മലയാളം കടന്നു മറ്റു ഭാഷാ ചിത്രങ്ങളില്‍ തിളങ്ങുകയാണ് മലയാള താരങ്ങള്‍. ഇതിനോടകം ഹിറ്റായി കഴിഞ്ഞ തമിഴ് , തെലുങ്ക് സിനിമകളില്‍ എല്ലാം മലയാള സിനിമ താരങ്ങളും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 170ല്‍ മലയാളത്തില്‍ നിന്ന് നടന്‍ ഫഹദ് ഫാസിലും നടി മഞ്ജുവാര്യരും എല്ലാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്നു.
10 ദിവസം നീണ്ടുനില്‍ക്കുന്ന സിനിമ ചിത്രീകരണത്തിനായി കഴിഞ്ഞ ദിവസമാണ് രജനികാന്ത് തലസ്ഥാനത്ത് എത്തിയത്. അതേസമയം തമിഴ് താരം വിജയുടെ ചിത്രമായി ദളപതി 68 ലും ഒരു മലയാള നടന്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. എന്നാല്‍ ഇത് ആര് എന്നത് വ്യക്തമല്ല.
വിജയ്‌യുടെ നായികയായി മീനാക്ഷി ചൗധരി ചിത്രത്തില്‍ എത്തും എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.
ദളപതി 68 ഒക്ടോബര്‍ ആദ്യ ആഴ്ച ആരംഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മ ട്വീറ്റ് ചെയ്തിരുന്നു. ലിയോയുടെ റിലീസിനും മുന്നേ പുതിയ ചിത്രം ദളപതി 68ന്റെ തെന്നിന്ത്യന്‍ ഭാഷകളിലെ ഒടിടി റൈറ്റ്‌സ് വിറ്റുപോയി എന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടികളുടെ തുകയ്ക്കാണ് ബിസിനസ് നടന്നത്.
വിജയ്‌യുടേതായി റിലീസ് ചെയ്യാനുള്ളത് ലിയോയാണ്. ചിത്രത്തിനറെ റിലീസ് ഒക്ടോബര്‍ 19നാണ്. ലോകേഷ് കനകരാജ് വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്യുന്നു എന്നതിനാല്‍ ലിയോയില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്.