പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ആദിപുരുഷ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാമായണത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
ശ്രീരാമനായി പ്രഭാസ് തന്നെയാണ് വെള്ളിത്തിരയിലെത്തുന്നത്. സീതയായി ക്രിതി സനോനും എത്തുന്നു. ഈ എപിക് മിത്തോളജിക്കൽ ചിത്രത്തിന്റെ ആകെ ബജറ്റ് 500 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. പ്രഭാസിന്റെ ബാഹുബലി കണ്ട് ത്രില്ലടിച്ചവരെല്ലാം ഈ സിനിമയ്ക്കും സമാനമായ ത്രില്ലോടെയാണ് കാത്തിരിക്കുന്നത്.
അതേസമയം, ഇതുവരെ ചെലവിട്ട 500 കോടി രൂപയുടെ ഏകദേശം 85 ശതമാനത്തോളം റിലീസിന് മുൻപ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനിടെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അറിയിപ്പുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ആദിപുരുഷ് ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഹനുമാൻ ചിത്രം കാണാൻ വരും എന്ന വിശ്വാസത്തിന്റെ പേരിലാണ് സീറ്റ് ഒഴിച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.
വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാൻ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും സാന്നിധ്യമറിയിക്കും. അതിനാൽ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തീയറ്ററിലും ഹനുമാൻ എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
”ശ്രീരാമഭക്തരുടെ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട്. ആദിപുരുഷ് ടീം എല്ലാ തിയേറ്ററുകളിലും ഹനുമാന് അദ്വിതീയമായ ഇരിപ്പിടം സമർപ്പിക്കുന്നു. വിറ്റഴിക്കപ്പെടാത്ത ഈ സീറ്റുകൾ രാമഭക്തരുടെ വിശ്വാസത്തെ ആദരിക്കുന്നതിന്റെ ഭാഗമാണ്”-എന്നാണ് ട്രേഡ് അനലിസ്റ്റ് എബി ജോർജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വിൽപ്പന വഴി 247 കോടി രൂപയാണ് ചിത്രം ഇതിനോടകം നേടിയത്. തെന്നിന്ത്യയിൽ നിന്ന് തിയറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്ന് റിപ്പോർട്ടുകൾ പപറയുന്നു. മൊത്തം 432 കോടി രൂപ ഇതിനോടകം തിരിച്ചുപിടിച്ചതിന്റെ ആവേശത്തിലാണ് അണിയറ പ്രവർത്തകർ.
ചിത്രം ജൂൺ 16 ന് തീയേറ്ററിലെത്തും. മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടിയാൽ, ഹിന്ദി പതിപ്പിൽ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളിൽ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ബാഹുബലി-2ന് ശേഷമെത്തിയ പ്രഭാസിന്റെ ചിത്രങ്ങളുടെ പരാജയം ഈ സിനിമയ െകുറിച്ചുള്ള പ്രതീക്ഷകളെയും മോശമായി ബാധിച്ചിരുന്നു. എന്നാൽ, ഇത് മികച്ച വിജയമാകും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.