ഗള്‍ഫിലും വിജയചരിത്രമെഴുതാന്‍ തീവണ്ടി; റിലീസ് തീയതി പ്രഖ്യാപിച്ചു

44

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനി സംവിധാനം ചെയ്ത് ടോവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തുന്ന തീവണ്ടി മികച്ച കളക്ഷനുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. സെപ്റ്റംബര്‍ 13ന് ചിത്രം യുഎഇ/ ജിസിസി സെന്ററുകളിലും എത്തും. 151 തിയേറ്ററുകളിലാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 16നാണ് ചിത്രം ഏഷ്യാ പസഫിക് സെന്ററുകളില്‍ എത്തുന്നത്.

Advertisements

അതേസമയം, മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെയാണ് നടത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. മികച്ച പ്രതികരണമാണ് എങ്ങുനിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെല്ലാം അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് പ്രേക്ഷകരും അതോടൊപ്പം സിനിമാരംഗത്തെ പ്രമുഖരും അവകാശപ്പെടുന്നു. ഇതിനിടയില്‍ ട്രോളന്മാരും ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്.

ടൊവീനോ മലയാള സിനിമയിലെ ഇമ്രാന്‍ ഹാഷ്മിയാണെന്നാണ് ട്രോളന്മാരുടെ വിശേഷണം. നടന് ഇത്രമാത്രം ലിപ് ലോക് എങ്ങുനിന്ന് ലഭിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം. ‘എരിയുന്ന ആയിരം സിഗരറ്റിനേക്കാള്‍ നല്ലത് അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനമാണെന്നാണ്’ എന്ന ഡയലോഗിനും കയ്യടിയാണ്. അതേസമയം, ട്രോളുകള്‍ അടിപൊളിയാണെന്ന് പറഞ്ഞും ട്രോളന്മാര്‍ക്ക് നന്ദിയറിയിച്ചും ടൊവീനോ രംഗത്തെത്തിയിട്ടുണ്ട്.

ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.

Advertisement