ബോളിവുഡ് താരവും മുൻ മിസ്സ് ഇന്ത്യയുമായ തനുശ്രീ ദത്ത നടൻ നാന പടേക്കർക്കെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വന്നിരുന്നു.
പത്ത് വർഷം മുൻപ് ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നാന പടേക്കർ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രീ ആരോപിച്ചത്.
മുംബൈ പോലീസിൽ രേഖാമൂലം തനുശ്രീ പരാതി കൊടുക്കുകയും ചെയ്തിരുന്നു. ആറു മാസം കഴിഞ്ഞിട്ടും താൻ കൊടുത്ത ഗുരുതരമായ കേസിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ തനുശ്രീ.
2008ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒരു ഗാനചിത്രീകരണത്തിനിടയ്ക്കാണ് നായകനായ നാന പടേക്കർ തന്നെ പീഡിപ്പിച്ചതെന്നാണ് തനുശ്രീ പരാതിയിൽ പറഞ്ഞത്.
നൃത്തരംഗത്തിൽ ഒട്ടിച്ചേർന്ന് അഭിനയിക്കാൻ വിസമ്മതിച്ച തന്നെ മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകരെ വിട്ട് നാന പടേക്കർ ഭീഷണിപ്പെടുത്തിയെന്നും തനുശ്രീ പരാതിയിൽ പറഞ്ഞിരുന്നു.
പത്ത് വർഷം മുൻപ് നടന്ന കേസിൽ ദൃക്‌സാക്ഷികളെ കണ്ടെത്താൻ വിഷമിക്കുകയാണ് പോലീസ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.
പതിനഞ്ചോളം പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർക്കാർക്കും പത്ത് വർഷം മുൻപ് നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്.
അന്വേഷണത്തിൽ മെല്ലെപ്പോക്ക് നയമാണ് പോലീസിന്. ഞാൻ പീഡിപ്പിക്കുന്നത് കണ്ടിട്ടും അതിനെതിരേ ഒരു ചെറുവിരൽ അനക്കാൻ കൂട്ടാക്കാത്തവരിൽ നിന്നാണ് പോലീസ് മൊഴിയെടുക്കുന്നത്.
സ്ത്രീകളാണ് കുറ്റക്കാരെന്ന് തെളിയിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലാണ് ആളുകൾ ഇന്ന്.
പോലീസ് മൊഴി രേഖപ്പെടുത്തിയ ആ പതിനഞ്ച് ദൃക്‌സാക്ഷികൾ ആരാണെന്ന് അറിയണം.
ഇവർ എന്റെ ഭാഗത്തുള്ളവരോ അതോ നാന പടേക്കറുടെ ഭാഗത്തുള്ളവരോ? ഞാൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ ഒരു ദൃക്‌സാക്ഷിയുടെയും ആവശ്യമില്ല.
പീഡനത്തിന്റെ കാര്യം വരുമ്പോൾ കോടതിയിൽ സത്യം തെളിയിക്കുക എന്നത് പലപ്പോഴും വിഷമകരമായ കാര്യമാവുകയാണ്.
എന്നെ പിന്തുണയ്ക്കുന്നവരെയും എനിക്കുലവേണ്ടി പോലീസിൽ മൊഴി നൽകാൻ തയ്യാറായവരെയും നാന പടേക്കർ ഭീഷണിപ്പെടുത്തുകയാണ് തനുശ്രീ ആരോപിച്ചു.
ഒഷിവാര പോലീസിനാണ് അന്വേഷണച്ചുമതല. സാക്ഷിമൊഴികളൊന്നും തനുശ്രീയുടെ ആരോപണത്തെ ശരിവയ്ക്കുന്നില്ല എന്നാണ് പോലീസ് പറയുന്നത്.
പോലീസ് മൊഴിയെടുത്തവരിൽ അന്ന് ചിത്രത്തിന്റെ നൃത്തസംവിധായകനായിരുന്ന ഗണേഷ് ആരാചര്യയുടെ സഹായിയായിരുന്ന ഡെയ്‌സി ഷായും ഉൾപ്പെടും.