അച്ഛന്‍, മകള്‍ ബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ കഥയുമായി കുടുംബപ്രേക്ഷകരുടെ ഹൃദയം കവരാന്‍ അജിത്തിന്റെ ‘വിശ്വാസം’ തിയേറ്ററുകളിലെത്തി. രജനീകാന്തിന്റെ ‘പേട്ട’യ്ക്ക് ഒപ്പം റിലീസിനെത്തിയ ‘വിശ്വാസ’വും പ്രതീക്ഷകള്‍ തെറ്റിക്കാതെ തിയേറ്ററുകളില്‍ കയ്യടികള്‍ വാങ്ങിക്കൂട്ടുകയാണ്.
‘വീരം’, ‘വേതാളം’, ‘വിവേകം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും സംവിധായകന്‍ ശിവയും ഒന്നിക്കുന്ന ‘വിശ്വാസ’വും ഒരു വിജയ മസാലചിത്രത്തിനുള്ള ചേരുവകള്‍ എല്ലാം ചേര്‍ത്താണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഒപ്പം കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന രണ്ടാം പകുതി ഹൃദയത്തെ സ്പര്‍ശിക്കുമെന്നാണ് പ്രേക്ഷകരുടെ ആദ്യഘട്ട പ്രതികരണം. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, വിവേക്, റോബോ ശങ്കര്‍, തമ്പി റമൈഹ, കോവൈ സരള തുടങ്ങി വന്‍താരനിര തന്നെയുണ്ട്.
‘ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വളരെ വൈകാരികമായി അവതരിപ്പിക്കുന്ന പെര്‍ഫെക്റ്റ് എന്റര്‍ടെയിനര്‍ ആണ് ‘വിശ്വാസം’. രണ്ടു ഗെറ്റപ്പുകളിലും അജിത്ത് തകര്‍ത്തു. ചെറുപ്പക്കാരനായും സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും ഒന്നിനൊന്ന് മികവു പുലര്‍ത്തി.
തന്റെ ഫാന്‍സിനെയും സാധാരണ പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തരാക്കാന്‍ അജിത്തിനു കഴിയുന്നുണ്ട്. മകളുമൊത്തുള്ള നിമിഷങ്ങള്‍ മറക്കാനാവാത്ത രീതിയില്‍ മനോഹരമാക്കിയിരിക്കുന്നു. നയന്‍താരയും അജിത്തും തമ്മിലുള്ള റൊമാന്റിക് കെമിസ്ട്രിയും മനോഹരമായിരിക്കുന്നു,’ ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല പറയുന്നു.