വേണ്ടത്ര വിസര്‍ജിച്ച് സ്വയം വിശുദ്ധരാകൂ’; മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തിന് ടോയ്ലറ്റ് ചിത്രത്തിലൂടെ ചുട്ട മറുപടി നല്‍കി അധ്യാപിക

39

കോഴിക്കോട്: ആവിഷ്‌കാര സ്വാതന്ത്ര്യം നടത്തിയതിന് അധ്യാപിക മിത്ര സിന്ധുവിനെതിരായ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം അതിരുകടന്നതായിരുന്നു. തെറിവിളികളിലൂടെയും അസഭ്യവര്‍ഷത്തിലൂടെയും ഒരു സ്ത്രീക്കെതിരെ നടത്തിയ ഫാന്‍സുകാരുടെ അന്തസില്ലായ്മയ്ക്കെതിരെ ചുട്ട മറുപടിയുമായെത്തിയിരിക്കുകയാണ് മിത്രസിന്ധു.

Advertisements

‘നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നത്. മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്.അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച് സ്വയം വിശുദ്ധരാകൂ’. എന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിന്ധു മറപടി നല്‍കിയിരിക്കുന്നത്. ടോയ്ലറ്റ് ചിത്രത്തിലൂടെയാണ് അധ്യാപികയുടെ കിടിലന്‍ മറുപടി എത്തിയിരിക്കുന്നത്. എല്ലാ തെറിവിളിയന്‍ മാര്‍ക്കും നല്ല നമസ്‌കാരം നേര്‍ന്നുകൊണ്ടാണ് സിന്ധുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

മിത്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഖില ലോക ഫാന്‍സ് ചങ്ങാതിമാരേ… ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്പോള്‍ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നത്! കേട്ടോളൂ ഇതാണ് തെറിയുടെ മന:ശാസ്ത്രം.. നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്..

തെറി, കേള്‍ക്കുന്നവനെയല്ല അലോസരപ്പെടുത്തുന്നത്; മറിച്ച് പറയുന്നവനെയാണെന്നറിയുക. മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്.. അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച് സ്വയം വിശുദ്ധരാകൂ… അത് സ്വന്തം ഐ.ഡി ഉപയോഗിച്ച് നിര്‍വഹിക്കാനുള്ള ആഢ്യത്വവും ധീരതയും കാണിക്കൂ.. എല്ലാ തെറിവിളിയന്‍ മാര്‍ക്കും നല്ല നമസ്‌കാരം… മിത്ര സിന്ധു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തെക്കുറിച്ച് സിന്ധു എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം.’പദ്മഭൂഷണ്‍ മോഹന്‍ലാല്‍ സ്വന്തം കാശു മുടക്കി പ്രണവ് മോഹന്‍ലാലിന്റെയും അരുണ്‍ ഗോപിയുടെയും ഈ രണ്ടാമൂഴമൊന്നു കാണണം.

എന്നിട്ട് ഈ നിഷ്‌കളങ്കനും നിര്‍മമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണം, ഇല്ലേല്‍ അന്തസ്സായി പണ്ട് പാച്ചിക്ക ചെയ്ത പോലെ ഏതേലും നല്ല സ്‌കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാന്‍ വിടണം. എന്നായിരുന്നു സിന്ധു കുറിച്ചത്. എന്നാല്‍ പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം തന്നെ കമന്റ് ബോക്സില്‍ അസഭ്യവര്‍ഷമായിരുന്നു. നീ വിട്ടോ കൂതറ ടീച്ചറെ, പ്രണവിന്റെ അഭിനയം ഞങ്ങള്‍ ഇഷ്ടപ്പെട്ടോളാം, നിന്റെ അഭിപ്രായം ഒണ്ടാക്കണ്ട എന്നിങ്ങനെയുള്ള അസഭ്യവര്‍ഷങ്ങളായിരുന്നു ഫാന്‍സിന്റെ ഭാഗത്തു നിന്നുണ്ടായത്.

എന്നാല്‍ സിനിമ പരാജയമാണെന്നും, പ്രണവിന്റെ അഭിനയം നല്ലതാണെന്നോ മോശമാണെന്നോ പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും, ആവിഷ്‌കാര സ്വാതന്ത്ര്യം തടയാന്‍ എന്തവകാശമെന്നും ചോദിച്ച് സിന്ധുവിനെ സപ്പോര്‍ട്ട് ചെയ്ത് നിരവധിപ്പേരാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

Advertisement