മലയാള സീരിയൽ പ്രേമികൾക്ക് പ്രിയപ്പെട്ടവരായ താരദമ്പതിമാരാണ് നടി മൃദുലയും നടൻ യുവ കൃഷ്ണയും. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഇരുവരും. മലയാള സീരിയലിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹം.
ആരാധകർ ആദ്യം സംശയിച്ചിരുന്നത് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നോ എന്നായിരുന്നു. എന്നാൽ ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാർ നടത്തിയ വിവാഹമാണെന്നും മൃദലയും യുവയും തുറന്നുപറഞ്ഞു. കാലങ്ങളായി സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്നവരാണ് ഇരുവരും എങ്കിലും പരസ്പരം വലിയ സൗഹൃദമില്ലായിരുന്നു.
ഒരു സീരിയൽ താരം വഴിയാണ് വിവാഹാലോചന വന്നതെന്നും വീട്ടുകാരുടെ സമ്മതത്തോടെ ആലോചിച്ച് നടത്തിയതാണ് വിവാഹമെന്നും ഒരു റിയാലിറ്റി ഷോയിൽ അതിഥികളായി എത്തിയപ്പോൾ താരങ്ങൾ പറഞ്ഞു. മൃദുലയുടെയും യുവയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
സോഷ്യൽമീഡിയയിൽ സജീവമാണ് നടിയും നടനും. അതുകൊണ്ടുതന്നെ വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മുതലുള്ള ഒന്നിച്ചുള്ള ഫോട്ടോകൾ ഇരുവരും ആരാധകർക്കായി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ.
യുവനടി മൃദുല വിജയും നടൻ യുവ കൃഷ്ണയും മാതാപിതാക്കളായിരിക്കുകയാണ്. ഇരുവർക്കും കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞ് ജനിച്ചത്. പെൺകുഞ്ഞിനാണ് ജന്മം നൽകിയതെന്ന സന്തോഷം മൃദുല തന്നെയാണ് ആരാധകരുമായി പങ്കിട്ടത്. ചോരക്കുഞ്ഞിന്റെ കുഞ്ഞിക്കൈ പിടിച്ചിരിക്കുന്ന മൃദുലയുടെയും യുവയുടെയും കൈകളുടെ ചിത്രവും മൃദുല പങ്കുവെച്ചിട്ടുണ്ട്.
ഒരു ക്യൂട്ട് പെൺകുഞ്ഞിനെ തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിച്ചു എന്ന് മൃദുല ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ദൈവത്തിന് നന്ദി, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതിനും ഞങ്ങളെ അനുഗ്രഹിച്ചതിനും നന്ദിയെന്നും മൃദുല പറയുന്നുണ്ട്.
അതേസമയം, ഗർഭിണിയാണെന്ന വാർത്ത അറിയിച്ചതുമുതൽ ഓരോ വിശേഷവും സോഷ്യൽമീഡിയ വഴി മൃദുല പങ്കുവെച്ചിരുന്നു. വളകാപ്പ് ചടങ്ങ് ഉൾപ്പടെ ആരാധകരോടൊപ്പം ആഘോഷമാക്കിയിരുന്നു മൃദുല.
മൃദുലയുടെ വിശേഷങ്ങൾ പരിചിതമായതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃദുലയുടെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു ആരാധകരും. അച്ഛനും അമ്മയുമായ താരങ്ങൾക്ക് നിരവധി പേരാണ് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ഫോട്ടോയും പേരും ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല.
തുമ്പപ്പൂവ് എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രമായ വീണയായി അഭിനയിച്ചു വരുന്നതിനിടെയായിരുന്നു നടി ഗർഭിണിയാണ് എന്ന വിവരം അറിയുന്നത്. പിന്നാലെ സീരിയലിൽ നിന്നും ഇടവേളയെടുത്ത് ആരോഗ്യം ശ്രദ്ധിക്കാനായി വിശ്രമത്തിലായിരുന്നു.ടെലിവിഷനിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെയാണ് മൃദുല അവതരിപ്പിച്ചത്. ശ്രീലക്ഷ്മി എന്നാണ് നടിയുടെ യഥാർത്ഥ പേര്. പിന്നീട് താരം മൃദുല എന്ന പേര് സ്വീകരിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് മൃദുല. നിരവധി ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സൃഷ്ടിച്ചത്.