ബാലതാരമായി വന്ന് പിന്നീട് നായകവേഷത്തിൽ തിളങ്ങുന്ന നടനാണ് ഹൃത്വിക് റോഷൻ. 2000 ത്തിൽ പുറത്തിറങ്ങിയ കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറി. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
102 അവാർഡുകളാണ് കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിന് ലഭിച്ചത്. അതോടെ ഏറ്റവും കൂടുതൽ അവാർഡുകൾ കരസ്ഥമാക്കുന്ന ചിത്രമെന്ന ലിംക ബുക്ക് ഓഫ് റെക്കോഡും ഈ ചിത്രത്തിന്റെ പേരിലുണ്ട്. ഹൃത്വികിന് ആറ് വയസ്സുള്ളപ്പോഴാണ് ആശ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുന്നത്. നടൻ എന്നതിലുപരി സഹസംവിധായകനായും താരം സിനിമയിൽ പ്രവർത്തിച്ചു. ഇപ്പോഴിതാ ഒരു സിനിമ ചെയ്യുന്നതിൽ നിന്ന് സുഹൃത്തുക്കളടക്കം തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഹൃത്വിക്കിന്റെ കരിയറിലെ ഓർത്തുവെക്കാൻ സാധിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സിന്ദഗി ന മിലേഗി ദൊബാര. അദ്ദേഹത്തിന്റെ കരിയറിലേക്കുള്ള രണ്ടാം വരവിൽ ഏറെ പ്രശംസ അർഹിക്കുന്ന ചിത്രം കൂടിയാണത്. ബോളിവുഡിലെ ക്ലാസിക് സിനിമകളിൽ ഒന്നായാണ് ചിത്രം അറിയപ്പെടുന്നത്. ഹൃത്വിക്കിനൊപ്പം അഭയ് ഡിയോൾ, ഫർഹാൻ അക്തർ, കത്രീന കൈഫ്, കൽക്കി കോച്ച്‌ലിൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്. സോയ അക്തർ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം പന്ത്രണ്ട് വർഷം പൂർത്തിയാക്കിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഹൃത്വിക് പറഞ്ഞ വാക്കുകൾ കേൾക്കാം. എനിക്ക് ഓർമ്മയുണ്ട്. ഞാൻ ഈ സിനിമ സൈൻ ചെയ്തപ്പോൾ അച്ഛന്റെ കുറേ സുഹൃത്തുക്കൾ ആശങ്ക രേഖപ്പെടുത്തി. എന്നോടുണ്ടായിരുന്ന സ്നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു അത്. അവർ കരുതി ഞാൻ വലിയൊരു തെറ്റാണ് ചെയ്യാൻ പോകുന്നത് എന്ന്. മൂന്ന് കഥാപാത്രങ്ങളിൽ ഒന്നാണ് ഞാൻ അവതരിപ്പിക്കുന്നത് എന്നതാണ് അവരെ അലട്ടിയത്. കേന്ദ്ര കഥാപാത്രമല്ല. ഞാൻ ഹീറോയും അഭയും ഫർഹാനും ചെയ്യുന്നത് ചെറിയ ഭാഗങ്ങളും എന്ന നിലയിലായിരുന്നില്ല ആ സിനിമ”
അന്നത്തെ പൊതുനിയമം എന്ന് പറയുന്നത്, സ്റ്റാർ സ്റ്റാസ് വിട്ടു കളയരുത് എന്നതാണ്. എനിക്കറിയാം ഈ സിനിമ സംസാരിക്കുന്നത് അതിന് വിപരീതമായിട്ടാണെന്ന്. അതുപക്ഷെ എനിക്ക് ശക്തിപകർന്നു. സ്റ്റാർ സ്റ്റാസ് പോയ് തുലയട്ടെ എന്ന് ഞാൻ കരുതി. കാരണം ഈ കഥയിൽ ഞാൻ വിശ്വസിച്ചിരുന്നു. സ്റ്റാറ്റസ് ജനങ്ങൾ തരുന്നതാണ്. നമ്മൾ ചെയ്യുന്ന ജോലി നമ്മളുടെ ഇഷ്ടത്തിൽ നിന്നുമുണ്ടാകുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം ഹൃത്വിക് പറഞ്ഞപ്പോലെ തന്നെ ചിത്രം ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായി. താരം അഭിനയിച്ച കഥാപാത്രവും ഹിറ്റായി. വർഷങ്ങൾ 12 കഴിഞ്ഞിട്ടും ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ കാണാൻ സാധിക്കുന്ന ചില ചിത്രങ്ങളിൽ ഒന്നാണ് സിന്ദഗി ന മിലേഗി ദൊബാരയ. സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ബോളിവുഡിലെ മികച്ച ക്ലാസ്സിക്കുകളിൽ ഒന്നാണ്.