികയുടെ പിതാവ്. സിനിമ നിർമാതാവ് കൂടിയാണ് ചന്ദർ. ജ്യോതികയുടെ അമ്മയുടെ പേര് സീമ സദാന എന്നാണ്. മഹാരാഷ്ട്ര സ്വദേശിയാണ് സീമ. ചന്ദറിനെ വിവാഹം കഴിക്കും മുൻപ് സീമ മറ്റൊരു വിവാഹം കഴിച്ചിരുന്നു. സീമയുടെ രണ്ടാം വിവാഹമായിരുന്നു ചന്ദറുമായി ഉള്ളത്. ബിസിനസുകാരനായ അരവിന്ദ് മൊറാർജിയാണ് സീമയുടെ ആദ്യ പങ്കാളി. ഈ ബന്ധത്തിൽ പിറന്ന മകളാണ് നടി നഗ്മ.
നന്ദിത എന്നായിരുന്നു ജനനസമയത്ത് നഗ്മയുടെ പേര്. സിനിമയിലെത്തിയ ശേഷമാണ് പേര് മാറ്റിയത്. നഗ്മ ജനിച്ചതിനു പിന്നാലെ സീമയും അരവിന്ദ് മൊറാർജിയും വിവാഹമോചിതരായി. അതിനുശേഷമാണ് ചന്ദർ സാദനയെ സീമ വിവാഹം കഴിച്ചത്. നഗ്മയും ജ്യോതികയും കുടുംബ പരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. രണ്ട് പേരും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.
ജ്യോതികയ്ക്ക് നഗ്മ ചേച്ചിയാണ്. ജോയേക്കാൾ നാല് വയസ് കൂടുതലാണ് നഗ്മയ്ക്ക്. നഗ്മ അഭിനയിച്ച പല പ്രധാന വേഷങ്ങളും ഗ്ലാമർ വേഷങ്ങളായിരുന്നു. 1998-ൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന മലയാളചിത്രത്തിലും നഗ്മ പ്രധാനവേഷത്തിൽ അഭിനയിച്ചു. ഇപ്പോൾ നഗ്മ ധാരാളം ബോജ് പുരി ചിത്രങ്ങളിൽ അഭിനയിക്കുന്നു.