മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. വിനയന്റെ സംവിധാനത്തിൽ 2000ത്തിൽ ദാദാ സാഹിബ് എന്ന സിനിമയിലൂടെയാണ് സനുഷ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയത്.
പിന്നീട് കരുമാടിക്കുട്ടൻ, കാശി, കൺമഷി, മീശമാധവൻ, കാഴ്ച, മാമ്പഴക്കാലം, കീർത്തി ചക്ര, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും ബാലതാരമായി തിളങ്ങി. കാഴ്ച സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചതിലൂടെ 2004ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സനുഷയ്ക്ക് ലഭിച്ചിരുന്നു.
ALSO READ
അതേ സമയം നാളെ നമതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി സനുഷ എത്തിയത്. ഈ സിനിമ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ട ശേഷമാണ് 2012ൽ മിസ്റ്റർ മരുമകൻ എന്ന ദിലീപ് സിനിമയിലൂടെ മലയാളത്തിൽ നായികയായി സനുഷ എത്തിയത്. ശേഷം ഇഡിയറ്റ്സ്, സക്കറിയയുടെ ഗർഭിണികൾ, ഒരു മുറൈ വന്ത് പാർത്തായ തുടങ്ങിയ സിനിമകളിലും സനുഷ അഭിനയിച്ചു.
നായികയായെങ്കിലും മലയാളിക്ക് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള സ്നേഹമാണ് സനുഷയോട്. ഇപ്പോഴിതാ തനിക്ക് ഡിപ്രഷനുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞപ്പോൾ ഭ്രാന്താണെന്ന് കരുതിയവരുണ്ടെന്ന് പറയുകയാണ് നടി സനുഷ. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന താരം നേരത്തെ താൻ ഡിപ്രഷൻ നേരിട്ടിരുന്നു എന്ന് തുറന്ന് പറഞ്ഞിരുന്നു. അന്ന് പല തരത്തിലും അതിനെ വ്യാഖ്യാനിക്കപ്പെട്ടു.
നടിയുടെ വാക്കുകൾ ഇങ്ങനെ!
പലരും ചോദിക്കുന്ന ചോദ്യമാണ്, എവിടെയായിരുന്ന സനുഷ എന്ന്. എവിടെയും പോയിട്ടില്ല..പഠിക്കുകയായിരുന്നു. അതിനിടയിൽ തമിഴിലും തെലുങ്കിലും കന്നടയിലും സിനിമകൾ ചെയ്തു. മലയാളത്തിൽ മാത്രമാണ് ഒരു ഗ്യാപ്പ് എടുത്തത്. ഇനി സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാൻ തന്നെയാണ് തീരുമാനം. സിനിമയെ കൂടുതൽ സീരിയസായി കാണാൻ തുടങ്ങിയത് ഇപ്പോഴാണ്
പെട്ടന്ന് പ്രതികരിക്കുന്ന ആളായിരുന്നു ഞാൻ. അന്ന് എന്റെ ഡിപ്രഷന്റെ കാര്യം തുറന്ന് പറയാൻ കാരണം, എന്റെ തുറന്ന് പറച്ചിലുകൾ കൊണ്ട് ഒരാൾക്ക് എങ്കിലും മറ്റൊരാളോട് മനസ്സ് തുറക്കാൻ സാധിച്ചാൽ ഞാൻ സന്തോഷവതിയാണ്. നമ്മളെല്ലാവരും അത്തരം ചില ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നുണ്ട് എന്നതാണ് സത്യം. അത് അത്തരം അവസ്ഥ നേരിടുന്നവരെ ബോദ്ധ്യപ്പെടുത്തണം എന്ന് തോന്നി. എന്നെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ ഇത്തരം അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്താനും ഞാൻ ശ്രമിക്കാറുണ്ട്.
ALSO READ
പേളിയുടെ വീട്ടിൽ പുതിയ സന്തോഷം, നിലക്ക് കൂട്ടിന് കുഞ്ഞ് അനുജത്തിയോ അനുജനോ വരാൻ പോകുന്നു
തുറന്ന് പറഞ്ഞതിന് ശേഷം പല തരത്തിലുള്ള പ്രതികരണങ്ങളാണ് കേട്ടത്. പ്രണയ നൈരാശ്യമാണെന്നൊക്കെ പറഞ്ഞിരുന്നു. അത്തരം കമന്റുകൾ കാണുമ്പോൾ, നെഗറ്റീവ് കമന്റ് പറഞ്ഞ്, ട്രോൾ ചെയ്ത് ജീവിയ്ക്കുന്നവർ കുറേയുണ്ട്. അവർ ജീവിച്ചു പോയിക്കോട്ടേ എന്നേ ഞാൻ കരുതിയുള്ളൂ.
ഇക്കാര്യം ഞാൻ തുറന്ന് പറഞ്ഞ ശേഷം എനിക്ക് പല സന്ദേശങ്ങളും വന്നു. ഡിപ്രഷൻ എന്ന് പറഞ്ഞാൽ ഭ്രാന്ത് ആണ്, സൈക്കാട്രിസ്റ്റിനെ കണ്ടു എന്ന് പറഞ്ഞാൽ വട്ടാണ് എന്ന് ഉറപ്പിച്ചു എന്ന് പറയുന്ന ഒരു വിഭാഗം ആൾക്കാർ ഇപ്പോഴും ഉണ്ട്. എന്റെ കുടുംബം അതിൽ നിന്നും നേരെ വിപരീതമാണ്. അവർ എനിക്ക് ശക്തി നൽകി. ജീവിതത്തിൽ ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ട് എങ്കിൽ അത് എന്റെ കുടുംബം നൽകിയ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്.