മലയാളത്തിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഫാസിൽ. മണിച്ചിത്രത്താഴ് മുതൽ സാക്ഷാൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തിയ ഹരികൃഷ്ണൻസ് വരെ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന ഒരുപിടി നല്ല ചിത്രങ്ങളാണ്. ഇപ്പോഴിതാ വനിതക്ക് നല്കിയ അഭിമുഖത്തിൽ ഹരികൃഷ്ണൻസിന് രണ്ടാം ഭാഗമുണ്ടാകുമോ എന്ന വിശദ്ധീകരിക്കുകയാണ് ഫാസിൽ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഹരികൃഷ്ണൻസിന്റെ രണ്ടാം ഭാഗം ഒന്നും ഇപ്പോൾ മനസ്സിലില്ല. കുറേനാൾ കഴിഞ്ഞ് മമ്മൂട്ടിയും മോഹൻലാലും സമ്മതിക്കുകയാണെങ്കിൽ നമുക്കത് ചെയ്യാം. ഹരിക്കോ, കൃഷ്ണനോ മീരയിൽ പിറന്ന മകൻ ഈ രണ്ട് കഥാപാത്രങ്ങളെ തേടി വരുന്നതൊക്കെ സങ്കൽപ്പിച്ച് ഒരു കഥ ഉണ്ടാക്കാവുന്നതാണ്.
അങ്ങനെ ഒരു കഥ ഉണ്ടാവുകയാണെങ്കിൽ ദുൽഖറിനെയോ, പ്രണവിനെയോ ആ സിനിമയിലെ നായകന്മാരായി കൊണ്ടു വരാവുന്നതാണ്. സമയമായാൽ എല്ലാം നടക്കും. അതേസമയം ഹരികൃഷ്ണൻസിനെ വ്യത്യസ്തമാക്കുന്നത് എന്താണെന്നുള്ള ചോദ്യത്തിന് മമ്മൂട്ടിക്കും, മോഹൻലാലിനും തുല്യ പ്രാധാന്യം നല്കുന്നതിൽ വിജയിച്ചതാണെന്നാണ് അദ്ദേഹം നല്കിയ മറുപടി.
ഹരികൃഷ്ണൻസിനെ ജനപ്രിയമാക്കുന്ന ഘടകം രണ്ടു പേർക്കും തുല്യ പ്രാധാന്യം നല്കി എന്നതാണ്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് ഞാൻ മമ്മൂട്ടിയെ ഫേവർ ചെയ്തു. മോഹൻലാലിനെ ഫേവർ ചെയ്തു, അദ്ദേഹത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തു എന്നൊന്നും ആരും പറയരുതെന്ന് നിർബന്ധമുണ്ടായിരുന്നു.
സീനുകളുടെ എണ്ണത്തിലും ഡയലോഗിലും ഞാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. ഒരാൾ പറയേണ്ട ഡയലോഗ് രണ്ട് പേർക്ക് രണ്ടായി മുറിച്ച് നല്കി. മമ്മൂട്ടി പറയുന്നതിന്റെ തുടർച്ച മോഹൻലാൽ പറഞ്ഞു. മോഹൻലാലിന്റെ തുടർച്ച മമ്മൂട്ടിയും. രണ്ട് പേരും കട്ടക്ക് കട്ടക്ക് നിന്നു. ഒരു അഭംഗിയും തോന്നിയില്ല എന്നാണ് ഫാസിൽ പറഞ്ഞത്.